ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം വിജയപഥത്തില്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ വിക്ഷേപണത്തിന് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്-3 റോക്കറ്റ് ചന്ദ്രയാന്‍ രണ്ടിനേയും വഹിച്ചു കൊണ്ട് ഇന്നലെ ഉച്ചതിരിഞ്ഞ് 2.43 ന് ബഹിരാകാശത്തേക്ക് കുതിച്ചു. 17 മിനിട്ട് പിന്നിട്ടപ്പോള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തുകയും റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ചെയ്തു.

ഈ മാസം 15 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെതുടര്‍ന്ന് അവസാനമണിക്കൂറില്‍ മാറ്റി വയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചന്ദ്രയാന്‍ ഭ്രമണ പഥത്തിലെത്തിച്ചതിന്റെ മുഴുവന്‍ ബഹുമതിയും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് അവകാശപ്പെട്ടതാണ്.

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ആദ്യ കാല്‍വെയ്പ് ആയിരുന്നു വിജയകരമായി വിക്ഷേപിക്കുക എന്നത്. അത് പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ കഴിഞ്ഞു. ഇനി 48 ദിവസം കഴിഞ്ഞ ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.

ചന്ദ്രയാന്‍ 1 ന്റെ ദൗത്യം ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്നതായിരുന്നു വെങ്കില്‍ ഇത് കുറച്ചുകൂടി ഗൗരവമായതും ആഴത്തിലുളളതുമായ കാര്യങ്ങള്‍ ചെയ്യാനായാണ് വിനിയോഗിക്കുക. ചന്ദ്രയാന്‍ 2 ന് മൂന്ന് വിഭാഗങ്ങള്‍ ഉണ്ട്. ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍. ഇവ മൂന്നും ഒരുമിച്ച് ചന്ദ്രന്റെ ഉപരിതലത്തിലും മുകള്‍ പരപ്പിലും പഠനം നടത്തും. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ സ്മരണാര്‍ത്ഥം ലാന്ററിന് വിക്രം എന്നാണ് പേരിട്ടിരിയ്ക്കുന്നത്. റോവറിനാകട്ടെ പ്രഗ്യാന്‍ എന്നാണ് നാമഥേയം. സംസ്‌കൃതത്തില്‍ പ്രഗ്യാന് വിവേകം എന്നാര്‍ത്ഥം.

യഥാര്‍ഥത്തില്‍ ഉടമ്പടി പ്രകാരം റഷ്യയാണ് ചന്ദ്രയാന്‍ പദ്ധതിക്കുള്ള ലാന്‍ഡര്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഐ.എസ്.ആര്‍.ഒ. യ്ക്ക് തന്നെ ലാന്‍ഡറിന്റെയും രൂപകല്പന ചെയ്യേണ്ടി വന്നു. റഷ്യയുടെ ചില സഹായങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന കാര്യവും വിസ്മരിച്ചു കൂടാ. എങ്കിലും ചന്ദ്രയാന്‍-2 എന്നത് പൂര്‍ണമായും ഒരു ഇന്ത്യന്‍ ദൗത്യം തന്നെയാണ്.

ചന്ദ്രയാന്‍-2 13 ഇന്ധന സാമഗ്രികളുമായാണ് കുതിച്ചുയരുന്നത്. ഭ്രമണ പഥ സംബന്ധിയായ എട്ട് ഇന്ധന സാമഗ്രികളും, ലാന്‍ഡറുമായി ബന്ധപ്പെട്ട മൂന്ന് സാമഗ്രികളും, റോവറിന്റെ രണ്ട് ഇന്ധന സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുന്നു. പൂര്‍ണമായും ചന്ദ്രനെ പഠന വിധേയമാക്കാനുള്ളവയാണിവ. നാസയുടെ റെട്രോ റിഫ്‌ളെക്ടറും ചാന്ദ്രയാന്‍ വഹിക്കുന്നുണ്ട്. ചാന്ദ്രോപരിതലത്തില്‍ റോബോട്ട് ഉപയോഗിച്ചുള്ള പഠനവും ഏറ്റവും ചെലവ് കുറഞ്ഞ ലാന്റിങ്ങുമാണ് ഇന്ത്യന്‍ ചാന്ദ്ര ദൗത്യം ലക്ഷ്യമിടുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലെ ഉപരിതലത്തിന് 600 കിലോമീറ്റര്‍ അകലെയുള്ള ഇടമാണ് ചന്ദ്രയാന്‍-2 ന്റെ ലാന്റിങ് സ്ഥലമായി നിശ്ചയിച്ചത്. ഇത് ഭൂമദ്ധ്യ രേഖയില്‍ നിന്ന് വളരെ അകലെ ഇതുവരെയുള്ള ഒരു ചാന്ദ്ര ദൗത്യത്തിനും കാലുകുത്താന്‍ സാധിക്കാത്ത ഇടമാണെന്നതും ശ്രദ്ധേയമാണ്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും ദുര്‍ഘടമായ പ്രദേശമായിരുന്നു. കാരണം ഐസ് രൂപം ഇവിടെ ധാരാളം ഉണ്ട് എന്നത് തന്നെ കാരണം. മാത്രമല്ല തമോഗര്‍ത്തങ്ങള്‍ കൊണ്ട് ചന്ദ്രന്റെ ഉപരിതലം മറയ്ക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു.

നിരവധി ഭ്രമണ പഥങ്ങളാല്‍ ഉയര്‍ത്തപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭ്രമണപഥ സഞ്ചാരം നടത്തുന്ന പര്യവേഷണ പേടകമാണ് ചന്ദ്രയാന്‍-2. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേയ്ക്ക് മെല്ലെ പ്രവേശിച്ച് ചന്ദ്രന് 100 കിലോമീറ്റര്‍ ദൂരെവരെ എത്തുന്ന വാഹനമാണ് ചന്ദ്രയാന്‍ 2. 27 ദിവസംവരെ ബഹിരാകാശ പേടകം ചന്ദ്ര ഭ്രമണപഥത്തില്‍ ചെലവഴിച്ച ശേഷം മെല്ലെ പര്യവേഷണ വാഹനമായ റോവര്‍ ചന്ദ്രോപരിതലത്തിലേയ്ക്ക് 30 കിലോമീറ്റര്‍ നിന്ന് ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്.

സെപ്തംബര്‍ ആദ്യവാരത്തോടെ ചന്ദ്രോപരിതലത്തില്‍ റോവര്‍ സോഫ്റ്റ് ലാസ്റ്റിങ് നടത്തുമ്പോഴുള്ള 15 മിനുട്ട് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും ഉദ്യേഗ ജനകമായ നിമിഷമാണെന്ന്

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറയുന്നു.

എല്ലാം ഭംഗിയായി നടക്കുമെങ്കില്‍ ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. റോവര്‍ ചന്ദ്രേപരിതലത്തിനെ പഠനവിധേയമാക്കുന്നത് ഒരു ചാന്ദ്രദിനമാണ്. അതായത,്

14 ഭൗമദിനത്തിനു തുല്യമാണത്. അതേസമയം പേടകം ഒരു വര്‍ഷം വരെ അതിന്റെ ദൗത്യം തുടരും.

കണക്കുകുകള്‍ അനുസരിച്ച് ചാന്ദ്രദൗത്യങ്ങളുടെ വിജയശതമാനം 50 ശതമാനത്തിന് താഴെയാണുളളതെന്ന് ഐ എസ് ആര്‍ ഒ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഐ എസ് ആര്‍ ഒ യുടെ വിജയ ചരിത്ര പ്രകാരവും 2008 ലെ ചന്ദ്രയാന്‍-1 ന്റെ വിജയവും 2013 ലെ ചൊവ്വാ ദൗത്യത്തിന്റെ അടിസ്ഥാനത്തിലും ചന്ദ്രയന്‍-2 ഐ എസ് ആര്‍ ഒ യുടെ കിരീടത്തിലെ ഒരു പൊന്‍ തൂവലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

തയ്യാറാക്കിയത് : ബിമന്‍ ബസു

മുതിര്‍ന്ന ശാസ്ത്ര ലേഖകന്‍

വിവരണം : തുളസിദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം