അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയുടെ നയതന്ത്ര വിജയം
ചാരവൃത്തി ആരോപിച്ച് ഇന്ത്യാക്കാരനായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ചില്‍ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു. 2017-ല്‍ പാകിസ്ഥാന്‍ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ ഇന്ത്യ 2017 മേയ് മാസത്തില്‍ അന്താരാഷ്ട്ര
നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച 1963-ലെ വിയന്ന ഉടമ്പടി പാകിസ്ഥാന്‍ ലംഘച്ചിരിക്കുകയാണെന്ന് കാട്ടിയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കരാറിലെ 36-ാം വകുപ്പനുസരിച്ച് ജാദവിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പാകിസ്ഥാന്‍ ഇന്ത്യയെ അറിയിക്കേണ്ടതും ജാദവിന് നിയമോപദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കേണ്ടതുമായിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിവിധ വാദമുഖങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ ഇന്ത്യയുടെ നിലപാടിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഇത് സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തിയതും വിയന്നാ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് കോടതി പ്രസ്താവിച്ചു.
വിയന്നാ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള കേസില്‍ വിധി പ്രസ്താവിക്കാന്‍ അവകാശമുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. കേസ് പ്രത്യേക ട്രൈബ്യൂണലിലേക്കോ, കമ്മീഷനിലേക്കോ വിടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ കോടതി തള്ളി. ഇന്ത്യക്ക് ഈ കേസില്‍
അന്താരാഷ്ട്ര നീതിന്യായ കോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക് വിയന്നാ കരാര്‍ ബാധകമാകില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം കോടതി തള്ളിക്കളഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ അക്കാര്യം ഇന്ത്യയെ അറിയിക്കാതെയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ സൗകര്യമൊരുക്കാതെയും പാകിസ്ഥാന്‍ വിയന്നാകരാറിന്റെ ലംഘനം നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. മറ്റ് പ്രശ്‌നങ്ങളിലുള്ള ഇന്ത്യയുടെ നടപടികള്‍ ഉയര്‍ത്തിക്കാട്ടി കണ്‍വെന്‍ഷന്റെ 36-#ാ#ം വകുപ്പ് സോപാധികമായി പ്രയോഗിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ കോടതി നിരസിച്ചു.
വിധിപ്രസ്താവത്തിന്റെ ആറാം ഭാഗമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വിയന്നാ കരാര്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ ചെയ്യേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ ഭാഗത്ത് കോടതി നിര്‍ദ്ദേശിക്കുന്നു. കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം നല്‍കാതെ അദ്ദേഹത്തിന്റെ അവകാശങ്ങള്‍ നിരസിച്ച പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ തെറ്റായ പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമായി പരാമര്‍ശിക്കുന്നു. ഇവ രണ്ടും അദ്ദേഹത്തിന് ലഭ്യമാക്കണമെന്ന് കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
കേസ് കാര്യക്ഷമമായി പുനരവലോകനം നടത്തുകയും ജാദവിന്റെ ശിക്ഷ പാകിസ്ഥാന്‍ നിരുപാധികമായി പുനപരിശോധിക്കുകയും ചെയ്യുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗമെന്ന് കോടതി അഭിപ്രായപ്പെട്ടു. നീതി ഉറപ്പ് വരുത്താന്‍ ആവശ്യമെങ്കില്‍ പാകിസ്ഥാന്‍ അനുയോജ്യമായ രീതിയില്‍ നിയമനിര്‍മ്മാണം നടത്തണം. കേസ് പുനപരിശോധിച്ച് കുല്‍ഭൂഷണ് നീതി ഉറപ്പാക്കും വരെ പാകിസ്ഥാന്റെ വിധി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വസ്തുതകള്‍ വിശദമാമയി പഠിച്ച് വിധി പ്രസ്താവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. കുല്‍ഭൂഷണ് ഉറപ്പായും നീതി ലഭിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ഗവണ്‍മെന്റ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല കാരണങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രാധാന്യമര്‍ഹിക്കുന്നു. പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും വേണ്ടി നിയമവാഴ്ച ഉപയോഗപ്പെടുത്തുന്നതിലെ ഇന്ത്യയുടെ സ്ഥായിയായ വിശ്വാസവും നിലപാടും ഇത് വ്യക്തമാക്കുന്നു. വിധി നടപ്പാക്കുന്നത്
അന്താരാഷ്ട്ര സഹകരണത്തിലും ഇന്നത്തെ ബഹുരാഷ്ട്ര സംവിധാനത്തിലും നിയമവാഴ്ചയിലുമെല്ലാം ഒരു പരീക്ഷണമായിത്തീരും.
വിശാലമായ അര്‍ത്ഥത്തില്‍, ഈ വിധി യു.എന്‍. ചാര്‍ട്ടറിലെ 13.1 വകുപ്പില്‍ പറയുന്ന അന്താരാഷ്ട്ര നിയമത്തിന്റെ പുരോഗമന പരമായ വികസനത്തിനും ക്രോഡീകരണത്തിനും വേണ്ടി ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ്. ഈ കേസിലൂടെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ പ്രസക്തി ഏറെ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഇന്ത്യന്‍ സ്ഥിര പ്രതിനിധി
വിവരണം : കവിത സുനു
Comments
Post a Comment