ഇന്ത്യ-ചൈന ത്രികക്ഷി സമ്മേളനം
പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഒസാക്കയില്‍ ജി 20 സമ്മേളനത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. റഷ്യയ്ക്കും ചൈനയ്ക്കും എതിരായി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള സമ്മര്‍ദ്ദം നിലനില്‍ക്കെ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് മൂന്ന് രാഷ്ട്ര നേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക് പ്രാധാന്യമേറി.
2003 മുതല്‍ റിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിതല സമ്മേളനം നടന്നു വരുന്നു. ഈ മൂന്ന് രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളുടെ കൂടിക്കാഴ്ചയ്ക്ക് തുടക്കമായത് 2006 മുതലാണ്. അന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ ജി 8 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രസിഡന്റ് ഹുജിന്‍ടാവോയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.
2018 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷിജിംഗ് പിംഗുമായും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ കൂടിക്കാഴ്ച കാണാന്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ റഷ്യയിലെ വ്‌ളാഡി വോസ്റ്റോക്കില്‍ വെച്ച് നടക്കാനിരിക്കുന്ന 'ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം' സമ്മേളനത്തിലും മൂന്ന് രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നുണ്ട്. വികസിത രാഷ്ട്രങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദന സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതം നില്‍ക്കുന്ന സാഹചര്യത്തില്‍ റിക് രാജ്യങ്ങളുടെ ഒത്തു ചേരലിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു.
ആഗോള തലത്തില്‍ പൊതു താല്‍പര്യം മുന്‍നിര്‍ത്തി, മുന്നോട്ട് പോകുന്നതിന് മൂന്ന് രാഷ്ട്ര നേതാക്കളും തമ്മിലുളള ഒത്തു ചേരല്‍ വഴിയൊരുക്കുന്നു. അതോടൊപ്പം ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തമ്മില്‍ വൈകാരിക ബന്ധം ഉരുത്തിരിയുന്നതിനും കൂടിക്കാഴ്ച സഹായകമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അന്താരാഷ്ട്ര ഭീകരവാദം, വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തല്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇരു രാജ്യങ്ങളുടെയും സഹായം ശ്രീ നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു.
ഭീകരവാദത്തിനെതിരെ നിരവധി കരാറുകളും മറ്റും നിലവിലുണ്ടെങ്കിലും ഇതിനെതിരെ ഒരു അന്താരാഷ്ട്ര കൂട്ടായ്മ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഷാംഗ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനം അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് കൈകൊണ്ടിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ഇതുവഴി ഭീകര പ്രവര്‍ത്തകരുടെ സാമ്പത്തിക സ്രോതസ്സ് ഉന്‍മൂലനം ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ അവര്‍ക്ക് നടപടി കൈക്കൊള്ളേണ്ടി വരും.
'റിക്'' രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധം കൂടുതല്‍ മച്ചപ്പെടുത്താന്‍ സഹായിക്കും. റഷ്യയും ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം, വളര്‍ച്ചയുടെ പടവുകള്‍ ആണ് സൂചിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി സാംഗ് ജുന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഭീകരവാദം, തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളരംഗത്ത്, റിക് രാജ്യങ്ങള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് തന്നെയാണ് റഷ്യയുടെയും വിലയിരുത്തല്‍. റിക് സമ്മേളനത്തോടനുബന്ധിച്ച് തന്നെയാണ് ഇന്ത്യയുടെയും അമേരിക്കയുടെയും ജപ്പാന്റെയും കൂട്ടായ്മയായ ജയ് ത്രിരാഷ്ട്ര സമ്മേളനവും ഒസാക്കയില്‍ നടന്നത്. ഈ ത്രിരാഷ്ട്ര സമ്മേളനങ്ങളെല്ലാം തന്നെ അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നു തന്നെയാണ് കാണിക്കുന്നത്.
ചൈനാകാര്യ വിശകലന വിദഗ്ധന്‍
Comments
Post a Comment