ഒസാക്കയിലെ ഇന്ത്യ - അമേരിക്ക സംഭാഷണം

ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രത്തലവന്മാരുമായി നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.  ഓസ്‌ട്രേലിയ, ബ്രസീല്‍, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, തുര്‍ക്കി, അമേരിക്ക തുടങ്ങിയ ഒന്‍പത് ഉഭയകക്ഷി രാജ്യങ്ങളുമായും ജപ്പാന്‍, ഇന്ത്യ, അമേരിക്ക റഷ്യ, ഇന്ത്യ, ചൈന തുട്ങിയ രണ്ട് ത്രികക്ഷി രാജ്യങ്ങളോടുമായിരുന്നു പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. 


കൂടാതെ, ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുമായി ഒരു അനൗപചാരിക യോഗവും മൂന്ന് ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തി.
ആഗോള സാമ്പത്തിക സ്ഥിതി, വ്യാപാരവും വാണിജ്യവും, രാഷ്ട്രീയം തുടങ്ങിയ പരസ്പരാശ്രിതമായ നിരവധി കാര്യങ്ങളാണ് ജി-20 യിലെ മുഖ്യ അജന്‍ഡയായി ചര്‍ച്ച ചെയ്തത്.  വ്യാപാരം സംബന്ധിച്ച വിഷയങ്ങളിലാണ് ഇന്ത്യയും അമേരിക്കയും മുഖ്യമായും ആശങ്ക രേഖപ്പെടുത്തിയതും ചര്‍ച്ച ചെയ്തതും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പിരിമുറുക്കം കുറയ്ക്കുന്ന ചര്‍ച്ചകളാണ് ജി-20 ഉച്ചകോടിയുടെ പ്രധാനപ്പെട്ട ഗുണഫലം.  ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചുങ്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചൈനയുമായി അമേരിക്ക നടത്തിയ ചര്‍ച്ചകളെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിച്ചത്.  അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്ക വര്‍ദ്ധനവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വിമര്‍ശിക്കുകയും  ഇന്ത്യ വ്യാപാര നിയന്ത്രണം എടുത്തുകളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന മുന്‍ഗണനാ പദവി എടുത്തുകളഞ്ഞതിനാല്‍ അമേരിക്കന്‍ ഇറക്കുമതി ഉല്പന്നങ്ങളായ ബദാം, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങി 28 ഇനങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു.  ഇറക്കുമതി ഉല്പന്നങ്ങളായ ഉരുക്കിനും അലുമിനിയത്തിനും അമേരിക്ക ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ലോകവ്യാപാര സംഘടനയുടെ മുന്നില്‍ ഇന്ത്യ ഉന്നയിക്കുകയുണ്ടായി.  ജി-20 ഉച്ചകോടിയ്ക്ക് മുന്‍പായി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.  പ്രശ്‌നപരിഹാരത്തില്‍ ഇരു രാജ്യങ്ങളുടേയും വാണിജ്യ മന്ത്രിമാര്‍ ഉടന്‍ യോഗം ചേരാനും ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു.
വ്യാപാര സംബന്ധിയായ വിഷയത്തെ കൂടാതെ 5-ജി സാങ്കേതിക വിദ്യ, സുരക്ഷ, ഇറാന്‍ വിഷയം തുടങ്ങിയവയെക്കുറിച്ചും                 ഇന്ത്യ, അമേരിക്ക രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു.  പേര്‍ഷ്യന്‍, ഗള്‍ഫ് മേഖലയിലെ സ്ഥായിയായ സമാധാനമാണ് ഇറാനെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യ പ്രധാനമായും ഉറ്റുനോക്കുന്നത്.



ഇന്ത്യയ്ക്ക് എണ്ണ തടസ്സം കൂടാതെ ലഭ്യമാകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പില്ല.
5-ജി സാങ്കേതിക വിദ്യയായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു പ്രധാന അജണ്ട.  ചൈനീസ് കമ്പനിയായ വാവേയുമായി ചേര്‍ന്ന് 5-ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് അമേരിക്ക ഉയര്‍ത്തിയ സുരക്ഷാ ആശങ്കകള്‍ ഇന്ത്യ സശ്രദ്ധം നിരീക്ഷിച്ചു വരികയായിരുന്നു.  5 ജില്ലയില്‍ പുതിയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന അമേരിക്ക ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നു.  ഇന്ത്യയും സാങ്കേതിക വിദ്യയുടെ വികസനത്തിന് പങ്കാളികളെ തേടുകയാണ്. 100 കോടി ഉപഭോക്താക്കളുണ്ടാകാന്‍ സാധ്യതയുള്ള ഇന്ത്യയാണ് 5-ജി സാങ്കേതിക വിദ്യയില്‍ ലോകത്തെ നയിക്കാന്‍ സാധ്യത.  5-ജിയ്ക്കാവശ്യമായ രൂപകല്പന, സോഫ്റ്റ് വെയറുകള്‍, സാങ്കേതിക വിദ്യ എന്നിവ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.  ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇത് വഴിയൊരുക്കും.
പ്രതിരോധമാണ് സഹകരണത്തിന്  സാധ്യതയുള്ള മറ്റൊരു മേഖല.  ഇത് സംബന്ധിച്ച് കാര്യമായ ചര്‍ച്ചള്‍ ഒസാക്കയില്‍ നടന്നില്ലെങ്കിലും


ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്.  ജപ്പാന്‍, അമേരിക്ക ഇന്ത്യ ത്രികക്ഷി ചര്‍ച്ചയുടെ മുഖ്യഅജണ്ടയാണ് ഇത്.  മേഖലയുടെ അടിസ്ഥാന സൗകര്യ - ഗതാഗത മേഖലകളുടെ വികസനം ചര്‍ച്ചയായി.  സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനും, പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും മൂന്ന് രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു.  ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് വാര്‍ഷിക ഉച്ചകോടി നടത്താനും ധാരണയായി.  മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ സൈനിക സ്വാധീനം കണക്കിലെടുക്കുമ്പോള്‍ നിര്‍ണ്ണായക തീരുമാനമായി ഇതിനെ കാണാം.

തയ്യാറാക്കിയത്   :   സ്തുതി ബാനര്‍ജി
അമേരിക്കന്‍ നയതന്ത്ര വിദഗ്ദന്‍

വിവരണം  : ദീപു എസ്.എല്‍.

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.