യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള 2016 ജൂണ്‍ 23 ലെ തീരുമാനം മുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് ബ്രിട്ടണ്‍ കടന്നു പോകുന്നത്. ഡേവിഡ് കാമറൂണ്‍, തെരേസമെയ് എന്നീ പ്രധാനമന്ത്രിമാരുടെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല ഈ തീരുമാനം തകര്‍ത്തത്. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയേയും തീരുമാനം അവതാളത്തിലാക്കി. ബ്രെക്‌സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ തെരേസാ മെയ് നടത്തിയ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അംഗങ്ങള്‍ തന്നെ പരാജയപ്പെടുത്തി. തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിയുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഈ വര്‍ഷം ജൂലൈയില്‍ സ്ഥാനമേറ്റു. ബ്രക്‌സിറ്റിന് ഒക്‌ടോബര്‍ 31 ന് മുമ്പായി അംഗീകാരം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് ബ്രക്‌സിറ്റിനുള്ള സമയം മൂന്ന് മാസത്തേയ്ക്ക് കൂടി ബ്രസല്‍സില്‍ നിന്നും നീട്ടി വാങ്ങി. 2020 ജനുവരിവരെയാണ് സമയം ദീര്‍ഘിപ്പിച്ചു കിട്ടിയിട്ടുള്ളത്. ഇതിനിടയില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലേയ്ക്ക് പോകാന്‍ ബോറിസ് ജോണ്‍സണ്‍ ഒക്‌ടോബര്‍ 24 ന് തീരുമാനിക്കുകയായിരുന്നു.

യു.കെയുടെ യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയിലേയ്
ക്കുള്ള പ്രവേശനവും നാടകീയമായിരുന്നു. 1957 ലാണ് യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി രൂപീകരിക്കുന്നത്. കമ്മ്യൂണിറ്റിയില്‍ ചേരാനുള്ള ബ്രിട്ടന്റെ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡി ഗൗള്‍ നിരസിച്ചു. തുടര്‍ന്ന് 1973 ലാണ് കമ്മ്യൂണിറ്റിയില്‍ ബ്രിട്ടണ്‍ അംഗമാകുന്നത്. 1992 ലാണ് യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി, യൂറോപ്യന്‍ യൂണിയനായി മാറ്റുന്നത്. എന്നാല്‍ എല്ലാ അംഗരാഷ്ട്രങ്ങളും പൊതുനാണയവും പൊതു വിസാ സംവിധാനവും അംഗീകരിച്ചപ്പോള്‍ ബ്രിട്ടണ്‍ സ്വന്തം നാണയവും സ്വന്തം വിസ സംവിധാനവും നിലനിര്‍ത്തി. ഇത് ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കുകയാണ്.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാതാവായ ബ്രിട്ടനില്‍ ദ്വികക്ഷി രാഷ്ട്രീയമാണ് നിലവിലുണ്ടായിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയുമായിരുന്നു ഈ രാഷ്ട്രീയ കക്ഷികള്‍. താരതമ്യേന സ്ഥിരതയുള്ള ഗവണ്‍മെന്റായിരുന്നു ബ്രിട്ടനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ലിബറല്‍ ഡെമോക്രാറ്റ്‌സ്, ബ്രക്‌സിറ്റ് പാര്‍ട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, യു.കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി മുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം കൊള്ളുകയും ഇവ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. കൂടാതെ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള ആവശ്യവും ബ്രിട്ടീഷ് രാഷ്ട്രീയത്തെ പ്രവചനാതീതമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളെ നേരിട്ടു. ഇതുതന്നെ രാജ്യത്തിന്റെ രാഷ്ട്രീയ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. ബ്രക്‌സിറ്റ് രാജ്യത്തെ മാത്രമല്ല രാഷ്ട്രീയത്തെയും ജനങ്ങളെയും പലതായി വിഭജിച്ചു.
ബോറിസ് ജോണ്‍സന്റെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരു വിധത്തില്‍ ഒരു രാഷ്ട്രീയ ചൂതാട്ടമായിരുന്നു. ബ്രക്‌സിറ്റിന് അനുകൂലമായി വിധി എഴുത്തുണ്ടാവുമെന്ന ജോണ്‍സന്റെ പ്രതീക്ഷയാണ് തീരുമാനത്തിന് അടിസ്ഥാനമായത്. തെരഞ്ഞെടുപ്പിലുടനീളം ലേബര്‍ പാര്‍ട്ടി നേതാവ് ജെറേമി കോര്‍ബിനും ബോറിസ് ജോണ്‍സണും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് സത്യമാണെന്ന് തെളിയുന്ന വിധത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായിരുന്നു ജനവിധി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായുണ്ടായ ഇന്ത്യന്‍ ജനവിധിയെ ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയും യു.കെ.യും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി കൂടുതല്‍ വ്യാപാരബന്ധത്തിന് ബ്രിട്ടണ്‍ ശ്രമിക്കുന്നതായും ജോണ്‍സണ്‍ പറഞ്ഞു.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് കടക്കുന്നതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രിട്ടനിലേയ്ക്കുള്ള നിയമാനുസരണ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ വിസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാവുമെന്നും ഇന്ത്യ കരുതുന്നു.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം..........

തയ്യാറാക്കിയത് : പ്രൊഫ. ഉമ്മു സല്‍മ ബാവ,
യൂറോപ്യന്‍ സ്റ്റഡീസ് മേധാവി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല

വിവരണം : അനില്‍ കുമാര്‍. എ

Comments