ബിഷ്കെക്കില് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി
ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നയതന്ത്ര രംഗത്ത് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏകപക്ഷീയമായ നടപടികളും സംരക്ഷണവാദവും ആര്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും ആരോഗ്യകരമായ ബന്ധങ്ങള്‍ എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടു വച്ചു. ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം, സാഹിത്യം, സംസ്‌കാരം, ഭീകരവിമുക്ത സമൂഹം ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയില്‍ ആരോഗ്യകരമായ സഹകരണം വേണം. മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. അഫ്ഗാന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് ആ രാജ്യത്തെ സ്ഥിരതയും സമാധാനവും ഉണ്ടാകേണ്ടതെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു. മേഖലയിലെ തന്ത്രപരമായ സഹകരണത്തിന്റെ രാജ്യാന്തര ശ്രദ്ധ നേടിയ ഷാങ്ഹായ് ഉച്ചകോടി ഉഭയകക്ഷി ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ചൈനീസ് പ്രസിഡന്റ് ഖാഡിമര്‍പുചിന്‍ എന്നിവരുമായി ശ്രീ നരേന്ദ്രമോദി നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇരുവരും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു. ഇരു ലോക നേതാക്കളുമായും പ്രധാനമന്ത്രി വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. പ്രസിഡന്റ് ഷീ യുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12 തവണ ശ്രീ മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പാകിസ്ഥാനുമായി സമാധാനത്തിന് ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പാകിസ്ഥാന്റെ സഹായത്തോടെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടസ്സം സൃഷ്ടിച്ചതായി മോദി ഷീ യെ അറിയിച്ചു. സമാധാനം സാധ്യമാകണമെങ്കില്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഭീകരമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഷാങ്ഹായ് സഹകരണത്തില്‍ ഇന്ത്യയുടെ സമീപനം ഭാവാത്മകമാണ്. സാംസ്‌കാരികമായ ബന്ധങ്ങള്‍ ഇതിനു കാരണമാണ്. മധ്യേഷ്യയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വളരെയേറെ സമാനതകളുണ്ട്. ഷാങ്ഹായ് അംഗരാഷ്ട്രങ്ങളിലെ ചലച്ചിത്ര മേളകളില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മികച്ച പ്രതികരണമാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്കുണ്ടായത്. ഷാങ്ഹായ് സഹകരണത്തില്‍ കൂടുതല്‍ സംഭാവന നല്കാനും രാജ്യങ്ങളോട് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യ തയ്യാറാണെന്ന സൂചനയും ഇന്ത്യ നല്കി.
ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളില്‍ ലഹരി മരുന്നിനെതിരെയുള്ള സഹകരണത്തിന് രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ആരോഗ്യ പരിസ്ഥിതി കായിക മേഖലകളിലെ സഹകരണം സംബന്ധിച്ചും ധാരണയായി.
14 വിഷയങ്ങളില്‍ രാജ്യത്തലവന്‍മാര്‍ ധാരണ പത്രത്തില്‍ ഒപ്പു വച്ചു. ഇന്ത്യ ഷാങ്ഹായ് ഉച്ചകോടിയിലേതു കൂടാതെ ഐക്യ രാഷ്ട്രസഭാ സംഘടനകളുമായും ചില കരാറുകളില്‍ ഒപ്പു വച്ചു.
ഭീകരവാദത്തെ സംബന്ധിച്ചും യോജിച്ചുള്ള പ്രസ്താവന രാജ്യങ്ങള്‍ ഒപ്പു വച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ ഭാഷയിലുള്ള പ്രസ്താവനയാണ് രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്.
അടുത്ത ഉച്ചകോടിയുടെ നടത്തിപ്പിനെ സംബന്ധിച്ചും തീരുമാനമായി. റഷ്യയില്‍ നടക്കുന്ന ഉച്ചകോടി കൂടുതല്‍ വിപുലമായിരിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തൊണ്ണൂറോളം മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഉച്ചകോടി എന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സൈബര്‍ ഭീകരത, ഐ.ടി രംഗത്തെ സഹകരണം, രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാര്‍ഷികം എന്നിവ അജണ്ടയിലുണ്ടാകുമെന്ന സൂചന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുഡിന്‍ ഇതിനോടകം നല്കിയിട്ടുണ്ട്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അടിത്തറയായി കരുതപ്പെടുന്ന സമാധാനവും, വികസനവും ഭീകരവിമുക്ത സമൂഹവും എന്ന ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രതിബദ്ധത ഇന്ത്യ ആവര്‍ത്തിച്ചുറപ്പിച്ചു.
തയ്യാറാക്കിയത് : ഡോ. രൂപ നാരായണ്‍ ദാസ്
ചൈനകാര്യങ്ങളിലെ നയതന്ത്ര വിദഗ്ദ്ധ
വിവരണം : രഞ്ജിത്
Comments
Post a Comment