2019 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിനായുളള ഇംഗ്ലണ്ടിന്റെ 44 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്നലെ വിരാമം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട കലാശപ്പോരാട്ടത്തില്‍, ന്യൂസിലാന്റിനെ തകര്‍ത്താണ് ആതിഥേയരുടെ കിരീട നേട്ടം. കഴിഞ്ഞ രാത്രി, ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ മികച്ച പോരാട്ടമാണ് ഇംഗ്ലീഷ് പടയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്.
നിശ്ചിത ഓവറില്‍ ഇരുടീമുകളും 241 റണ്‍ നേടിയതോടെ, മത്സരം സമനിലയില്‍ .. തുടര്‍ന്ന്, സൂപ്പര്‍ ഓവര്‍.. ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്ത ബെന്‍ സ്റ്റോക്‌സും, ജോസ് ബട്‌ലറും നേടിയത് 15 റണ്‍സ്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് പടയ്ക്കായി ജിമ്മി നിഷാമും, മാര്‍ട്ടിന്‍ ഗപ്റ്റിലും നേടിയതും 15 റണ്‍സ്. ബാറ്റിംഗിനിടയില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന് കപ്പ് സമ്മാനിച്ചു. 50 ഓവറില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ 22 ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ന്യൂസിലാന്റിന് നേടാനായത് 14 എണ്ണം മാത്രം. ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ സൂപ്പര്‍ ഓവറിലെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്.
ഇതോടെ, 48 മത്സരങ്ങളും ഏഴ് ആഴ്ചകളും നീണ്ട കിരീട പോരാട്ടത്തിന് വിരാമം. 1979, 1987, 1992 വര്‍ഷങ്ങളില്‍ നഷ്ടമായ കിരീടം ഇക്കുറി നേടിയതോടെ ലോകകപ്പ് ഫൈനലില്‍ കാലിടറുന്ന ടീമെന്ന ദുഷ്‌പേര് മാറ്റിയെന്നും ഇയാഫ മോര്‍ഗനും കൂട്ടര്‍ക്കും ആശ്വസിക്കാം.
എട്ട് തവണ ലോകകപ്പ് സെമി യോഗ്യത നേടിയ ടീമെന്ന ആസ്‌ട്രേലിയയുടെ റെക്കാര്‍ഡ് പങ്കുവച്ചാണ് ന്യൂസിലാന്റ് ഇത്തവണ സെമിയ്ക്കായി ഇറങ്ങിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ, സെമിയില്‍ മുട്ടുകുത്തിച്ചാണ് അവര്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയതും. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 50 ഓവറില്‍ നേടിയത്
എട്ട് വിക്കറ്റിന് 241 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് 23.1 ഓവറില്‍ 86 റണ്‍സ് നേടുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റുകള്‍.
അഞ്ചാം വിക്കറ്റില്‍ ഓള്‍റൗണ്ടര്‍ സ്റ്റോക്‌സും, ജോസ് ബട്‌ലറും തീര്‍ത്ത 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റ വിജയ പ്രതീക്ഷകള്‍ക്ക് ചിറകേകിയത്. സ്റ്റോക്‌സ് 84 റണ്‍സും ജോസ് ബട്‌ലര്‍ 59 റണ്‍സും നേടി. ഓപ്പണര്‍ ഹെന്റി നിക്കോള്‍സിന്റ അര്‍ദ്ധ സെഞ്ച്വറിയും, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോംലാതം നടത്തിയ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ന്യൂസിലാന്റിന് പൊരുതാനാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ക്രീസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
648 റണ്‍സുമായി ഇന്ത്യന്‍ ടോപ്പ് സ്‌കോറര്‍ രോഹിത്ത് ശര്‍മ്മയും 647 റണ്‍സുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിസ് വാര്‍ണറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കാര്‍ഡ് സ്‌കോറായ 673 റണ്‍സിന് അടുത്തെത്തിയിരുന്നു. പക്ഷെ, സെമി ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും പരാജയപ്പെട്ടതോടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ബഹുമതി സച്ചിന്‍ തന്നെ നിലനിര്‍ത്തുന്നു. എങ്കിലും, ഒറ്റ ലോകകപ്പിലൂടെ കൂടുതല്‍ സെഞ്ച്വറി എന്ന ബഹുമതി അഞ്ച് സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ്മ സ്വന്തമാക്കി.
ഓസ്‌ട്രേലിയന്‍ പെയ്‌സ്മാന്‍ ഗ്ലെന്‍ മക്ഗ്രാത്തിന്റെ 28 വിക്കറ്റ് എന്ന റെക്കാര്‍ഡ് മിച്ചല്‍ സ്റ്റാര്‍ക്ക് 29 വിക്കറ്റായി തിരുത്തി സ്വന്തം പേരിലായിരിക്കുന്നു എന്നതാണ് 2019 ലോകകപ്പ് ക്രിക്കറ്റില്‍ കണ്ട മറ്റൊരു അത്ഭുതം.
നേരത്തേ തന്നെ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും സെമി ഫൈനലില്‍ പുറത്തായിരുന്നു. അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് പുറത്താക്കിയത്. കിവീസിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടു. മഴകാരണം മാറ്റിവെച്ച കളി തൊട്ടടുത്ത ദിവസം പുനരാംരംഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാനായില്ല.
സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം പുറത്തായ ആറു ടീമുകളില്‍ ഒന്നായ അഫ്ഗാനിസ്ഥാന്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ലിനോട് ആറ് വിക്കറ്റിനും ഇംഗ്ലണ്ടിനോട് 16 റണ്‍സിന് പാകിസ്ഥാനും പരാജയപ്പെട്ടിരുന്നു.
ആരാധകരെ ഏറെ ദുഖിപ്പിക്കുന്ന പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും കാഴ്ചവച്ചത്. ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്കയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. മികച്ച നാലു ടീമുകള്‍ മാറ്റുരയ്ച്ച ലോകകപ്പായിരുന്നു 2019 ലേത്. ഇതില്‍ നിന്ന് രണ്ടു ടീമുകള്‍ ലോകകപ്പ് ട്രോഫിക്കായി ലോഡ്‌സില്‍ ഇഞ്ചോടിഞ്ച് പോരാടുന്ന കാഴ്ചയും കാണാനായി. ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തിലൂടെ ലോകചാമ്പ്യനെ കണ്ടെത്തുകയായിരുന്നു ഇക്കൊല്ലത്തെ ലോകകപ്പ് ക്രിക്കറ്റ്.
സ്‌ക്രിപ്റ്റ് : രാഹുല്‍ ബാനര്‍ജി, കായിക ലേഖകന്‍
വിവരണം : കരോള്‍ അബ്രഹാം

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം