ആശങ്കകള്‍ ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോ ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ സൈനിക വല്‍കരിക്കപ്പെട്ട മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച നടന്ന് ഒരു മാസത്തിനകമാണ് ഈ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായി പരിശ്രമിക്കുമെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയായ വൊണ്‍സാനില്‍ നിന്നുമാണ് രണ്ടു മിസൈലുകളും വിക്ഷേപിച്ചത്. ഈ മിസൈലുകള്‍ രണ്ടും തന്ത്രപരമായ സ്വഭാവമുള്ളവയാണെന്ന് ഇരു കൊറിയകളിലേയും ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഈ മിസൈലുകളെ പിന്‍തുടര്‍ന്ന് കണ്ടെത്താന്‍ പ്രയാസമാണെന്നതും ശ്രദ്ധേയമാണ്.

മിസൈല്‍ വിക്ഷേപണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ സുരക്ഷാ ഭീഷണികള്‍ ഇല്ലാതാക്കുകയാണ് ഈ മിസൈല്‍ വിക്ഷേപണത്തിന്റെ ലക്ഷ്യമെന്ന് കിം ജോ ഉന്‍ പ്രസ്താവിച്ചു. പ്രകോപനപരമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന ദക്ഷിണകൊറിയയുടെ വാദത്തേയും അദ്ദേഹം തള്ളി.

അടുത്തമാസം യു.എസ്.-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടത്തും. അമേരിക്കയും ദക്ഷിണകൊറിയയും വര്‍ഷങ്ങളായി സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ അമേരിക്കയെയോ, ട്രംപിനെയോ കുറിച്ച് കിം ജോ ഉന്‍ എങ്ങും പരാമര്‍ശിച്ചിട്ടില്ല. അമേരിക്കയുമായുള്ള സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ആണവ മിസൈല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നുമാണ് ഉത്തരകൊറിയ നല്‍കുന്ന സൂചനകള്‍.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ആണവശേഷി വളര്‍ത്തുന്നതിനെ സഹായിക്കുന്നതാണെങ്കിലും സമീപകാലത്തെ പരീക്ഷണങ്ങള്‍ വരാനിരിക്കുന്ന യു.എസ്. - ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക അഭ്യാസവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ദക്ഷിണകൊറിയ 40എഫ്, 35എ മിസൈലുകള്‍ വാങ്ങിയ പശ്ചാത്തലമാകും ഉത്തരകൊറിയയെ മിസൈല്‍ പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.

ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലും പ്യോങ്‌യാങിനെ വിലക്കുന്ന ഐക്യരാഷ്ട്ര പ്രമേയങ്ങള്‍ ഉത്തരകൊറിയ ലംഘിച്ചുവെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വിമര്‍ശിച്ചു. അതേസമയം, ദക്ഷിണകൊറിയന്‍ സുരക്ഷയെ ഉത്തരകൊറിയയുടെ നടപടി ദോഷകരമായി ബാധിക്കില്ലെന്ന് സിയോള്‍ പ്രസ്താവിച്ചു. എന്നാല്‍ അമേരിക്ക-ഉത്തരകൊറിയയുടെ നടപടിയെ സൗമ്യമായാണ് സമീപിച്ചത്. മിസൈല്‍ പരീക്ഷങ്ങളോടുള്ള അമേരിക്കയുടെ നിലപാടിനെയാണ് ഇത് വ്യക്തമാക്കുന്നത്.

മിസൈല്‍ പരീക്ഷണം ഉത്തരകൊറിയയെ സംബന്ധിച്ച് ഒരു ചര്‍ച്ചാതന്ത്രമായി അമേരിക്ക കാണുന്നു എന്ന് സംശയിക്കാമെങ്കിലും ഇത് തുടരുകയാണെങ്കില്‍ കൊറിയന്‍ ഉപദ്വീപിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവയ്ക്ക് വിഘാതം ഉണ്ടായേക്കാം എന്നും വിലയിരുത്തപ്പെടുന്നു.

2019 ഫെബ്രുവരിയില്‍ ഹാനോയിയില്‍ ട്രംപും കിമ്മും തമ്മിലുള്ള ചര്‍ച്ച പരാജയമായിരുന്നെങ്കിലും ജൂണില്‍ ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തി. എങ്കിലും ചര്‍ച്ചയ്ക്ക് മുന്നേറ്റം ഉണ്ടായില്ല. ഹാനോയ് ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയയും, അമേരിക്കയും തമ്മിലുള്ള സംഭാഷണവും താത്ക്കാലികമായി നിര്‍ത്തി വച്ചു.

ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സമീപനം വ്യക്തമായ ഫലങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ ഉത്തരകൊറിയ തങ്ങളുടെ സൈനിക കഴിവുകള്‍ സജീവമായി വളര്‍ത്തിയെടുക്കുകയാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു. എങ്കിലും ചൈന-അമേരിക്ക ഉഭയകക്ഷി ചര്‍ച്ചയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആണവശേഷി വളര്‍ത്തിയെടുക്കുന്നതില്‍ നിന്ന് ഉത്തരകൊറിയയെ പിന്‍തിരിപ്പിക്കാന്‍ കഴിയാതെ വരുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.

അതേസമയം, സുസ്ഥിരവും പിരിമുറുക്കം ഇല്ലാത്തതുമായ കൊറിയന്‍ ഉപദ്വീപിനായാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായാണ് നിലകൊള്ളുന്നത്.

തയ്യാറാക്കിയത് : ഡോ.രാഹുല്‍ മിശ്ര,

തെക്ക്-കിഴക്കന്‍ ഏഷ്യ നയതന്ത്ര അവലോകന വിദഗ്ദ്ധന്‍.

വിവരണം : പി.എസ്.തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം