ഒസാക്കയില്‍ ബ്രിക്‌സ് നേതാക്കളുടെ അനൗദ്യോഗിക സമ്മേളനം

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ബൊല്‍, സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷം വഹിക്കുന്ന ജപ്പാനെ അനുമോദിച്ചു. വ്യാപാരം, ശാസ്ത്ര സാങ്കേതിക ആവിഷ്‌ക്കാരം, അടിസ്ഥാന സൗകര്യം, കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യ പരിപാലനം, വര്‍ദ്ധിച്ചു വരുന്ന വാര്‍ദ്ധക്യ ജനസംഖ്യ, സുസ്ഥിര വികസനം എന്നീ വിഷയങ്ങള്‍ക്ക് ജപ്പാന്‍ നല്‍കുന്ന മുന്‍ഗണനയും അവര്‍ അഭിനന്ദിച്ചു. ലോക സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്നും 2020 ഓടുകൂടി അത് മുന്നേറാന്‍ സാധ്യതയുണ്ടെന്നും ബ്രിക്‌സ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എങ്കിലും വ്യാപാരത്തിലുള്ള ഉണര്‍വ്, ഭൗമശാസ്ത്രപരമായും രാഷ്ട്രീയപരമായും ഉള്ള സമ്മര്‍ദ്ദം, വ്യാപാര ചരക്കു വിലവര്‍ദ്ധന, തുടങ്ങിയ പല ഘടകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗതി അനിശ്ചിതത്വത്തിലാക്കുന്നു. ആഗോള വ്യാപാരത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ ആഗോള സാമ്പത്തിക പരിതസ്ഥിതിയുടെ പ്രാധാന്യവും ബ്രിക്‌സ് നേതാക്കള്‍ ഊന്നിപറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദമായി ആഗോള വളര്‍ച്ചയുടെ പ്രധാന സാരഥികള്‍ ബ്രിക്‌സ് രാജ്യങ്ങളാണ്. 2030 ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പകുതിയിലധികം പങ്കും ബ്രിക്‌സ് രാജ്യങ്ങളുടേതായിരിക്കും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ച്ചയായുള്ള ഘടനപരമായ പരിഷ്‌ക്കാരങ്ങള്‍ ബ്രിക്‌സിന്റെ വളര്‍ച്ചാസാധ്യത വര്‍ദ്ധിപ്പിക്കും. തുറന്ന വിപണി, ശക്തമായ സാമ്പത്തിക മുന്നേറ്റം, സാമ്പത്തിക ഭദ്രത, മികച്ച രീതിയില്‍ രൂപവല്‍ക്കരിച്ചിട്ടുള്ള സ്ഥൂല സാമ്പത്തിക നയങ്ങള്‍, പൊതു സ്വകാര്യ പങ്കാലിത്ത സഹകരണം എന്നിവയുടെ പ്രാധാന്യവും ബ്രിക്‌സ് നേതൃത്വം അംഗീകരിച്ചു. സുതാര്യവും വിവേചനരഹിതവും തുറന്നതും സ്വതന്ത്രവുമായ ആഗോള വ്യാപാരം എന്നിവ നടപ്പിലാക്കാന്‍ ബ്രിക്‌സ് പ്രതിജ്ഞാബദ്ധമാണ്. സംരക്ഷണവാദം, ഏകപക്ഷീയവാദം എന്നിവ ലോകാരോഗ്യ സംഘടനയുടെ ഇച്ഛാശക്തിക്കും പ്രമാണങ്ങള്‍ക്കു വിരുദ്ധമായുള്ളതാണ്. സംഘടനയുടെ മൂല്യങ്ങളും തത്വങ്ങളും കാത്തു സൂക്ഷിക്കുന്നവതാവണം ഏതൊരു പരിഷ്‌കാരവും. ഉടമ്പടി അജന്‍ഡ സന്തുലിതമായിരിക്കണം. അതു ചര്‍ച്ച ചെയ്യേണ്ടത് സ്വതന്ത്രവും സുതാര്യവും എല്ലാ ഉള്‍ക്കൊള്ളുന്നതുമായ രീതിയിലാകണം.

അടിസ്ഥാന സൗകര്യത്തിനുള്ള സാമ്പത്തിക സഹായം നല്കുന്നതിലും സുസ്ഥിര വികസനത്തിലുമുള്ള ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ പങ്ക് ബ്രിക്‌സ് രാജ്യങ്ങള്‍ അഭിനന്ദിച്ചു. ശക്തവും സന്തുലിതവും ഉന്നത ഗുണനിലവാരവമുള്ളതുമായ പദ്ധതികള്‍ക്കു വേണ്ടി തുടര്‍ച്ചയായ മികച്ച രീതിയിലുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. അംഗരാഷ്ട്രങ്ങളിലെ പൂര്‍ത്തിയാകാത്ത അടിസ്ഥാന സൗകര്യ സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യവും രാഷ്ട്രത്തലവന്മാര്‍ ഊന്നിപ്പറഞ്ഞു. പ്രാദേശിക ഓഫീസുകളിലൂടെ എന്‍.ഡി.ബി ശക്തിപ്പെടുത്തണം.

ഭീകരപ്രവര്‍ത്തനത്തിന്റെ എല്ലാത്തരം രൂപങ്ങളേയും അതില്‍ ഭാഗമാകുന്നവരേയും ബ്രിക്‌സ് രാഷ്ട്രത്തലവന്മാര്‍ ശക്തിയായി അപലപിച്ചു. ബ്രിക്‌സ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ നേര്‍ക്ക് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ തടയേണ്ടതാണെന്നും രാഷ്ട്രതലവന്‍മാര്‍ ഓര്‍മ്മിപ്പിച്ചു. ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര നിയമം അടിസ്ഥാനമാക്കി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക രാജ്യങ്ങളുടെ ഒരുമിച്ചുള്ള പരിശ്രമം ഇക്കാര്യത്തില്‍ രാഷ്ട്രത്തലവന്മാര്‍ അഭ്യര്‍ത്ഥിച്ചു. അവരവരുടെ ഭരണപ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തന ശൃംഖലയുടേയും ഭീകരപ്രവര്‍ത്തകര്‍ക്കുള്ള സാമ്പത്തിക സഹായവും തടയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓരോ രാജ്യങ്ങളുടേയും കടമയാണെന്നും നേതാക്കന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

ഹരിത വാതകങ്ങളുടെ പുറംതള്ളല്‍ തടയുന്നതിനും അവ കുറയ്ക്കുന്നതിനുമായി കൂടുതല്‍ ഫലപ്രദമായ ഊര്‍ജ്ജോല്‍പാദന സംവിധാനങ്ങളിലേയ്ക്കുള്ള മാറ്റം ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ തിരിച്ചറിയുകയും ഇതിനുവേണ്ടിയുള്ള സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. അതേസമയം ഊര്‍ജ്ജ സുരക്ഷ, ഊര്‍ജ്ജോല്‍പാദനം, സുസ്ഥിരവും താങ്ങാനാവുന്നതുമായ ഊര്‍ജ്ജം ഉറപ്പാക്കുകയും വേണം. പാരീസ് ഉടമ്പടി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ എല്ലാ ബ്രിക്‌സ് രാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധമാണ്. വിവിധ രാഷ്ട്രങ്ങളുടെ സഹായവും കഴിവും കര്‍ത്തവ്യവും അടിസ്ഥാനമാക്കി യു.എന്‍.എഫ്.സി.സി.സി തയ്യാറാക്കിയതാണ് പാരീസ് ഉടമ്പടി. ഈ വര്‍ഷം സെപ്തംബറില്‍ നടക്കുന്ന യു.എന്നിന്റെ കാലാവസ്ഥാ ഉച്ചകോടി ശുഭസൂചകമായ കാര്യങ്ങള്‍ നല്‍കുമെന്നും രാഷ്ട്രസംഘം വിശ്വസിക്കുന്നു.

ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടി ബ്രസീലിലെ ബ്രസീലിയായിലാണ് നടക്കുന്നത്. സാമ്പത്തിക വളര്‍ച്ച നൂതന ഭാവിയ്ക്ക് എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം. വികസനത്തിന്റെ പുറകിലെ ചാലക ശക്തി പുതിയ കണ്ടെത്തലാണെന്ന് തിരിച്ചറിവിലാണ് രാഷ്ട്ര സംഘത്തിനുള്ളത്. പുത്തന്‍ സാങ്കേതിക വിദ്യകളുടേയും ഡിജിറ്റലൈസേഷന്റേയും ആനുകൂല്യം പരമാവധി ഉറപ്പിക്കാനും നേതാക്കന്മാര്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റിന്റെ നല്ല വശം പ്രയോജനപ്പെടുത്തി കൂട്ടായ പരിശ്രമത്തിലൂടെ ദാരിദ്രനിര്‍മ്മാജ്ജനവും ബ്രിക്‌സ് രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വ്യാവസായിക മേഖലകള്‍ സാങ്കേതികയിലേക്കുള്ള മാറ്റവും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തണം. അംഗരാജ്യങ്ങള്‍ തമ്മില്‍ ശാസ്ത്രം, സാങ്കേതികത, പുത്തന്‍ കണ്ടെത്തല്‍, സംരംഭകത്വം എന്നീ മേഖലകളിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രധാന്യവും നേതാക്കന്മാര്‍ ചൂണ്ടിക്കാട്ടി. പുതിയ വ്യാവസായിക വിപ്ലവം, ബ്രിക്‌സ് ശൃംഖല, ബ്രിക്‌സിന്റെ ഭാവി ശൃംഖലാ സ്ഥാപനം, യുവജന ശാസ്ത്രസമിതി എന്നീ രംഗങ്ങളിലുള്ള സഹകരണവും ബ്രിക്‌സ് രാജ്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും രാഷ്ട്രത്തലവന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

തയ്യാറാക്കിയത് : പദം സിങ്,
ആകാശവാണി വാര്‍ത്താ വിശകലന വിദഗ്ദ്ധന്‍

വിവരണം : ദീപു.എസ്.എല്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം