തീവ്രവാദത്തിനെതിരെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും മുഖം രക്ഷിക്കാനുള്ള ചില നാമമാത്ര നടപടികള്‍

ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന് തീവ്രവാദത്തിനെതിരെ , നാമമാത്രമായതെങ്കിലും, ചില നടപടികള്‍ എടുക്കാന്‍ തയ്യാറാകേണ്ടി വന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമ അത് ഉത്ദവയുടെ

നേതാവുമായ ഹാഫിസ് സയ്യിദ് ഉള്‍പ്പെടെ 12-ഓളം ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ പാകിസ്ഥാന്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജമാ അത് ഉത്ദവ, ഫലാ ഇ ഇന്‍സാനിയത് തുടങ്ങിയ ജീവകാരുണ്യ സംഘടനകളുടെ പേരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കേസുകള്‍ എടുത്തത്.

മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാഫിസ് സയ്യിദിനെ പോലെയുള്ള കുറ്റവാളിയ്‌ക്കെതിരെ ഒരു കേസെങ്കിലും എടുക്കാന്‍ ഇത്രയും കാലതാമസമെടുത്തതിനെ ലോകജനത കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഏകദേശം 3 പതിറ്റാണ്ടായി ജീവകാരുണ്യ സംഘടനകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന ഇയാളെപ്പോലുള്ളവരെ കണ്ടെത്താന്‍ പാകിസ്ഥാന് സാധിക്കാത്തതിനെ സംശയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്.

ഇതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കിയിരുന്നു എന്നത് തന്നെയാണ്. മുന്‍ പ്രസിഡന്റ് ജനറല്‍ മുഷറഫ് പറഞ്ഞ അഭിപ്രായവും ഇതിനെ ശരിവയ്ക്കുന്നതാണ്. കാശ്മീര്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് ആക്രമണം നടത്തുന്നതിന് പാകിസ്ഥാന്‍ ഇത്തരം സംഘടനകളുടെ സഹായം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം

ആരോപണങ്ങളില്‍ നിന്നും മുഖം രക്ഷിക്കുന്നതിനുള്ള ഒരു നടപടിയായി പാകിസ്ഥാന്റെ പുതിയ തീരുമാനങ്ങളെ നോക്കിക്കാണം.

അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും, രാജ്യത്തിനകത്തു നിന്നുമുള്ള കനത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് പാകിസ്ഥാന്‍ ചെറുതെങ്കിലും, ഇത്തരം സംഘടനകള്‍ക്കെതിരെ ഒരു നടപടിക്ക് നിര്‍ബന്ധിതനായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാന്‍ ഗവണ്‍മെന്റിന് രാജ്യത്തിനകത്തുനിന്നും വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ സഹായമില്ലാതെ പാകിസ്ഥാന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. ഈ സ്ഥിതിയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം പാകിസ്ഥാനുമേല്‍ അതിശക്തമായി ഉണ്ടാവുകയായിരുന്നു.

ജപ്പാനില്‍ കഴിഞ്ഞ ദിവസം നടന്ന ജി-20 ഉച്ചകോടിയില്‍ തീവ്രവാദത്തിനെതിരെയുള്ള നടപടികള്‍ തുടങ്ങാന്‍ മുഴുവന്‍ രാജ്യങ്ങളും പാകിസ്ഥാനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ജൂണില്‍ അമേരിക്കയിലെ ഒര്‍ലാന്റോയില്‍ നടന്ന തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ സമ്മേളനത്തിന് പാകിസ്ഥാന് അന്ത്യശാസനം ലഭിച്ചിരുന്നു.

ഇത്തരത്തില്‍ തീവ്രവാദത്തിനെതിരെയുള്ള കണ്ണില്‍ പൊടിയിരുന്ന നടപടികള്‍ പാകിസ്ഥാന്‍ ഇതിന് മുന്‍പും നടത്തിയിട്ടുണ്ട്. അവയൊക്കെ പ്രഹസനവും ആയിരുന്നു. ഇത്തവണത്തെ നടപടിയുടെ ഒരു പ്രത്യേകത സിവില്‍ ഗവണ്‍മെന്റും സൈന്യവും സംയുക്തമായാണ് കൈക്കൊണ്ടത് എന്നതാണ്. ആഗോളതലത്തില്‍ സമാധാനം കാംക്ഷിക്കുന്ന പുതുസമൂഹം തീവ്രവാദത്തിനെതിരെയുള്ള നടപടികള്‍ പാകിസ്ഥാന്‍ ആത്മാര്‍ത്ഥമായി തുടരുമെന്ന് പ്രതീക്ഷിക്കുകയാണ്.

എന്നാല്‍ ഹാഫിസ് സെയ്ദിനെതിരേയും തീവ്രവാദ സംഘടനകള്‍ക്കെതിരേയും പാകിസ്ഥാന്‍ എടുത്ത നടപടികള്‍ ആത്മാര്‍ത്ഥത ഇല്ലാത്തതും, കാപട്യം നിറഞ്ഞതുമാണെന്നും ന്യൂഡല്‍ഹി വിലയിരുത്തി. പാകിസ്ഥാന്‍ മണ്ണില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ പൂര്‍ണ്ണമായും നശിപ്പിച്ചെങ്കില്‍ മാത്രമേ പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തിനെതിരെ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുകയുള്ളൂവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

തയ്യാറാക്കിയത് : അശോക് ഹാണ്ടൂ
രാഷ്ട്രീയകാര്യ ലേഖകന്‍

വിവരണം : ഷീജാ ഗണേഷ്

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.