ജമ്മു-കാശ്മിരീന്റെയും ലഡാക്കിന്റെയും വികസന മാര്‍ഗ്ഗരേഖയുമായി പ്രധാനമന്ത്രി.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നിലെ കാരണങ്ങളും ജമ്മു-കാശ്മീരിന്റെ പ്രത്യക അധികാര പദവി ഒഴിവാക്കിയതിനെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ വിശദമാക്കി.
ഈ ആഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും അനുച്ഛേദം 370 റദ്ദാക്കുന്നതിനായി വോട്ട് രേഖപ്പെടുത്തി. ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇതോടെ നിലവില്‍ വന്നു.
പതിറ്റാണ്ടുകളായുള്ള തീവ്രവാദം, വിഭാഗീയത, രാഷ്ട്രീയ അനിശ്ചിതത്വം അഴിമതി എന്നിവയ്ക്ക് തടയിടാന്‍ ഇതിലൂടെ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം
370 ല്‍ നിന്നുള്ള സ്വാതന്ത്ര്യമെന്നത് ഒരു യാഥാര്‍ത്ഥമായതായും
ശ്രീ. മോദി പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും രാജ്യത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കാനുമാണ് ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന ജമ്മു-കാശ്മീരില്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം കൊണ്ട് ഏതാണ്ട് 42,000 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം അയല്‍ രാജ്യമായ പാകിസ്ഥാനുണ്ട്. അനുച്ഛേദം 370 ജമ്മു-കാശ്മീരില്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്തെ യുവാക്കള്‍, സ്ത്രീകള്‍, സമൂഹത്തിലെ അശരണ വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് ഇതുവഴി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത്. സംസ്ഥാനത്ത് നിന്നും അനുച്ഛേദം 370 പിന്‍വലിച്ചതു വഴി ഡോ.ബി.ആര്‍. അംബേദ്ക്കര്‍, സര്‍ദാര്‍വല്ലഭായി പട്ടേല്‍, ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുതുതായി രൂപീകരിക്കപ്പെട്ട രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുഭവിക്കാനാകുമെന്നും ശ്രീ.മോദി പറഞ്ഞു.
രണ്ടു പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വികസനത്തിനായുള്ള രൂപരേഖ പ്രധാനമന്ത്രി വിശദീകരിച്ചു. ജമ്മു-കശ്മീരില്‍ തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം അനുച്ഛേദം 370 ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 ഇല്ലാതാകുന്നതോടെ രണ്ട് പുതിയ കേന്ദ്രഭരണ പ്രദേശങ്ങളിലും പുതുയുഗപിറവിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രൂപം കൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണകൂടങ്ങള്‍ മികവുറ്റതും സുതാര്യവും ആയിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു-കശ്മീരിലെ ഒന്നരകോടി ജനങ്ങള്‍ക്ക് വികസനത്തിന്റെ ഫലങ്ങള്‍ ഉടന്‍തന്നെ കാണാനാകും. കേന്ദ്ര ഗവണ്‍മെന്റ് എപ്പോഴും ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഒരിക്കല്‍ ഇന്ത്യയുടെ സിനിമ ചിത്രീകരണ കേന്ദ്രം എന്നറിയപ്പെട്ടിരുന്ന കശ്മീര്‍ പിന്നീട് ഇത് സാധ്യമല്ലാത്ത രീതിയിലുള്ള അവസ്ഥയില്‍ എത്തി. കാശ്മീരില്‍ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ അദ്ദേഹം സിനിമ വ്യവസായികളോട് ആവശ്യപ്പെട്ടു. ഇതിലൂടെ ലോകമെമ്പാടും കശ്മീരിന്റെ അനശ്വര സൗന്ദര്യം കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആസ്വദിക്കാനാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളും വനിതകളുമുള്‍പ്പെടെ ഉള്ളവര്‍ വികസന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ ഉടന്‍തന്നെ സാധാരണഗതിയിലാകും. അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഒരു ഭാഗമാണെന്നും ദേശീയ താത്പര്യം മുന്‍നിര്‍ത്തി ജമ്മു-കാശ്മീരിന് പുതിയ ദിശാബോധം നല്‍കാന്‍ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമെന്ന പദവി ലഭിച്ചതില്‍ ലഡാക്കിലെ ജനങ്ങള്‍ അതീവസന്തുഷ്ടരാണെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ലഡാക്കിലെ വികസന പദ്ധതികള്‍ സംരക്ഷിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റിന്റെ ചുമതലയാണ്. പുതുതായി രൂപം കൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളില്‍ റോഡുകള്‍, വിമാനത്താവളങ്ങളുടെ ആധുനികവത്ക്കരണം, റെയില്‍വേ ട്രാക്കുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കും. വിനോദസഞ്ചാര, അനുബന്ധ വ്യവസായങ്ങളും അടിസ്ഥാന സൗകര്യവികസനവും തൊഴിലവസരങ്ങളുടെ വര്‍ദ്ധനവിന് ഇടയാക്കും. ജമ്മു-കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ വികസിത പദവി കൈവരിക്കുന്നത് അതിവിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
38 മിനിട്ട് നീണ്ട അഭിസംബോധനയില്‍ പ്രധാനമന്ത്രി വികസനത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. പാകിസ്ഥാന്റെ ഗൂഢാലോചനകളെപ്പറ്റി പരാമര്‍ശങ്ങള്‍ ഒന്നുംതന്നെ നടത്തിയില്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ അയല്‍ രാജ്യം കാശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്ര വിഷയമാക്കാന്‍ നിരവധി നികൃഷ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ ലോകസമൂഹം ആ നാടകങ്ങളില്‍ ഒട്ടുംതന്നെ താല്പര്യം കാണിച്ചില്ല.
വികസന അജണ്ട വ്യക്തമാക്കുന്ന രീതി ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്വായത്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പ്രാവത്തികമായാല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ഗുണകരമാകും.
തയ്യാറാക്കിയത്: പദംസിംഗ്,
ആകാശവാണി വാര്‍ത്താവലോകന വിദഗ്ദ്ധന്‍
വിവരണം : പി.എസ്.തുളസിദാസ്
Comments
Post a Comment