ഇന്തോനേഷ്യയുടെ ഭരണം വീണ്ടും ജോക്കോവിയുടെ കരങ്ങളില്‍


ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജോക്കോവി എന്ന് ജോക്കോ വിഡോഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ 17 നാണ് ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രാദേശിക ലജിസ്ലേറ്റീവ് സ്ഥാപനങ്ങളിലേക്കും പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലേക്കും ഉള്ള തെരഞ്ഞെടുപ്പ് രാഷ്ട്രപതി - ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് നടക്കുന്നത്.

ജനസംഖ്യ ഏറെയുള്ള ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പും ഏറെ സങ്കീര്‍ണ്ണമായാണ് നടക്കുന്നത്. എല്ലാ മേഖലകളിലേക്കും ഒറ്റ ദിവസം കൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. നൂറുകണക്കിന് ദ്വീപ സമൂഹങ്ങള്‍ ചേര്‍ന്നതാണ് ഇന്തോനേഷ്യ എന്ന രാഷ്ട്രം. ഇവിടങ്ങളില്‍ നിന്നുള്ള 154 മില്ല്യണ്‍ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇന്തോനേഷ്യന്‍ പൊതു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 17 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മേയ് 21 നാണ് പ്രഖ്യാപിച്ചത്.

ജനാധിപത്യരാഷ്ട്രമായ ഇന്തോനേഷ്യയില്‍ ജോക്കോവിയയുടെ വിജയം ഏറെ പ്രാധാന്യത്തോടെയാണ് കാണേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയവും മറ്റൊരു ജനാധിപത്യ രാജ്യമായ ആസ്‌ട്രേലിയയില്‍ സ്‌കോട്ട്‌മോറിസ്സന്റെ വിജയവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ തങ്ങളുടെ താല്പര്യം ബാലറ്റിലൂടെ വിനിയോഗിച്ചു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്.

മൂന്ന് രാജ്യങ്ങളിലും ഈ നേതാക്കള്‍ കഠിനമായ തെരഞ്ഞെടുപ്പ് ബലപരീക്ഷണത്തെയാണ് നേരിട്ടത്. എങ്കിലും ഇവരെല്ലാം തന്നെ കഠിന പരീക്ഷണത്തെ നേരിട്ട് അധികാരത്തില്‍ തിരിച്ചെത്തുകയാണ് ഉണ്ടായത്. ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പില്‍ 55% വോട്ടാണ് ജോക്കോവി നേടിയത്. ജോക്കോവിയുടെ എതിരാളിയും പ്രത്യേക സേനയുടെ മുന്‍ കമാന്‍ഡറുമായ പ്രബോവോ സുബിയാന്തോക്ക് 45% വോട്ടാണ് നേടാന്‍ കഴിഞ്ഞത്. പ്രബോവോ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ജോക്കോവിനെതിരായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019 ലെ ജോക്കോവിയുടെ വിജയം അദ്ദേഹത്തിന്റെ ജനപ്രീതി വിളിച്ചോതുന്നു.

നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോക്കോവിയുടെ നേതൃത്വത്തിലുള്ള ഇന്തോനേഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി 27 മില്ല്യണ്‍ വോട്ടുകള്‍ കരസ്ഥമാക്കി ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. മറ്റൊരു കക്ഷിയായ ഗരീന്ദ്രപാര്‍ട്ടി 17.6 മില്ല്യണ്‍ വോട്ടുകളാണ് നേടിയത്. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പില്‍ ജോക്കോവിയുടെ എതിരാളിയായ പ്രബോവോ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കള്ളക്കളികള്‍ നടന്നു എന്നാരോപിച്ചാണ് ഇത്. ഇതിനെ തുടര്‍ന്ന് തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. അക്രമത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 200 ലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. അക്രമസംഭവങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

അതിനിടെ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പ്രബോവോയുടെ നീക്കം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കള്ളക്കളികള്‍ നടന്നു എന്ന ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്.

പ്രസിഡന്റ് ജോക്കോവിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ഉപകരിക്കും. സുരക്ഷയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. സാമ്പത്തിക വ്യാപാര മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പു വരുത്തുന്നു. ആസിയാന്‍, ജി-20 സംഘടനകളില്‍ രണ്ടു രാജ്യങ്ങളും അംഗങ്ങളുമാണ്.

2018-ലെ ഇന്തോനേഷ്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇരുരാജ്യങ്ങളും പരസ്പര സഹകരണം ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. 20 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ വ്യാപാരമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളത്. ഇത് 2005 ഓടെ 50 ബില്ല്യണ്‍ യു.എസ് ഡോളറിന്റേതാക്കി ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തീരുമാനമായിരുന്നു.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വീണ്ടും ഭരണസാരഥ്യം ഏറ്റെടുക്കുമ്പോള്‍ വിവിധ മേഖലകളില്‍ സഹകരണം ഒന്നുകൂടി മെച്ചപ്പെടുത്താനായിരിക്കും ഇരുനേതാക്കളുടെ ശ്രമം.

സ്‌ക്രിപ്റ്റ് : ഡോ. രാഹുല്‍ മിശ്ര
തെക്കുകിഴക്കന്‍ ഏഷ്യന്‍ നയതന്ത്ര വിദഗ്ദ്ധന്‍

വിവരണം : കവിതസുനു

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം