പേര്‍ഷ്യന്‍ ഗള്‍ഫിലെ സൈനിക ഒരുക്കം
തയ്യാറാക്കിയത് : ഡോ. മൊഹമ്മദ് മുദാസ്സിര്‍ ഖമന്‍ നയതന്ത്ര വിശകലന വിദഗ്ധന്‍
വിവരണം : കവിത സുനു പേര്‍ഷ്യന്‍ ഗള്‍ഫിലെ സുരക്ഷ ശക്തമാക്കാന്‍ 1000 സൈനികരെ കൂടുതലായി അയയ്ക്കുമെന്ന് യു എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഗള്‍ഫ് ഓഫ് ഒമാനില്‍ രണ്ടു എണ്ണടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് നടപടി. 2018 മെയില്‍ ഇറാന്‍ ആണവകരാറില്‍ നിന്നും പിന്‍മാറാനുള്ള യു എസ് തീരുമാനത്തെ തുടര്‍ന്ന് പ്രദേശത്ത് തീവ്രമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനു നടുവിലാണ് ഈ സംഭവങ്ങള്‍ ഉടലെടുക്കുന്നത്. കൂടാതെ ഇറാനുമേല്‍ യു എസ് വീണ്ടും സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുകയും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ നിന്നുള്ള ഇളവ് കഴിഞ്ഞ മാസം നീക്കുകയും ചെയ്തു. ഇതിനുപുറമേ പുതുതായി കൂടുതല്‍ ഉപരോധ നടപടികള്‍ കൊണ്ടുവരാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ആണവകരാറില്‍ ഒപ്പുവച്ച യു.കെ., ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധത്തില്‍ ഇളവുവരുത്താന്‍ കൂടുതല്‍ നടപടികളെടുക്കണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം കരാര്‍ പിന്‍വലിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കുന്നു. ഇതാണ് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യു എസിനെ പ്രേരിപ്പിച്ചത്. ഗള്‍ഫ് ഓഫ് ഒമാനിലെ ടാങ്കര്‍ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ തറപ്പിച്ചു പറയുന്നു. അതേസമയം, യു എസ്സും സൗദി അറേബ്യയും ഇതിന് ഉത്തരവാദി ഇറാന്‍ തന്നെയാണെന്ന് കുറ്റപ്പെടുത്തുന്നു. മെയില്‍ ഫുജൈറയിലെ ഉള്‍ക്കടലില്‍ നാല് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനെ അവര്‍ ഉത്തരവാദിയാക്കി. യെമനിലുള്ള ഹൗതി വിമതരുടെ ആക്രമണവും സൗദി നേരിട്ടു. ഇതിനെതിരെ സൗദി നയിക്കുന്ന കൂട്ടായ്മ വളരെ നാളായി സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മേയ് മാസം ഒരു സൗദി-അരാംകോ എണ്ണ പൈപ്പ്‌ലൈന്‍ ഡ്രോണ്‍ ആക്രമണത്തിനിരയായിരുന്നു. കഴിഞ്ഞയാഴ്ച, തെക്കന്‍ നജ്‌രന്‍ പ്രവിശ്യയിലെ അഭ വിമാനത്താവളത്തില്‍ നടത്തിയ ഹൗതി മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാജ്യത്തിനകത്ത് ഹൗതി വിമതര്‍ക്ക് ആക്രമണങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ ഇറാനെ കുറ്റപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇറാനിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ നോക്കിക്കാണാന്‍. എന്നാല്‍ ഇറാന്റെ ശത്രുതാപരമായ പെരുമാറ്റത്തിന് പ്രതികരണമായാണ് ഇറാനിലെ അധികസേനാ വിന്യാസമെന്ന് അമേരിക്കന്‍ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹന്‍ പറഞ്ഞു. ഇറാനുമായി അമേരിക്ക ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ സൈനീകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധിക സേനാവിന്യാസം അത്യന്താപേക്ഷിതമാണെന്ന് അമേരിക്ക കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം തന്നെ പ്രധാനപ്പെട്ട സംഭവവികാസങ്ങളാണ്. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇവ ഉണ്ടാകുന്നത്. മറ്റ് ആഗോള ശക്തികളായ റഷ്യ, ചൈന, ഫ്രാന്‍സ്, യു.കെ., ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഈ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിലും ഈ ദിശയില്‍ എന്തെങ്കിലും നടപടികള്‍ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടു. അടുത്തിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഇറാനിലേയ്ക്ക് നടത്തിയ സന്ദര്‍ശനം മേഖലയുടെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ സൃഷ്ടിപരമായ പങ്ക് വഹിക്കാന്‍ ഇറാനെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇറാന്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ഇറാന്‍ വിസമ്മതിച്ചു. സൈനീക നടപടികള്‍ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള അവകാശവും കഴിവും തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ അവകാശപ്പെടുന്നു. അടുത്തിടെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുണ്ടായ അമേരിക്കന്‍ നടപടിയെ റഷ്യയും ചൈനയും വിമര്‍ശിച്ചു. ഇറാന്‍ ഒറ്റയ്ക്കല്ലെന്നും ഇറാന്റെ മേലുള്ള സംഘര്‍ഷ തീവ്രത ഉയരുന്നത് വ്യാപകമായ പ്രാദേശിക സംഘര്‍ഷം ഉണ്ടാക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിലെ ഉയരുന്ന സംഘര്‍ഷാവസ്ഥ ആകുലതയുളവാക്കുന്നു. ഊര്‍ജ്ജസുരക്ഷ മാത്രമല്ല, ഗള്‍ഫിലുള്ള 8.5 മില്ല്യണിലധികം വരുന്ന പൗരന്മാരുടെ ജനക്ഷേമവും ന്യൂഡല്‍ഹിയുടെ നിര്‍ണ്ണായക താല്‍പ്പര്യങ്ങളിലുണ്ട്. ഇന്ത്യയ്ക്ക് പ്രാദേശിക രാജ്യങ്ങളുമായി ശക്തമായ നയതന്ത്ര, രാഷ്ട്രീയ, വ്യാപാര ബന്ധങ്ങളാണുള്ളത്. ഇറാനും സൗദി അറേബ്യയുമായി ന്യൂഡല്‍ഹിയ്ക്ക് നല്ല ബന്ധമാണുള്ളത്. അടുത്തിടെ ഇരുരാജ്യങ്ങളും ഇന്ത്യയില്‍ ദൂതന്മാരെ അയച്ചിരുന്നു. നിലവിലെ ശത്രുതാനിലപാടുകള്‍ മാറ്റാന്‍ തല്‍പ്പരകക്ഷികള്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൂടിയോലോചന നടത്തി പരിഹാരം കാണുന്നതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
Comments
Post a Comment