ഇന്ത്യന്‍ സഹായത്തോടെയുള്ള ആദ്യത്തെ മാതൃകാഗ്രാമം ശ്രീലങ്കയില്‍ തുറന്ന് നല്‍കി

ശ്രീലങ്കയിലെ സാംസ്‌കാരിക കാര്യ മന്ത്രാലയത്തിന്റെ ഗാര്‍ഹിക നിര്‍മ്മാണ വകുപ്പിന്റെ മാതൃകാ ഗ്രാമം പദ്ധതിയുടെ കീഴില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ മാതൃകാ ഗ്രാമം ശ്രീലങ്കയിലെ ഗംവാഹ ജില്ലയില്‍ ശനിയാഴ്ച തുറന്ന് നല്‍കി. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകള്‍ ജില്ലയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ശ്രീലങ്കന്‍ ഗാര്‍ഹിക നിര്‍മ്മാണ സാംസ്‌കാരിക മന്ത്രിയുമായ സാജിത്ത് പ്രേമദാസ, മുന്‍ പ്രസിഡന്റ് ബന്ദാര നായികെ കുമാരതുംഗ, ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ ഡോക്ടര്‍ ശില്‍പ്പക് ആമ്പുലെ തുടങ്ങി ഉന്നത രാഷ്ട്രീയ നേതാക്കളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

1200 മില്യണ്‍ തുക മുതല്‍മുടക്കില്‍ ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ 100 മാതൃകാ ഗ്രാമങ്ങളിലായി 2400 ഓളം വീടുകളാണ് ഇന്ത്യന്‍ സഹായത്താല്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ശ്രീലങ്കന്‍ ഗാര്‍ഹിക നിര്‍മ്മാണ വകുപ്പും സാംസ്‌കാരിക കാര്യ മന്ത്രാലയവും ഇന്ത്യ ഗവണ്മെന്റുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. ശ്രീലങ്കയോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക താല്‍പര്യത്തില്‍ 2017 ഒക്‌ടോബര്‍ 26 ന് ഇരു രാജ്യങ്ങളും രണ്ട് ധാരണാ പത്രങ്ങളില്‍ ഒപ്പു വച്ചിരുന്നു. ഗ്രാമശക്തി ഗാര്‍ഹിക പദ്ധതി പ്രകാരം ശ്രീലങ്കയുടെ തെക്കന്‍ പ്രവിശ്യയില്‍ 25 ജില്ലകളിലായി ഇന്ത്യന്‍ സഹായത്തോടെയുളള 600 വീടുകളാണ് പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരുന്നത്. 600 മില്യണ്‍ ശ്രീലങ്കന്‍ രൂപയുടേതാണ് പദ്ധതി.

ഉടമകളുടെ ശ്രമം പരമാവധി പ്രയോജനപ്പെടുത്തി സാമ്പത്തിക സാങ്കേതിക സഹായം ഇന്ത്യയുടേതായും നല്‍കിയാണ് വീടുകളുടെ നിര്‍മ്മാണം. വീടുകളുടെ ഓരോ നിര്‍മ്മാണ ഘട്ടത്തിലും അഞ്ചു തവണകളായി ശ്രീലങ്കന്‍ രൂപയായ അഞ്ച് ലക്ഷം രൂപയാണ് ഉടമകള്‍ക്ക് ലഭ്യമാകുന്നത്. കുറഞ്ഞ വരുമാനക്കാരും ഭൂമിയോ വീടോ ഇല്ലാത്തവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

2010 ജൂണിലും 2017 മെയ് മാസത്തിലും ഒപ്പു വച്ച ധാരണപ്രകാരമുളള ശ്രീലങ്കയിലെ തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന പതിനായിരം വീടുകളും ശ്രീലങ്കയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ആഭ്യന്തര പലായനം നടത്തിയവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന അമ്പതിനായിരം വീടുകള്‍ക്കും പുറമേയുളള ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതിയാണിത്. കൂടാതെ ഇരു രാജ്യങ്ങളും 2017 ജൂലൈ 14 ന് മറ്റൊരു ധാരണാപത്രത്തില്‍ കൂടി ഒപ്പു വച്ചിരുന്നു. 300 മില്യണ്‍ ശ്രീലങ്കന്‍ രൂപ ധനസഹായത്തോടെയുള്ള 153 വിവിധോദ്ദേക മന്ദിര നിര്‍മ്മാണം ലക്ഷ്യമിട്ടുളളതായിരുന്നു ഉടമ്പടി. ചെറിയ ഹാളും, ജലവിതരണ സംവിധാനവും ബുദ്ധ ഭിക്ഷാ മന്ദിരങ്ങളുടെ നവീകരണം, ഗ്രന്ഥാലയം തുടങ്ങിയവയോടുകൂടിയ മന്ദിരങ്ങള്‍ അനുരാധപുരയിലെ തീരൊ ഗ്രാമത്തിലാണ് നിര്‍മ്മിച്ച് നല്‍കുന്നത്.

ഇന്ത്യ വിദേശ രാജ്യങ്ങളില്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വലിയ പദ്ധതികളില്‍ ഏറ്റവും വലുതാണ് ശ്രീലങ്കയിലെ ഗാര്‍ഹിക പദ്ധതിയെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ തരണ്‍ജിത്ത് സിങ് സന്ധു പറഞ്ഞു.

ഇപ്പോഴത്തെ ഗാര്‍ഹിക പദ്ധതി കൂടാതെ എഴുപതോളം ജനകീയ പദ്ധതികള്‍ ഇന്ത്യ ശ്രീലങ്കയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ പരിശീലനം തുടങ്ങിയവയാണ് അവ. ശ്രീലങ്കയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സഹായകമായി ലഭിക്കുന്ന 560 മില്യണ്‍ യു എസ് ഡോളറില്‍ മൂന്ന് ബില്യണ്‍ യു എസ് ഡോളറും ഇന്ത്യന്‍ ധനസഹായമായി ശ്രീലങ്കയ്ക്ക് ലഭിക്കുന്നതാണ്. ശ്രീലങ്കയിലെ ഇന്ത്യന്‍ സഹായം വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ തമിഴരും ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്ന് നേരത്തെ ഒരു തെറ്റായ കാഴ്ചപ്പാടുണ്ടായിരുന്നു.

എന്നാല്‍ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇന്ത്യ ഗവണ്‍മെന്റ് അവിടുത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രീലങ്കന്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ മുന്നോട്ടിറങ്ങുകയായിരുന്നു. ഇതിന്റെ ഫലമായി നിരവധി ഇന്ത്യന്‍ പദ്ധതികളാണ് ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യകളിലുള്‍പ്പെടെ ശ്രീലങ്കയുടെ വിവിധ പ്രവിശ്യകളില്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയത്. ശ്രീലങ്കന്‍ അധികൃതരുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനയും ആവശ്യവും പരിഗണിച്ചാണ് ഇന്ത്യ ശ്രീലങ്കയില്‍ വ്യാപകമായി വികസന പ്രവര്‍ത്തികള്‍ നടത്തിയത്. ഇതില്‍ ദ്വീപിലുടനീളം ഇന്ത്യന്‍ സഹായത്തോടെയുള്ള 1990 സൗജന്യ ആംബുലന്‍സ് സേവനത്തിന്റെ കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ശ്രീലങ്കയിലെ തെക്കന്‍ പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് ഈ സേവനം ആദ്യം നടപ്പില്‍ വരുത്തിയിരുന്നത്. ഈ സേവനത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ശ്രീലങ്കയിലുടനീളം ഈ സേവനം ഉടന്‍ ഇന്ത്യ ലഭ്യമാക്കുകയായിരുന്നു. ശ്രീലങ്കയിലെ റെയില്‍വേ മേഖലയുടെ വികസനത്തിനായി ഏകദേശം 1.3 ബില്ല്യണ്‍ യു എസ് ഡോളറിന്റെ ധനസഹായം ഇന്ത്യ നല്‍കുകയും ചെയ്യും.

എന്നാല്‍ ഇന്ത്യന്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനാകുന്നില്ല എന്ന് വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ഈ ആശങ്ക കണക്കിലെടുത്താണ് ഇന്ത്യന്‍ സഹായ പദ്ധതികള്‍ ചെറുകിട വികസന പദ്ധതികളാക്കി ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇത് പദ്ധതി നിര്‍വഹണം കൂടുതല്‍ ആസായരഹിതമാക്കി. നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യ ഗവണ്മെന്റിന്റെ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പിലാക്കി വരുന്നത്. ഇതില്‍ ഭൂരിഭാഗം പദ്ധതികളും മുന്നേറി കഴിഞ്ഞിട്ടുമുണ്ട്.

തയ്യാറാക്കിയത് : ഡോ. ഗുല്‍ബിന്‍ സുല്‍ത്താന
ഗവേഷക, ഐ.ഡിഎസ്.എ

വിവരണം : ദീപു

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം