അഞ്ചാമത് C.I.C.A ഉച്ചകോടിയും ഇന്ത്യയും
ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം സംബന്ധിച്ചും മേഖലയിലെ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായും രൂപീകരിച്ച സി ഐ സി എ - സിക്കയുടെ അഞ്ചാമത് ഉച്ചകോടി കഴിഞ്ഞ വാരാന്ത്യത്തില്‍ താജിക്കിസ്ഥാനില്‍ നടന്നു. കസാഖ്സ്ഥാന്‍ മുന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവിനെയാണ് സിക്കയുടെ സ്ഥാപക നേതാവായി കരുതുന്നത്. 1992 ല്‍ യു എന്‍ പൊതുസഭയില്‍ ശ്രീ നസര്‍ബയേവയാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ആശയം അവതരിപ്പിച്ചത്. മുപ്പതോളം ഏഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സിക്കയുടെ ആസ്ഥാനം കസാഖിസ്ഥാന്‍ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലാണ്.
2002 ല്‍ കസാഖ്സ്ഥാനിലെ അല്‍മാട്ടിയിലാണ് സിക്കയുടെ ആദ്യ ഉച്ചകോടതി നടന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം ദൃഢമാക്കി മേഖലയിലെ സമാധാനാന്തരീക്ഷവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് സിക്ക പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ പ്രദേശത്തെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുളള അഞ്ച് ഘട്ടങ്ങളിലായുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പുതിയ വെല്ലുവിളികളും ഭീഷണികളും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടുക, മേഖലയിലെ സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം, പരിസ്ഥിതി, മാനവശേഷി, സൈനിക-രാഷ്ട്രീയ സംബന്ധമായ വിഷയങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മേഖലയിലെ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യയാണ് പദ്ധതിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കുന്നത്.
നാല് വര്‍ഷം കൂടുമ്പോഴാണ് സിക്ക ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച താജിക്കിസ്ഥാനില്‍ നടന്ന അഞ്ചാമത് ഉച്ചകോടിയുടെ പ്രതിപാദ വിഷയം സിക്ക മേഖലയുടെ അഭിവൃദ്ദിക്കായി കൂട്ടായ കാഴ്ചപ്പാട് എന്നതായിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറാണ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
സിക്കയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ വളരെ ഊര്‍ജ്ജിതമായാണ് പങ്കെടുക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെയും ആവശ്യങ്ങളെയും കണ്ടറിഞ്ഞ് പടിപടിയായി സിക്ക വികാസം പ്രാപിക്കണമെന്നാണ് ഇന്ത്യയുടെ താല്‍പര്യം. സിക്കയുടെ അഞ്ചാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ വിദേശകാര്യമന്ത്രി ഡോക്ടര്‍. ജയശങ്കര്‍ ഇക്കാര്യം അടിവരയിടുകയും ചെയ്തു. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ നൂറ്റാണ്ടായാണ് പരിഗണിക്കപ്പെടുന്നതെന്നും മേഖലയില്‍ സമാധാനവും സുരക്ഷയും വികസനവും സാധ്യമാകുന്നതില്‍ സിക്കയ്ക്ക് സൃഷ്ടിപരമായ സ്ഥാനം വഹിക്കാനാകുമെന്നും അദ്ദേഹം പറഞഞു. ഏഷ്യ ഇന്ന് നേരിടുന്ന ഏറ്റവും വിനാശകരമായ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്നും അതിനാല്‍ ഇരകളേയും ഭീകരരേയും തുല്യമായി പരിഗണിയ്ക്കാനില്ലെന്നും ഡോ. ജയശങ്കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ നേതൃത്വം നല്‍കുന്നതും അഫ്ഗാന്‍ നിയന്ത്രിക്കുന്നതുമായ സമാധാന, ഒത്തുതീര്‍പ്പ് ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഊര്‍ജ്ജ സുരക്ഷയുടെ ന്യൂനതയാണ് വികസനത്തിന് വെല്ലുവിളിയാകുന്ന പ്രധാന കാര്യമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉല്‍പാദകരും ഉപഭോക്താക്കളും തമ്മിലുളള ചര്‍ച്ചകള്‍ സുസ്ഥിരമായ ഊര്‍ജ്ജ വിപണി സൃഷ്ടിക്കുവാന്‍ സഹായകരമാകും. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പാദകരും ഉപഭോക്താക്കളും ഏഷ്യന്‍ രാജ്യങ്ങളാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. പുനരുപയോഗ ഊര്‍ജ്ജ മേഖലയിലുള്ള ഇന്ത്യയുടെ സംഭാവന അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര സോളാര്‍ സഖ്യത്തില്‍ അംഗങ്ങളാകാത്ത സിക്ക അംഗങ്ങളെ ഇതില്‍ അംഗമാകാന്‍ മന്ത്രി ക്ഷണിക്കുകയും ചെയ്തു. ന്യൂഡല്‍ഹിക്കടുത്ത് ഗുരുഗ്രാമാണ് സംഖ്യത്തിന്റെ ആസ്ഥാനം.
ഭീകര പ്രവര്‍ത്തനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇന്ത്യ ഉയര്‍ത്തി ക്കാട്ടിയ ആശങ്കകള്‍ സിക്കയുടെ അഞ്ചാമത് ഉച്ചകോടി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ എല്ലാ രൂപങ്ങളേയും ഇതേ തുടര്‍ന്നുള്ള സുരക്ഷാ ഭീഷണിയേയും സംബന്ധിച്ച് ശക്തമായ ആശങ്കയാണ് ഉച്ചകോടി പങ്കുവച്ചത്. ഭീകര പ്രവര്‍ത്തനത്തിന്റെ വ്യാപനം തടയുന്നതിനും ഭീകരവാദം അമര്‍ച്ച ചെയ്യുന്നതിനും സമഗ്രമായ തന്ത്രം മെനയാന്‍ ഉച്ചകോടി രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭീകരപ്രവര്‍ത്തനത്തിന് അഭയം നല്‍കുന്നതും ഇന്റര്‍നെറ്റ് ഭീകരര്‍ ദുരുപയോഗം ചെയ്യുന്നതും സംഘടിതമായി ചെറുക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും വാണിജ്യവും വര്‍ദ്ധിപ്പിച്ച് സാമ്പത്തിക - സാംസ്‌കാരിക സഹകരണം ഉറപ്പു വരുത്തണമെന്ന് ഉച്ചകോടി അഭ്യര്‍ത്ഥിച്ചു. ആറാമത് സിക്ക ഉച്ചകോടി 2022 ല്‍ നടക്കും.
മധ്യേഷ്യാകാര്യ നിരൂപകന്‍
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment