പാകിസ്ഥാനില്‍ ഹാഫിസ് സയീദിന്റെ അറസ്റ്റും, ജുഡീഷ്യല്‍ കസ്റ്റഡിയും

പാകിസ്ഥാനിലെ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതായി വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ലാഹോറിലെ ഭീകര വിരുദ്ധ കോടതിയാണ് മുഹമ്മദ് സയീദിന് ജാമ്യം അനുവദിച്ചത്. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതും ഭൂമിയുടെ ഭുരുപയോഗവും ഉള്‍പ്പെടെയുളള കേസുകളിലാണ് ഇയാള്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായുളള വാര്‍ത്തകളും വരുന്നുണ്ട്.

നേരത്തേ, ലഷ്‌കര്‍-ഇ-തയ്ബയുടെ സഹസ്ഥാപകരായ അമീര്‍ഹംസ, മാലിക്‌സഫര്‍ എന്നിവര്‍ക്കും മുഹമ്മദ് സയീദിന്റെ സഹോദരനായ ഹാഫിസ് മസൂദിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നിശ്ചിത തുകയ്ക്കുളള ബോണ്ടുകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 31 വരെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജമാത്ത്-ഉദ്-ദവായ്ക്ക് ധനം സ്വരൂപിച്ച് നല്‍കിയതില്‍ ഹംസയും സഫറും പ്രതികളാണ്. 2018 മാര്‍ച്ചില്‍ പുറത്തുവന്ന വാര്‍ത്ത അനുസരിച്ച് അമീര്‍ ഹംസ, ലഷ്‌കര്‍- ഇ-തയ്ബയുമായി തെറ്റുകയും മറ്റൊരു ഭീകരസംഘടനയായ ജയ്ഷ്-ഇ-മന്‍ഖഫക്ക് രൂപം നല്‍കുകയും ചെയ്തു.

പാകിസ്ഥാനിലെ ഭീകര വിരുദ്ധ വിഭാഗം ദേശീയ സുരക്ഭ സമിതിയുടെ പിന്തുണയോടെ 2016 ഫെബ്രുവരിയില്‍ നാഷണല്‍ ആക്ഷന്‍ പ്ലാനിന് രൂപം നല്‍കുകയും ജമാത്ത്-ഉദ്-ദവാ നേതാക്കള്‍ക്കെതിരെ 23 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ലാഹോര്‍, ഗജ്‌റന്‍വാല, മുള്‍ത്താന്‍, ഫയ്‌സലാബാദ്, സര്‍ഗോധ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജമാത്ത്-ഉദ്-ദവാ ഭീകര സംഘടനയുടെ 13 നേതാക്കള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഈ സംഘടനയുടെ ഉന്നത നേതാക്കളാണ്. മേയ് മാസത്തില്‍ സയ്യിദിന്റെ ഭാര്യാസഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയേയും മറ്റൊരു ഭീകര നേതാവ് മൊഹമ്മദ് ഷാബാസിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

ജമാത്ത്-ഉദ്-ദവായുടെ ജീവകാരുണ്യ സംഘടനയാണ് ഫലാ-ഇ-ഇന്‍സാനിയത്ത്. എഫ്.ഐ.എഫും അനുബന്ധ ട്രസ്റ്റുകളായ അന്‍ഫാല്‍ ട്രസ്റ്റ്, ദവാത്ത്-ഉള്‍-ഇര്‍ഷാദ്- മുവാസ് ബിന്‍-ജബല്‍ ട്രസ്റ്റ് തുടങ്ങിയവ വഴി ജമാത്ത്-ഉദ്-ദവയ്ക്കായി വന്‍ തുകയ്ക്കുളള ഫണ്ട് സ്വരൂപിച്ചിരുന്നു. തുടര്‍ന്ന് ഗവണ്‍മെന്റ് ഈ ട്രസ്റ്റുകളെ ഏറ്റെടുക്കുകയായിരുന്നു.

ജെ.യു.ഡി യുടെ മൂന്ന് ഉന്നത നേതാക്കള്‍ക്ക് ഭീകര വിരുദ്ധ കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെ വെളിവാകുന്നത് ഭീകര പ്രവര്‍ത്തനത്തെ പാകിസ്ഥാന്‍ നിസ്സാരവത്ക്കരിച്ചു കാണുന്നു എന്നതാണ്. ഇത്തരം നടപടികള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഇതാദ്യമല്ല ഉണ്ടാകുന്നത്. 2017 നവംബറില്‍ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു. പത്ത് മാസത്തെ വീട്ടു തടങ്കലിനു ശേഷമായിരുന്നു മോചനം. ജമാത്ത്-ഉദ്-ദവാ ഭീകരസംഘടനയോട് പാകിസ്ഥാനുളള താല്‍പര്യം സയ്യിദിന് വ്യക്തമായും അറിയാം എന്നതാണ് വസ്തുത.

അന്താരാഷ്ട്ര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ പൊടിയിടാനുളള നീക്കമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ പേരിനെങ്കിലും നടപടി സ്വീകരിക്കുന്നതിനു പിന്നില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നുളളതാണ് യാഥാര്‍ത്ഥ്യം. ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്നുളള നിര്‍ദ്ദേശം പാകിസ്ഥാന്‍ നിശ്ചിത സമയത്തിനുളളില്‍ പാലിക്കാതിരുന്നത് അമേരിക്കയിലെ ഒര്‍ലാന്‍ന്റോയില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. ഒക്‌ടോബര്‍ 2019ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താനും തീരുമാനമായിട്ടുണ്ട്. ഭീകര സംഘടനകള്‍ക്ക് ഫണ്ട് അനുവദിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതോടൊപ്പം ഉപരോധം ഏര്‍പ്പെടുത്തുന്നതിനും പാകിസ്ഥാന്‍ നടപടി സ്വീകരിക്കണം. എന്നാല്‍ സയീദിനെതിരായി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പരിതാപകരമാണ്. സയീദിന്റെ അഭിഭാഷകന്‍ സൂചിപ്പിക്കുന്നത്, ഭീകര വിരുദ്ധ വിഭാഗം തെറ്റായാണ് തന്റെ കക്ഷിയുടെയും ലെഷ്‌കര്‍-ഇ-തൊയ്ബയുടെയും നേതാക്കളെ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നാണ്.

ലഷ്‌കര്‍- ഇ-തയ്ബയെ 2002-ല്‍ തന്നെ നിരോധിച്ചതായും സയീദ് 2001 ഡിസംബറില്‍ സംഘടന വിട്ടതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. കോടതി വിധി വന്നതാകട്ടെ 2003-ലും.

ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ സമ്മര്‍ദ്ദം മൂലമാവാം, പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്നുളള ഭീകരപ്രവര്‍ത്തനം ഉന്മൂലനം ചെയ്യുമെന്നുളള നിലപാട് സ്വീകരിക്കുന്നത്.

അതെന്തായാലും ഹാഫിസ് സയ്യിദിന് ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെ പാകിസ്ഥാന്‍ ഗവണ്‍മെന്റും ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയും തമ്മില്‍ എത്രത്തോളം ആത്മബന്ധം ഉണ്ടെന്നതിന്റെ തെളിവാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സ്‌ക്രിപ്റ്റ് : ഡോ.അശോക് ബഹൂറിയ,

കോ-ഓര്‍ഡിനേറ്റര്‍, സൗത്ത് ഏഷ്യ സെന്റര്‍-

ഐ.ഡി.എസ്.എ

വിവരണം : വിനോദ് കുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം