ചില സത്യങ്ങള്‍ പാകിസ്ഥാന്‍ വെളിപ്പെടുത്തിയപ്പോള്‍
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ ഒരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാകിസ്ഥാനില്‍ 40 ക്യാമ്പുകളിലായി 40,000-ത്തോളം ദീകരവാദികള്‍ പ്രവര്‍ത്തിച്ചതായാണ് അദ്ദേഹം പ്രസ്താവിച്ചത്. തന്റെ ആദ്യ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന്‍ഖാന്‍, പാകിസ്ഥാനെതിരെയുളള ആരോപണം ശരിവച്ചു കൊണ്ടുളള പ്രസ്താവന നടത്തിയത്. പാകിസ്ഥാനില്‍ കാലാകാലം ഉണ്ടായിരുന്ന ഭരണകൂടങ്ങള്‍ ഈ സത്യം മറച്ചു വയ്ക്കുകയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2001 സെപ്തംബര്‍-11 ലെ ന്യൂയോര്‍ക്ക് ഭീകര ആക്രമണവുമായി പാകിസ്ഥാന് ഒരു തരത്തിലും ബന്ധമില്ല. അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാനില്‍ ഇല്ലെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയുളള അമേരിക്കന്‍ യുദ്ധത്തില്‍ പാകിസ്ഥാനും പങ്കാളികളായിരുന്നു. എന്നാല്‍ രാജ്യത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടപ്പോള്‍ യാഥാര്‍ത്ഥ്യം അമേരിക്കയോട് ബോധ്യപ്പെടുത്താന്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് സാധിച്ചില്ലെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. വാഷിംഗ്ടണില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഷീലാ ജാക്‌സണ്‍ ലീ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ നടന്ന യോഗത്തിലാണ്, തന്റെ രാജ്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച 40,000-ത്തോളം തീവ്രവാദികള്‍ ഉളളതായി പാക് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
ഇമ്രാന്‍ഖാന്‍ നടത്തിയത് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്നും ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ അടിയന്തിരമായി കൈക്കൊളളണമെന്നും ഇന്ത്യ പ്രതികരിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് പാകിസ്ഥാന്‍ ഉള്‍പ്പെടെയുളള പല രാജ്യങ്ങളും സ്വീകരിച്ചിരുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങള്‍ പൊതുവെ പാകിസ്ഥാനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളാണ് യാഥാര്‍ത്ഥ്യമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ശരിവച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്കെതിരെ എന്ത് തരം നടപടിയാണ് തന്റെ ഗവണ്‍മെന്റ് എടുക്കുന്നത് എന്നതിനെപ്പറ്റി ശ്രീ ഇമ്രാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടും ഇല്ല. അതിനാല്‍ ഈ വിഷയത്തില്‍ പാകിസ്ഥാന്റെ ഉളളിലിരിപ്പ് ഇപ്പോഴും സംശയാസ്പദമാണ്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന് മുന്നില്‍ പാകിസ്ഥാന്‍ സമര്‍പ്പിച്ച കണക്കുകളേക്കാള്‍ തികച്ചും വ്യത്യസ്ഥമായ കണക്കാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവനയില്‍ ഉളളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള സാമ്പത്തിക സ്രോതസ്സുകള്‍ പരിശോധിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.റ്റി.എഫ്. തീവ്രവാദ സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍, ഒക്‌ടോബര്‍ മുതല്‍ പാകിസ്ഥാനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് എഫ്.എ.റ്റി.എഫ്. പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ പ്രസ്താവന വലിയ എതിര്‍പ്പിന് കാരണമായി. കഴിഞ്ഞ വര്‍ഷം, പാകിസ്ഥാനുളള സൈനിക-സൈനികേതര മേഖലകളിലുളള അമേരിക്കയുടെ സഹായങ്ങള്‍, ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയിരുന്നു. പാകിസ്ഥാനുമായുളള അമേരിക്കന്‍ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ വാഷിംഗ്ടണ്‍ സന്ദര്‍ശനം അമേരിക്കയ്ക്ക് പാകിസ്ഥാനോടുളള സമീപനത്തില്‍ നേരിയ അയവ് വരുത്താന്‍ സാധിച്ചതായി വിലയിരുത്തപ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നുളള സൈനിക പിന്മാറ്റത്തിന് അമേരിക്കയെ സഹായിക്കുകയും അതുവഴി കാബൂളിനുമേല്‍ കൂടുതല്‍ നിയന്ത്രണം നേടുകയും ചെയ്യുക എന്നത് പാകിസ്ഥാന്റെ രഹസ്യ അജണ്ടയാണ്. അഫ്ഗാന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്കയെ പാകിസ്ഥാനാണ് സഹായിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാന്‍ താലിബാന്‍ പ്രവര്‍ത്തിക്കുന്നത് എന്നത് വ്യക്തമാണ്. അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയത്തിലേക്കുളള പാകിസ്ഥാന്റെ കൈകടത്തല്‍ തെക്കന്‍ ഏഷ്യയിലെ മാത്രമല്ല മുഴുവന്‍ അയല്‍ രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
ആകാശവാണി വാര്‍ത്താ അവലോകന വിദഗ്ധന്‍
വിവരണം : ഷീജ
Comments
Post a Comment