ഐ.സി.സി. ലോകകപ്പ് 2019 ആരംഭിച്ചു

മാന്യന്മാരുടെ കളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് അതിന്റെ എല്ലാ പ്രതാപത്തോടും കൂടി 12-ാംമത് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഐ സി സി യാണ് ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ സംഘാടകര്‍. ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥ്യമരുളുന്നത്. 1975, 1979, 1983, 1999 ലോകകപ്പ് മത്സരങ്ങളാണ് ഇവിടെ നടന്നത്.

ലോകത്തില്‍ കുറച്ച് രാജ്യങ്ങളാണ് ക്രിക്കറ്റിനെ അംഗീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ഭൂരിഭാഗവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുന്‍ കോളനി രാജ്യങ്ങളാണെങ്കിലും വില്ലോമരക്കോലു കൊണ്ടുള്ള ഈ കളി ഇന്ന് വളരെ ജനകീയമാണ്.

കാഴ്ചക്കാരുടെയും ക്രിക്കറ്റിനെ പിന്തുടരുന്നവരുടെയും കാര്യത്തില്‍ ഫുട്‌ബോളിനും, ലോണ്‍ ടെന്നീസിനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ക്രിക്കറ്റിനായിട്ടുണ്ട്. ഉപദ്വീപീയ രാജ്യങ്ങളില്‍ പലതിലും കളിക്കാര്‍ക്ക് ഒരര്‍ഥത്തില്‍ ദൈവിക പരിവേഷമാണ് ഉളളത്. അതുകൊണ്ടുതന്നെ ഉപദ്വീപീയ രാജ്യങ്ങളിലെ ടീമുകള്‍ തമ്മിലുള്ള മത്സരവൈരം വളരെ വലുതാണ് അത് ചില സമയം ഭ്രാന്തിന്റെ അതിര്‍ വരമ്പിലെത്താറുമുണ്ട്. എങ്കില്‍ തന്നെയും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ബഹുമാനിക്കാതെ വയ്യ, കാരണം ഇവര്‍ തമ്മില്‍ കളിച്ച് നാല് ലോകകപ്പ് കിരീടങ്ങളാണ് ഉപദ്വീപീയ രാജ്യങ്ങളിലെത്തിച്ചത്.

ക്രിക്കറ്റിനൊപ്പം ലോകത്തെ ക്രിക്കറ്റ് ആരാധകരും, കളിക്കാരും ഈ അവസരത്തില്‍ പ്രശംസ അര്‍ഹിക്കുന്നു. കാരണം മുന്‍കളിക്കാരില്‍ പ്രധാനമന്ത്രി പദവും മന്ത്രിപദവും അലങ്കരിക്കുന്നവരും നിയമസഭാസമാജികരും ആയവര്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഒട്ടുമിക്ക ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലുമുണ്ട്.

2019-ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ കളി ലണ്ടനിലെ ഓവലില്‍ അരങ്ങേറി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു മത്സരം. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

പത്ത് ടീമുകളടങ്ങുന്ന ഒറ്റ ഗ്രൂപ്പായിട്ടാണ് ടൂര്‍ണ്ണമെന്റിന്റെ ഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രൂപ്പിലെ ഓരോ ടീമും മറ്റ് ഒമ്പത് ടീമുമായും കളിക്കണം. ഏറ്റവും കൂടുതല്‍ കളി ജയിക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ കടക്കും. തുല്യ പദവിയുളള ടീമുകള്‍ ഇല്ലാത്തതിനാല്‍ പത്ത് ടീം ടൂര്‍ണമെന്റ് എന്ന കളിഘടന ധാരാളം വിമര്‍ശനങ്ങള്‍ക്കും വിധേയമായിരിക്കുകയാണ്. 2017 ല്‍ ജൂണില്‍ അയര്‍ലന്റിന്റേയും അഫ്ഗാനിസ്ഥാന്റേയും വരവോടെ ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ പത്തില്‍ നിന്ന് 12 ആയി ഉയര്‍ന്നെങ്കിലും ലോകത്തെ എല്ലാ ടെസ്റ്റ് കളിക്കുന്ന ടീമുകളും ഈ കളി ഘടനയില്‍ വരുന്നില്ല. യോഗ്യത മത്സരത്തില്‍ ചില ടീമുകള്‍ പുറന്തളളപ്പെട്ടു പോയതാണ് അതിന് കാരണം. ഇതില്‍ ഏറ്റവും സങ്കടകരം ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിന് ഒരിക്കല്‍ പോലും ലോകകപ്പ് കിരീടം ചൂടാനുളള ഭാഗ്യം ലഭിച്ചില്ല എന്നുളളതാണ്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിനാണ് കൂടുതല്‍ ആരാധകര്‍ എങ്കിലും ഇന്ത്യന്‍ ടീമിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാധ്യത കല്‍പ്പിക്കുന്നത്. 1983, 2011 എന്നീ വര്‍ഷങ്ങളിലെ വിജയത്തോടെ ഇന്ത്യ രണ്ട് തവണ ലോകകപ്പ് ജേതാക്കളായി. 2003-ല്‍ റണ്ണറപ്പാവുകയും 2015-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ സെമിഫൈനലിലെത്തുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റ് ടീമുകള്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഒരു ടീമിനേയും ലാഘവത്തോടെ തളളിക്കളയാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശക്തനായ പോരാളിയും, പ്രതിഭാശാലിയുമായ വീരാട് കോലിയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍. ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് തുടങ്ങി കളിയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചവരാണ് ടീം ഇന്ത്യയിലുളളത്. 2011-ലേയും 2015-ലേയും ലോകകപ്പ് ടീമിലെ നായകനും മുതിര്‍ന്ന കളിക്കാരനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോനി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളാണ്. 2011-ല്‍ മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലെ വിജയറണ്ണായ 'സിക്‌സര്‍' ക്രിക്കറ്റ് പ്രേമികള്‍ ആരും തന്നെ മറക്കാനിടയില്ല. അന്ന് ധോനി നേടിയ ആ ബൗണ്ടറി ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുളള സമ്മാന ലോകകപ്പായിരുന്നുവെന്ന് നിസംശയം പറയാം. 2019 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യമത്സരം സതാംപ്ടണിലെ റോസ് ബൗളില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ജൂണ്‍ 9-നും 13-നും യഥാക്രമം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ന്യൂസിലാന്റിനെതിരെയുമാണ് ഇന്ത്യയുടെ തുടര്‍ന്നുളള മത്സരങ്ങള്‍. ജൂണ്‍ 16-ന് മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് പാരമ്പര്യ വൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റുകളൊക്കെയും നേരത്തെ തന്നെ വിറ്റുപോയി. ലോകകപ്പ് മത്സര വേദിയില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ലെന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഈ റെക്കാര്‍ഡാണ് ഇന്ത്യ തുടരേണ്ടതും. അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളോടും ഇന്ത്യ മത്സരിക്കും. ജൂലൈ ഒമ്പതിന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ഗ്രൂപ്പിലെ ഒന്നാമനും നാലാമനും തമ്മിലാണ് ആദ്യ സെമി, രണ്ടാമനും മൂന്നാമനും തമ്മിലാണ് രണ്ടാം സെമി ബര്‍മിങ്ഹാമിലെ എഡ്ജ് ബാസ്റ്റണില്‍ ജൂലൈ 11-നാണ് രണ്ടാം സെമി. കിരീട ജേതാക്കളാകുന്ന ടീമിന് ട്രോഫിയും നാല്‍പ്പതുലക്ഷം ഡോളറാണ് സമ്മാനത്തുക. ക്രിക്കറ്റ് പ്രേമികള്‍ സൂചിപ്പിക്കുന്നതുപോലെ ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടിലെ വേനല്‍ചൂടിനേക്കാള്‍ കാഠിന്യമുളളതാകും.

സ്‌ക്രിപ്റ്റ് : കൗശിക് റോയ്
ആകാശവാണി വാര്‍ത്താവലോകകന്‍

വിവരണം : സുഷമ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം