വിഷയം: പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി.

ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണിപ്പോള്‍.  അനിയന്ത്രിതമായി കുതിച്ചുയരുന്ന പണപ്പെരുപ്പം, പൊതുവെ മോശമായിട്ടുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ താളം തെറ്റിക്കുന്നു.  നിലവിലെ സ്ഥിതിയില്‍ പണപ്പെരുപ്പം രണ്ടക്കം കടക്കുമെന്നാണ് വിലയിരുത്തല്‍.  ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരവും കുതിച്ചുയരുന്നതാണ് ഇതിന് കാരണം.  ഇത് മറ്റ് സാധങ്ങളുടെ വിലയിലും സ്വാധീനം ചെലുത്തുന്നു.
പാകിസ്ഥാന്റെ ഇറക്കുമതി വര്‍ദ്ധിക്കുകയും വിദേശനാണയ കരുതല്‍ എട്ട് ബില്ല്യണ്‍ ഡോളറായി കൂപ്പുകുത്തുകയും ചെയ്തിരിക്കുകയാണ്.  ഇത് അടുത്ത രണ്ടുമാസക്കാലത്തേയ്ക്കുള്ള വിനിമയാവശ്യങ്ങള്‍ക്കു മാത്രമേ മതിയാവുകയുള്ളു.  അമേരിക്കന്‍ ഡോളറുമായുള്ള പാകിസ്ഥാന്‍ രൂപയുടെ വിനിമയ മൂല്യം ഒരു ഡോളറിന് 150 രൂപയായി കുറഞ്ഞു.  കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാകിസ്ഥാന്‍രൂപയുടെ മൂല്യത്തില്‍ 20 മടങ്ങാണ് കുറവ് രേഖപ്പെടുത്തിയത്.  ഇക്കാലയളവില്‍ രൂപയുടെ മൂല്യത്തില്‍ ഏകദേശം 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
പാകിസ്ഥാന്‍ രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ ഭൂരിഭാഗവും മറ്റ് അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉയര്‍ന്ന പണപ്പെരുപ്പം ജനങ്ങളുടെ വരുമാനം പകുതി കണ്ട് കുറയ്ക്കുന്നതിന് ഇടയാക്കി.  ഇത് വന്‍ ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്.  പെഷവാറിലും മറ്റ് പല സ്ഥലങ്ങളിലും ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയത് ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധമാണ്.  അധികാരത്തിലേറുമ്പോള്‍ ഇമ്രാന്‍ ഖാന്‍ ജങ്ങള്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്കിയിരുന്നു.  തൊഴില്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഇസ്ലാമിക് ക്ഷേമരാഷ്ട്രം എന്നിവ ഉള്‍പ്പെടെയുള്ള മോഹന വാഗ്ദാനങ്ങളായിരുന്നു ഇമ്രാന്‍ ഖാന്‍ നല്കിയിരുന്നത്.
ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനുള്ള പാകിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഒട്ടും ഫലപ്രദമല്ല.  മോശം സാമ്പത്തിക സ്ഥിതിയെ തുടര്‍ന്ന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് സാമ്പത്തിക പാക്കേജ് നേടിയെടുത്തിട്ടും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാന്‍ ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുകയാണ്.
കര്‍ശനമായ വ്യവസ്ഥകളോടെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പാകിസ്ഥാന് ആറ് ബില്ല്യണ്‍ ഡോളറിന്റെ വായ്പ നല്‍കാമെന്ന് അന്താരാഷ്ട്ര നാണയനിധി സമ്മതം മൂളിയിരിക്കുകയാണ്.  ഐ.എം.എഫിന്റെ നിബന്ധനകള്‍ പാലിക്കണമെങ്കില്‍ പാകിസ്ഥാന്‍ അടുത്ത ബജറ്റില്‍ വരുമാനം 40 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.  ഇതിനര്‍ത്ഥം, നികുതി നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തേണ്ടിവരും എന്നുതന്നെയാണ്.  ഇത് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കും.  പരമ്പരാഗത സുഹൃദ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ. എന്നിവരും ചൈനയും നല്കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പോലും പാകിസ്ഥാന്റെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല.  എന്നിരുന്നാലും  സൗദി അറേബ്യയും, യു.എ.ഇ.യും, പാകിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും, വായ്പാടിസ്ഥാനത്തില്‍ കാലപരിധി ഇല്ലാതെ ഇന്ധനം നല്‍കാമെന്നും വാഗ്ദാനം നല്‍കുന്നു.
പാകിസ്ഥാന് ഐ.എം.എഫ് വായ്പ അനുവദിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുകയാണ്.  പാകിസ്ഥാന്‍-ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുടെ വായ്പ തിരിച്ചടവിനുള്ള പാകിസ്ഥാന്റെ ഒരു തന്ത്രമാണ് ഐ.എം.എഫിന്റെ വായ്പയെന്ന് അമേരിക്ക കരുതുന്നു.  പദ്ധതി ചൈനയുടെ സാമ്പത്തിക താല്പര്യം മാത്രമാണെന്നാണ് അമേരിക്കയുടെ കാഴ്ചപ്പാട്.  ഐ.എം.എഫിന്റെയും, ചൈനയുടേയും കടുത്ത നിബന്ധനകള്‍ക്ക് വഴങ്ങിയ പാകിസ്ഥാന്‍ രാജ്യത്തെ പണയപ്പെടുത്തിയിരിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നു.
പാരീസ് ആസ്ഥാനമായുള്ള, ഭീകര ഫണ്ടിംഗ് നിരീക്ഷിക്കുന്ന കര്‍മ്മസമിതിയായ FATF പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇക്കാരണത്താല്‍ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും പാകിസ്ഥാന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കാനിടയില്ല.  ആറ് ബില്ല്യണ്‍ ഡോളറിന്റെ സഹായം നല്കാമെന്ന് പറയുന്ന അന്താരാഷ്ട്ര നാണയനിധി ഈ വര്‍ഷം പാകിസ്ഥാന്റെ വളര്‍ച്ചാ നിരക്ക് 2.8 ശതമാനമായിരിക്കുമെന്നും വ്യക്തമാക്കുന്നു.  ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദന വളര്‍ച്ചാനിരക്ക് 7.6 ശതമാനം ആയിരിക്കുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.  നേപ്പാളിന് അഞ്ച് ശതമാനവും, ബംഗ്ലാദേശിന് 7.5 ശതമാനവും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ഐ.എം.എഫ്. വിലയിരുത്തുന്നു.  അങ്ങനെ നോക്കുമ്പോള്‍ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് പാകിസ്ഥാന്റേതെന്ന് മനസ്സിലാക്കാം.
സമ്പദ്‌വ്യവസ്ഥ തിരിച്ചു പിടിക്കുന്നത് പാകിസ്ഥാന്‍ ഗവണ്‍മെന്റിന് ഇപ്പോള്‍ ബാലികേറാമല പോലെയായിരിക്കുകയാണ്.  പ്രകൃതി പോലും പാകിസ്ഥാന്റെ പക്ഷത്തല്ല എന്ന കാര്യവും വ്യക്തമാണ്.  താര്‍ മേഖലയിലെ കൊടും വരള്‍ച്ച കഴിഞ്ഞ നാല് വര്‍ഷമായി അതേപടി തുടരുകയാണ്.  ഇതുമൂലം സിന്ധ് പ്രവിശ്യയിലെ ഭക്ഷ്യോല്പാദനം ഗണ്യമായി കുറഞ്ഞു. 
'സ്വയം സൃഷ്ടിച്ച വിനാശങ്ങളാണ് ഇവയെല്ലാം' എന്നാണ് പാക് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഇംദാദ് സഫര്‍ പറയുന്നത്.  ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും രാജ്യപുരോഗതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വര്‍ഷങ്ങളായി ലോക രാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയാണ്.  എന്നാല്‍ കാര്‍ഷിക, വ്യാവസായിക, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലയില്‍ രാജ്യം പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഭീകരതയെ രാജ്യതന്ത്രമാക്കി മാറ്റാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാകിസ്ഥാന്‍.   

തയ്യാറാക്കിയത്   :  അശോക് ഹാന്‍ഡൂ                               
                                        രാഷ്ട്രീയ വിമര്‍ശകന്‍

വിവരണം  :  അനില്‍കുമാര്‍ എ.  

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.