ഇന്ത്യ-യു.എ.ഇ. ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്

യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ് യു.എ.ഇ. വിദേശകാര്യ മന്ത്രിയുടെ തുടര്‍ച്ചയായുള്ള ഇന്ത്യ സന്ദര്‍ശനം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 5 തവണയാണ് യു.എ.ഇ. വിദേശകാര്യമന്ത്രി ഹിസ് ഹൈനസ് അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരവും സാമൂഹ്യവും, രാഷ്ട്രീയതലത്തിലുമുള്ള ബന്ധം ശക്തിയാര്‍ജ്ജിച്ച് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന് ഈ സന്ദര്‍ശനങ്ങള്‍ ഊര്‍ജ്ജം പകര്‍ത്തി. ഈമാസം 7-ന് നടത്തിയ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ഏറ്റവും ഒടുവിലത്തേത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തെ തുടര്‍ന്നാണ് യു.എ.ഇ. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനങ്ങള്‍. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.

ശ്രീ. സയ്യദ് അല്‍ നഹ്യാനോടൊപ്പം യു.എ.ഇ.യിലെ വ്യാപാര പ്രമുഖരും, ഉന്നതതല സംഘവും അനുഗമിച്ചിരുന്നു. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ.യുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 33 ലക്ഷം ഇന്ത്യാക്കാരാണ് യു.എ.ഇ.യില്‍ വസിക്കുന്നത്. ഇവര്‍ യു.എ.ഇ.യുടെ സമഗ്ര വികസനത്തിന് വലിയ സംഭാവനയാണ് നല്‍കുന്നത്.

കഴിഞ്ഞയാഴ്ചത്തെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ശ്രീ. അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്തി ഡോ. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. വിവിധ ഉഭയകക്ഷി വിഷയങ്ങളെപ്പറ്റി ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തി. സിറിയ, ലെബനോണ്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ

സ്ഥിതിഗതിയെക്കുറിച്ചും, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

സന്ദര്‍ശനത്തിന്റെ അവസാനദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച യു.എ.ഇ. മന്ത്രി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ചു. ഉഭയകക്ഷി ബന്ധം പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. തന്റെ ഇന്ത്യ സന്ദര്‍ശന വേളകളിലെല്ലാം പ്രധാനമന്ത്രിയുമായി കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ ശ്രീ. അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഇസ്ലാമിക് സഹകരണ സംഘടനയുടെ 46-ാമത് വിദേശകാര്യ മന്ത്രിതല യോഗത്തില്‍ പ്രത്യേക ക്ഷണിതാവിന്റെ സ്ഥാനം നല്‍കിയത്, ഇന്ത്യ യു.എ.ഇ. ബന്ധം ദൃഢപ്പെടുന്നതിന്റെ മറ്റൊരു സൂചനയാണ്. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നതിനം, അതിലൂടെ രാജ്യ വികസനം രൂപീകരിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിന് വ്യക്തമായ നയമാണ് ഉള്ളത്. ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ ആ ലക്ഷ്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുക തന്നെ ചെയ്യും.

തയ്യാറാക്കിയത് : ഡോ. ഫസ്സൂര്‍ റഹ്മാന്‍ സിദ്ദികി
പശ്ചിമേഷ്യകാര്യ വിദഗ്ധന്‍

വിവരണം : ഷീജ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം