കേന്ദ്ര ബജറ്റും വെല്ലുവിളികളും

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യഠ മുന്നില്‍ കണ്ടുള്ള ഒരു ബഡ്ജറ്റ് ആയിരിക്കും ഈ വര്‍ഷത്തെ ബഡ്ജറ്റ്. ധനക്കമ്മിയെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവ് ബഡ്ജറ്റ് രീതികളില്‍ നിന്നും ഒരു വ്യതിയാനം ഇത്തവണത്തെ പ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ തോത്, പ്രതീക്ഷിക്കുന്ന രീതിയിലേക്ക് എത്തിക്കുവാന്‍ കൂടുതല്‍

മൂലധന നിക്ഷേപങ്ങള്‍ ആവശ്യമായ സാഹചര്യത്തില്‍, ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ 3.5 ശതമാനം ധനക്കമ്മി നിലനിര്‍ത്തു എന്ന പതിവ് പ്രയോഗികമായിരിക്കില്ല. ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആദ്യ ബഡ്ജറ്റില്‍ ഇത്തരത്തിലുള്ള ഒരു ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉചിതമായ നികുതി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ നികുതിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കൂ. വികസനം ലക്ഷ്യമിട്ട് കോര്‍പ്പറേറ്റ് നികുതിയില്‍ ഒരു മാറ്റം ഇത്തവണത്തെ ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ബഡ്ജറ്റില്‍ ഇത് 25 ശതമാനം വരെ കുറച്ചിരുന്നു. അതുപോലെ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമുള്ള നിരവധി പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി കൃത്യതയോടെയുള്ള നീക്കിയിരിപ്പിനുള്ള നടപടികള്‍ ബഡ്ജറ്റില്‍ വകയിരുത്തണം.

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന നയം ലക്ഷ്യമിട്ട് ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവിറക്കിയിരുന്നു. കാര്‍ഷിക മേഖലയിലെ നിക്ഷേപവും ഉത്പാദനവും വര്‍ദ്ധിക്കുന്നതിന് ഈ നടപടി സഹായിക്കും.

ഇന്ത്യയെ ഒരു വന്‍ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി അടുത്ത ബഡ്ജറ്റോടുകൂടി മാത്രമേ വ്യക്തമാവുകയുള്ളു.

ധനക്കമ്മി പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സജീവമാണ്. ഈ നടപടിയുടെ ലക്ഷ്യവും അടുത്ത ബഡ്ജറ്റോടു കൂടിയേ മനസ്സിലാക്കാന്‍ സാധിക്കൂ.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മിനിമം വേതനം ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ സാമ്പത്തിക നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ് ആയിരിക്കും നാളെ ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുന്നതെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ജലവിഭവം, ശുചിത്വം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ഭരണകൂടം പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. കുറഞ്ഞ വരുമാനമുള്ള ഭവനങ്ങളിലെ വനിതകള്‍ക്ക് ശുദ്ധമായ ഊര്‍ജ്ജ നല്‍കുന്നതും സ്വഗാതാര്‍ഹമാണ്.

അതേസമയം തന്നെ ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള മേഖലകളിലെ ചിലവുകളും വര്‍ദ്ധിപ്പിക്കേണ്ടതുമാണ്.

മാനവ വിഭവ രൂപീകരണത്തില്‍, പ്രത്യേകിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍, ഭരണകൂടത്തിന്റെ ഇടപെടലുകളെ ഏറെ നാളായി കാത്തിരിക്കുന്നതുമാണ്.

ദേശീയ പോഷകാഹാര പദ്ധതിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ബജറ്റില്‍ പരിഗണിക്കപ്പെട്ടേക്കും.

രാജ്യം വ്യവസായ സൗഹൃദമാക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്താനും മാറ്റങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. ഇതിന് സഹായകരമായ കാര്യങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുമെന്നും കരുതപ്പെടുന്നു.

രാജ്യത്തെ നാണ്യ നിരക്കുകളില്‍ ദേശീയ ധനനയ കമ്മറ്റി കുറവ് വരുത്തിയെങ്കിലും വാണിജ്യബാങ്കുകള്‍ ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികള്‍ കരുതലോടെ വീക്ഷിക്കേണ്ടതാണ്. കാരണം, ഈ നടപടികള്‍ ഇന്ത്യന്‍ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

രാജ്യപുരോഗതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബജറ്റില്‍, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

എല്ലാവരെയും ഉള്‍പ്പെടുത്തുക എന്നതാണ് രണ്ടാം മോദി ഗവണ്‍മെന്റിന്റെ മുദ്രാവാക്യം തന്നെ.

നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്കനുകൂലമായ നിലപാടുകള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പക്കല്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷമുള്ള ഉണര്‍വാകട്ടെ, വിപണികളില്‍ ദൃശ്യമാവുകയും ചെയ്യും.

5യു.എസ്.-ചൈന വാണിജ്യയുദ്ധം, അസംസ്‌കൃത എണ്ണ വിലയും നാണ്യപ്പെരുപ്പവുമടക്കുമുള്ള വ്യതിയാനങ്ങള്‍ തുടങ്ങിയവ ആഗോളതലത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ആഭ്യന്തര സാമ്പത്തിക പുരോഗതിയിലേയ്ക്ക് വഴിതിരിച്ചു വിടുന്നത് എങ്ങനെയെന്നാവും, ഇന്ത്യന്‍ ധനമന്ത്രിയുടെ പ്രധാന ചിന്തയും.

തയ്യാറാക്കിയത് : ഡോ. ലേഖാ എസ്. ചക്രബര്‍ത്തി
പ്രൊഫസര്‍ എന്‍.ഐ.പി.എഫ്.പി.

വിവരണം : നരേന്ദ്ര മോഹന്‍

Comments