ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനം

രണ്ടാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ശ്രീ നരേന്ദ്രമോദി ഇക്കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളില്‍ കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശനം നടത്തി. ഉഭയകക്ഷി വിഷയങ്ങളെ സംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോന്‍ബേ ജിന്‍ ബെക്കോവുമായി ശ്രീ മോദി ചര്‍ച്ച നടത്തി.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായുളള ശ്രീ മോദിയുടെ കൂടിക്കാഴ്ച നയതന്ത്ര ബന്ധത്തില്‍ ഊന്നിയുളളതായിരുന്നു. 2019 മേയ് 30-ന് ശ്രീ മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നടന്ന ഷാന്‍ഹായി സഹകരണ ഉച്ചകോടിയ്ക്കിടെ ഇരു രാജ്യനേതാക്കളും ചേര്‍ന്ന് ആദ്യ-ഇന്ത്യാ കിര്‍ഗിസ് ബിസിനസ് ഫോറം യോഗത്തേയും അഭിസംബോധന ചെയ്തു. ഈ യോഗവും വന്‍ വിജയമായിരുന്നു ഒപ്പം ഇരു രാജ്യങ്ങളേയും സംബന്ധിച്ച് നാഴികക്കല്ലുമായിരുന്നു.

ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിനും ഇരുരാജ്യങ്ങളും തമ്മിലുളള നിക്ഷേപ ഉടമ്പടിയ്ക്കും ഇന്ത്യയും കിര്‍ഗിസ്ഥാനും അന്തിമരൂപം നല്‍കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര നിക്ഷേപ കാര്യങ്ങളില്‍ അനുകൂലാന്തരീക്ഷം രൂപപ്പെടാന്‍ കാരണമായേക്കും. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേയ്ക്കുളള റോഡ് മാപ്പ് തയ്യാറാക്കുന്നതിനും ഈ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി സഹായകമാകും. 2016-17 കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 24.98 ദശലക്ഷം യു.എസ് ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. കിര്‍ഗിസ്ഥാനിലേയ്ക്കുളള ഇന്ത്യന്‍ കയറ്റുമതി 22.66 ദശലക്ഷം യു.എസ് ഡോളറിന്റേതാണ് കിര്‍ഗിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്കുളള ഇറക്കുമതി 2.32 ദശലക്ഷം യു.എസ് ഡോളറിന്റേതായിരുന്നു. ഇതിലൂടെ വ്യാപാരം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്.

ന്യൂഡല്‍ഹിയും ബിഷ്‌ക്കേക്കും തമ്മിലുളള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇറാനിലെ ചാബഹാര്‍ തുറമുഖം വലിയ സൗകര്യമാകുമെന്ന് ഇരു രാജ്യ നേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര വാണിജ്യം വേഗത്തിലാകുന്നതിനായി അന്താരാഷ്ട്ര തെക്ക്-വടക്ക് ഇടനാഴി നിര്‍മ്മാണത്തിനായി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യ-കിര്‍ഗിസ്ഥാന്‍ സംയുക്ത ഉച്ചകോടിയില്‍ ഇന്ത്യന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കിര്‍ഗിസ്ഥാന്‍ സംരംഭകരെ ശ്രീമോദി ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. 'വ്യാപാരകൈമാറ്റം, ഇതിനായുളള പാരസ്പര്യവും അന്തരിക്ഷവും' ഈ വിഷയങ്ങള്‍ക്കാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ ശ്രീ മോദി ഊന്നല്‍ നല്‍കിയത്.

മലന്തേന്‍, വാല്‍നട്‌സ്, പാല്‍ ഉല്പന്നങ്ങള്‍, തുണിവ്യവസായം, റെയില്‍വേ, ജലവൈദ്യുത പദ്ധതി തുടങ്ങി മേഖലകളില്‍ കിര്‍ഗിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്ന കാര്യം യോഗത്തില്‍ ശ്രീ മോദി മുന്നോട്ടു വച്ചു. അതോടൊപ്പം കിര്‍ഗിസ്ഥാന്‍ വ്യാപാര പ്രമുഖരെ ശ്രീ മോദി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സ്വാഗതം ചെയ്തു. വ്യാപാര നിക്ഷേപത്തിന്റെ അഭിവ്യദ്ധിയ്ക്കായി നല്ല സഹകരണത്തിനുവേണ്ടി ഇരട്ട നികുതി ഒഴിവാക്കല്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ യോഗത്തില്‍ ഇന്ത്യ മുന്നോട്ടുവച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യു.എസ് ഡോളറിന്റെ വ്യാപാരം കിര്‍ഗിസ്ഥാനുമായി പങ്കിടുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും നവസംരംഭകര്‍ക്കും കൂടുതല്‍ കഴിയുമെന്നും ശ്രീ മോദി പറഞ്ഞു.

സാമ്പത്തിക സ്ഥിതിയിലുളള വളര്‍ച്ചയും സാങ്കേതികതയിലുളള മികവും കൈമുതലായുളള ഇന്ത്യയ്ക്ക് കിര്‍ഗിസ്ഥാന്റെ വികസനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കിര്‍ഗിസ്ഥാനുമായുളള ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി ഇന്ത്യയുടെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വ്യാപാര സാമ്പത്തിക വളര്‍ച്ചയെ ലക്ഷ്യമിടുന്നതോടൊപ്പം ഇരു രാജ്യങ്ങളുടേയും വളര്‍ച്ചയ്ക്കുകൂടി കാരണമായേക്കും.

തങ്ങളുടെ ലക്ഷ്യം അഞ്ച് മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ പങ്കുവച്ചു. അതോടൊപ്പം ഈ രാജ്യങ്ങളുടെ പുരോഗതിയ്ക്കായി ഉഭയകക്ഷി വ്യാപാര-നിക്ഷേപം സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തേയും ഇന്ത്യ വ്യക്തമാക്കി. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ ഇന്ത്യ 'നമസ്‌കാര്‍ യുറേഷ്യ' എന്ന പേരില്‍ വിപണനമേള സംഘടിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയും മദ്ധ്യേഷ്യയും തമ്മിലുളള വ്യാപാരം സുഗമമാക്കുകയാണ് ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നത്. കിര്‍ഗിസ്ഥാന്‍ ഉള്‍പ്പെടെ അഞ്ച് മദ്ധ്യേഷ്യന്‍ രാജ്യങ്ങളും യുറേഷ്യന്‍ ഇക്കണോമിക് യൂണിയനിലുളള അംഗത്വവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്.

പ്രതിരോധ-വ്യാപാര-നിക്ഷേപ-ആരോഗ്യ മേഖലകളില്‍ ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മില്‍ 15 കരാറുകളില്‍ ഒപ്പുവച്ചു. നയതന്ത്ര സൗഹൃദം ഊട്ടിയുറപ്പിക്കുന്ന കരാറിലും ഒപ്പുവച്ചതായി സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും വ്യക്തമാക്കി. കിര്‍ഗിസ്ഥാന്റെ വികസന പദ്ധതിക്ക് സാമ്പത്തിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു. '2021' സാംസ്‌കാരിക-സൗഹൃദ വര്‍ഷമായി ഇരു രാജ്യങ്ങളും ആചരിക്കാനും ഉഭയകക്ഷി യോഗത്തില്‍ ധാരണയായി. ചുരുക്കത്തില്‍ ശ്രീ നരേന്ദ്രമോദിയുടെ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നു.


സ്‌ക്രിപ്റ്റ് : ഡോ.ഇന്ദ്രാണി തലുക്ദാര്‍

റഷ്യ സി.ഐ.എസ് നയതന്ത്ര അവലോകന വിദഗ്ധ

വിവരണം : കവിത

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം