'പുതിയൊരു മാറ്റത്തിനു സജ്ജമായി ഇന്ത്യന്‍ വ്യോമസേന'
ഫ്രാന്‍സിലെ ഡസാള്‍ട്ട് വ്യോമസേന കമ്പനിയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റഫേല്‍ യുദ്ധവിമാനങ്ങളിലെ ആദ്യവിമാനം ഇന്ത്യയിലെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ റഫേല്‍ യുദ്ധ വിമാനം സ്വീകരിക്കുന്നതിനായി രാജ്യ രക്ഷാമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ എത്തും. റാഫേല്‍ വിമാനങ്ങള്‍ പറത്തുന്നതിന് 24 ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് വിവിധ ബാച്ചുകളിലായി വ്യോമസേന പരിശീലനം നല്‍കും. അടുത്ത വര്‍ഷം മേയ് മാസത്തോടെ റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേരും. വ്യോമസേനയുടെ കാലഹരണപ്പെട്ട നൂറുകണക്കിന് മിഗ്-21 മിഗ്-23, മിഗ്-27 യുദ്ധവിമാനങ്ങളെ മാറ്റി. പുതിയവ സ്ഥാപിക്കാനുള്ള വഴികള്‍ പ്രതിരോധ വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി ആലോചിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ ഏറെ യുക്തിസഹമാണ്.
മാത്രമല്ല അയല്‍രാജ്യങ്ങളുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അതിര്‍ത്തി കടന്നുള്ള തീവ്രവാദം വര്‍ദ്ധിച്ചു വരുന്നതും പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി ഇന്ത്യയുടെ പ്രതിരോധ നയം മാതൃകാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അയല്‍ രാജ്യത്തിന്റെ ഭരണകൂട പിന്തുണയുള്ള ഭീകരത കര്‍ശനമായി ചെറുക്കുന്നതിനുള്ള സമീപനം നമ്മുടെ പ്രതിരോധ നയത്തിന്റെ കാതലായ ഒരു ഭാഗമായി മാറിയിട്ടുണ്ട്.
'ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന' നയം ആവശ്യമെങ്കില്‍ പുനര്‍ ചിന്തിക്കേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ തുടര്‍ന്നും പ്രതീക്ഷിക്കാമെന്ന സൂചനയാണ് നല്കുന്നത്. പ്രതിരോധ രംഗത്തെ പ്രത്യേകിച്ചും വായുസേനയെ കൂടുതല്‍ ശാക്തീകരിക്കാതെ വടക്കന്‍ മേഖലയില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ നേരിടാനാവില്ലെന്നും ഇന്ത്യന്‍ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിലാണ് റഫേല്‍ വിമാനങ്ങള്‍ സ്വായത്തമാക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. റഫേല്‍ യുദ്ധവിമാനങ്ങളായിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ട ഫലം ലഭിക്കുമായിരുന്നുവെന്ന് ബാലാക്കോട്ട് ആക്രമണ ശേഷം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ സേനയ്ക്ക് ഇല്ലാതിരുന്ന റാഫേലിന്റെ ശക്തിയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഫ്രഞ്ച് ഡസാള്‍ട്ട് കമ്പനിയുടെ തന്നെ ഒരു ഡസനോളം മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ബാലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ചത്.
ലോകത്തെ മുന്‍നിര യുദ്ധവിമാനങ്ങളില്‍പ്പെട്ടതാണ് റാഫേല്‍ വിമാനങ്ങള്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയുടെ എഫ്-22 റാപ്റ്റര്‍ വിമാനങ്ങള്‍ക്ക് തൊട്ടുപിന്നിലുള്ള റാഫേല്‍ അത്യാധുനിക പോര്‍ വിമാനമാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇത് ഒരു മുതല്‍ക്കൂട്ടാകും. വിലക്കുകളെ അതിജീവിച്ച് വളരെ ഉയരത്തില്‍ നിന്ന് ശത്രു സങ്കേതങ്ങള്‍ തിരിച്ചറിയാനും ആണവ ദൗത്യങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിക്കാനും കഴിയുന്ന തരത്തില്‍ സൗകര്യങ്ങളോടു കൂടിയതാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍. ശത്രു നീക്കങ്ങള്‍ സംബന്ധിച്ച് വൈമാനികര്‍ക്ക് വളരെ വേഗത്തില്‍ വിവരം കൈമാറുക, സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന 'ലേ' പോലുള്ള വ്യോമതാവളങ്ങളില്‍ നിന്ന് പറന്നുയരാനുള്ള ശേഷി മിസൈല്‍ ആക്രമണങ്ങളുടെ വ്യക്തമായ ദിശ മനസ്സിലാക്കി അവ തടയുന്നതിനുള്ള സജ്ജീകരണങ്ങളും റഫേല്‍വിമാനങ്ങള്‍ക്കുണ്ട്.
കൂടാതെ, വളരെ ദൂരെ നിന്ന് അതായത് ഏകദേശം 300 കിലോമീറ്റര്‍ അകലെ നിന്നുണ്ടാകുന്ന ഉപരിതല മിസൈല്‍ ആക്രമണങ്ങളെ വളരെ കൃത്യതയോടെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയും. വിമാനവേധ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും റഫേല്‍ വിമാനങ്ങള്‍ക്കുള്ള ശേഷി പ്രശംസനീയമാണ്. 100 കിലോമീറ്റര്‍ ദൂരത്ത് വച്ചു തന്നെ ശത്രുവിമാന സാന്നിധ്യം തിരിച്ചറിയാനാകും. നിരവധിയുദ്ധങ്ങളിലൂടെ റഫേല്‍ വിമാനങ്ങളുടെ ശത്രു സംഹാരശേഷി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
റാഫേല്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്നതോടൊപ്പം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സും ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുതല്‍കൂട്ടായി മാറും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തേജസ് സൂപ്പര്‍സോണിക് വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയുണ്ടായി. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ്, ആക്രമണങ്ങള്‍ ആയുധശേഷി, സൂക്ഷ്മത എന്നീ കാര്യങ്ങളില്‍ മികച്ച യുദ്ധവിമാനമായ തേജസ്സ് ഉടനെ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു.
പുരോഗതിയിലേക്ക് മുന്നേറുന്ന ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ സൈനിക ശേഷി കൈവരിക്കേണ്ടത് അനിവാര്യമാണ്. ആവശ്യമായ ആയുധങ്ങള്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ വ്യാവസായിക ശേഷി കൈവരിക്കാനാണ് രാജ്യം പരിശ്രമിക്കുന്നുത്. റഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ മികച്ച യുദ്ധവിമാനമാകാം. എന്നാലും ആത്യന്തിക ലക്ഷ്യം പ്രതിരോധ മേഖലയിലെ ഉല്പാദന ശേഷി ആഭ്യന്തര വ്യാവസായിക വര്‍ദ്ധിപ്പിക്കുക എന്നതു തന്നെ. ഇപ്പോള്‍ നടത്തുന്ന വാങ്ങലുകള്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉപകരണം മാത്രമാണ്.
തയ്യാറാക്കിയത് : ഉത്തമംകുമാര്‍ ബിശ്വാസ്
പ്രതിരോധ വിശകലന വിദഗ്ധന്‍
വിവരണം : അനില്‍കുമാര്‍
Comments
Post a Comment