പാകിസ്ഥാനില്‍ കരസേനാ മേധാവിയുടെ കാലാവധി നീട്ടിയതില്‍ വിവാദം
പാകിസ്ഥാനില്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ ഔദ്യോഗിക കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. ബജ്‌വ ഈ മാസം 28 ന് വിരമിക്കാനിരിക്കെ 19-ാം തീയതിയായിരുന്നു ഉത്തരവിറക്കിയത്. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച നിയമം കൊണ്ടുവരാമെന്ന ഉറപ്പിന്മേല്‍ ആറ് മാസം കാലാവധി നീട്ടി നല്‍കാനും കോടതി അനുവദിച്ചിട്ടുണ്ട്. സംഭവം പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കും നിയമയുദ്ധത്തിനും വഴിവച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആസിഫ് സയ്ദ് ഖോസയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് നിയമ-ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ പരിഗണിച്ച് ഇത്തരമൊരു വിധി പ്രസ്താവം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാലാവധി നീട്ടി നല്‍കിയതെന്ന കോടതി പരാമര്‍ശം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസിഡന്റ് ആരിഫ് ആല്‍വിക്കും നാണക്കേടായി. തീരുമാനം ആദ്യം മന്ത്രിസഭാ യോഗം ചേര്‍ന്ന് അംഗീകരിക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മാത്രമേ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. 25 മന്ത്രിമാരില്‍ 11 പേര്‍ മാത്രമേ കാലാവധി നീട്ടുന്നതിനെ അനുകൂലിക്കുന്നുള്ള...