പോയവാരം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ബില്‍ 2019 ലക്‌സഭ പാസ്സാക്കി. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ മദ്ധ്യസ്ഥതയ്ക്കുള്ള ഒരു പ്രവൃത്തി കേന്ദ്രമായി രാജ്യത്തെ മാറ്റാന്‍ ഇതുവഴി കഴിയുമെന്ന് ബില്‍ അവതരിപ്പിച്ച് സംസാരിക്കവെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കസ്റ്റംസ് താരിഫ് ആക്ട് ഭേദഗതിക്കും പാര്‍ലമെന്റ് അംഗീകാരം നല്‍കി. പാകിസ്ഥാനില്‍ നിന്ന് കയറ്റി അയയ്ക്കുന്ന വിഭവങ്ങള്‍ക്ക് 200 ശതമാനം തീരുവ ചുമത്തും. ഇത് ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുന്നതിനും നിര്‍ദ്ദേശമുണ്ട്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ ഉന്നമനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പൊതു ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ തന്നെ ഇത് സാദ്ധ്യമാകും. ലോക്‌സഭയില്‍ ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ ഘടനയില്‍ തന്നെ രൂപാന്തരം വരുത്തുമെന്നും ധനകമ്മി 3.3 ശതമാനമായി നിര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ജമ്മുകാശ്മീര്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം 2019 ല്‍ 43 ശതമാനത്തോളം കുറഞ്ഞതായി ആഭ്യന്തര വകുപ്പു സഹമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു. ഇതേ കാലയളവില്‍ സംസ്ഥാനത്ത് ഭീകരാക്രമണങ്ങളുടെ നിരക്ക് 28 ശതമാനവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് 40 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ 1299 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായതായി പ്രതിരോധ സഹമന്ത്രി ശ്രീ പദ് രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയില്‍ അറിയിച്ചു. 2018 കാലയളവില്‍ ഇത് 1629 ആയിരുന്നു.
75-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിലോ അതിനു ശേഷമോ ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ആണവോര്‍ജ്ജ ബഹിരാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. പദ്ധതിയുടെ രൂപകല്‍പ്പനയും മറ്റും നടന്നു വരികയാണ്. ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന കാര്യങ്ങളും ക്രയോജനിക് എഞ്ചിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുന്നു. ഗഗന്‍യാനിലെ യാത്രികര്‍ക്കുള്ള പരിശീലന പരിപാടി തീരുമാനിച്ചു കഴിഞ്ഞു. വ്യാഴാഴ്ച രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഡോ. ജിതേന്ദ്രസിംഗ് ഇക്കാര്യം അറിയിച്ചത്. വിവിധ വ്യവസായങ്ങളിലെയും സ്ഥാപനങ്ങളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി ഗഗന്‍യാന്‍ ദേശീയ ഉപദേശക സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ക്കും ആധാര്‍ സ്വമേധയാ ഒരു രേഖയായി നല്‍കുന്നതിന് വ്യക്തികളെ അനുവദിക്കുന്ന ഭേദഗതി ബില്ലും പാര്‍ലമെന്റ് പാസ്സാക്കി. ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് ഗവണ്‍മെന്റ് രൂപം നല്‍കി വരുകയാണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒരു കോടി രൂപ പിഴയും ജയില്‍ ശിക്ഷയും ആധാര്‍ ഭേദഗതി ബില്‍- 2019 ശുപാര്‍ശ ചെയ്യുന്നു.
പോയവാരം പാര്‍ലമെന്റിലെ ഇരുസഭകളും ശബ്ദായമാനമായിരുന്നു. കര്‍ണ്ണാടക വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം കാരണം പലപ്പോഴും സഭ നിര്‍ത്തി വെക്കേണ്ടി വന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സെക്യുലര്‍ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താന്‍ ബി. ജെ. പി ശ്രമിക്കുകയാണെന്ന് മെമ്പര്‍ ആധിര്‍ രണ്‍ജന്‍ ചൗധരി ആരോപിച്ചു. എന്നാല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് ഈ ആരോപണം തള്ളിക്കളഞ്ഞു.
തയ്യാറാക്കിയത്   :  ഡോ. മോഹന്‍ റാവു മാധ്യമപ്രവര്‍ത്തകന്‍
വിവരണം :    വിനോദ്കുമാര്‍


Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം