അഫ്ഗാന്‍ ആഭ്യന്തര വിഷയം - ദോഹയില്‍ ചര്‍ച്ച

അഫ്ഗാന്‍ ആഭ്യന്തര വിഷയം സംബന്ധിച്ച് ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. ഖത്തറിലെ ദോഹയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളും താലിബാന്‍ പ്രതിനിധികളും പങ്കെടുത്തു. വെടി നിറുത്തലിനുള്ള സാധ്യതകള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തു. സമ്മേളനം അവസാനിക്കുമ്പോള്‍ സമാധാനത്തിലേക്ക് ഇരു കൂട്ടരും ഏറെ അടുത്തു എന്നു വേണം കരുതാന്‍. ഇതോടെ 18 വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതാം.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം സാധാരണക്കാരായ ജനങ്ങള്‍ അക്രമ സംഭവങ്ങളില്‍ മരണപ്പെടുന്നില്ലെന്നു കൂടി ഉറപ്പാക്കിക്കൊണ്ടുളള ഒരു സംയുക്ത പ്രസ്താവന സമ്മേളനാനന്തരം ഇരുപക്ഷവും പുറത്തിറക്കി. ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ 70 രാഷ്ട്രീയ പ്രതിനിധികളും വനിതകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ പ്രവര്‍ത്തകരും താലിബാന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഇരുകൂട്ടരെയും സഹായിക്കുന്നതിനായി ജര്‍മ്മനിയുടെയും ആതിഥേയ രാജ്യമായ ഖത്തറിന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. അഷ്‌റഫ്ഗാനി ഗവണ്മെന്റുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് താലിബാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

സമ്മേളനശേഷം വ്യക്തമായ ഒരു കാര്യം ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഏറെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി എന്നുളളതാണ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ മേഖലയില്‍ താലിബാന് മുന്‍തൂക്കം നല്‍കുന്ന യാതൊരു നടപടിക്കും അമേരിക്ക താല്‍പര്യം കാണിക്കില്ല. യു എസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് സല്‍മായ് ഖാലില്‍ സാദിനെ അഫ്ഗാനിലേക്കുള്ള പ്രത്യേക പ്രതിനിധിയായി ചുമതലപ്പെടുത്തിയിരുന്നു. ഖാലില്‍സാദ്, ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ഏഴുവട്ടം ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുളള അമേരിക്കന്‍ സേനയുടെ പിന്മാറ്റം, അഫ്ഗാന്‍ ആഭ്യന്തര പ്രശ്‌നം, വെടിനിര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു ചര്‍ച്ച നടന്നത്.

എന്നാല്‍ കാബൂളില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്നുളളത് അര്‍ദ്ധ സത്യം മാത്രമാണെന്നാണ് ഖാല്‍സാദിന്റെ അഭിപ്രായം. വിഷയത്തില്‍ പാകിസ്ഥാനുള്ള താല്‍പര്യത്തേയും അദ്ദേഹം എടുത്തു കാട്ടുന്നു. സമാധാനം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷകള്‍ക്ക് പാകിസ്ഥാന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നു.

അഫ്ഗാന്‍ വിഷയത്തില്‍ പാകിസ്ഥാനുളള താല്‍പര്യം പകല്‍പോലെ വ്യക്തമാണഅ. വിഷയത്തില്‍ പാകിസ്ഥാന്‍ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്. അതെന്തായാലും സെപ്റ്റംബറോടെ അമേരിക്കന്‍, നാറ്റോ സേനാംഗങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറേണ്ടി വരുമെന്നു തന്നെ കരുതാം.

പത്ത് വര്‍ഷത്തോളമായി അഫ്ഗാനിസ്ഥാനില്‍ ജിഹാദ് എന്ന പേരില്‍ നടക്കുന്ന ഈ ആഭ്യന്തര പ്രശ്‌നം ഭരണഘടനാ വിരുദ്ധമെന്നാണ അഫ്ഗാന്‍ ഗവണ്മെന്റിന്റെ വിലയിരുത്തല്‍. 1989 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയറ്റ് പട പിന്മാറിയതോടെ ജിഹാദിന് അന്ത്യം കുറിച്ചുവെന്നും അഫ്ഗാന്‍ സെനറ്റ് അംഗങ്ങള്‍ പറയുന്നു. അതിന് ശേഷമുളള ഒരു യുദ്ധവും ജിഹാദല്ല.

കഥയുടെ ധാര്‍മ്മിക വശം നോക്കിയാല്‍ സമാധാനത്തിന്റെ പാതയിലേക്കെത്താന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടെന്ന് കാണാം. എന്നാല്‍ ദോഹയില്‍ നടന്ന ചര്‍ച്ചകളുടെ പുരോഗതി മഞ്ഞുരുകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചുവട് വയ്പ്പായി തന്നെ ദോഹ സമ്മേളനത്തെ കാണാം.

മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ കര്‍സായി ദോഹ ചര്‍ച്ചയിലെ പുരോഗതിയെ സ്വാഗതം ചെയ്തു. സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍, ദോഹ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, അഫ്ഗാനികള്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും ഐക്യവും സമാധാനവും ഉറപ്പ് വരുത്തേണ്ടത് മേഖലയിലെ മറ്റു രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഷാംഗ്ഹായ് സഹകരണ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആഗ്രഹിക്കുന്നത്, എല്ലാ തരത്തിലും അഫ്ഗാനികള്‍ക്ക് സ്വന്തമായ അഫ്ഗാനികള്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്റെ നിയന്ത്രണത്തിലുളള സമാധാന പ്രക്രിയകളായിരിക്കണമെന്നതാണ്. എങ്കിലും ദുഃഖകരമായ ഒരു സത്യം, പല രാജ്യങ്ങളും തങ്ങളുടെ താല്‍പര്യങ്ങളും ആശയങ്ങളും പരീക്ഷിക്കാനുളള ഒരു വേദിയായി അഫ്ഗാനിസ്ഥാനെ മാറ്റുന്നു എന്നതാണ്. താലിബാനെ വളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കും വിസ്മരിക്കാനാവില്ല.

തയ്യാറാക്കിയത് : സുനില്‍ ഗറ്റാഡെ
വിവരണം : വിനോദ് കുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം