പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു

കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് അവര്‍ പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. അവരുടെ ഉറച്ച മിത്രങ്ങളായ ചൈനയും സൗദി അറേബ്യയും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള പരിമിതി അറിയിച്ചു. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംയമനം പാലിക്കാനുമാണ് അവര്‍ പാകിസ്ഥാനെ ഉപദേശിച്ചത്.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച്, കശ്മീരിനെ ജമ്മു കാശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന തീരുമാനം കൈക്കൊണ്ടതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അയല്‍ രാജ്യങ്ങളുടെ പിന്തുണ തേടിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷ പിന്തുണ നേടിക്കൊണ്ടാണ് ഗവണ്‍മെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്. ഈ തീരുമാനം രണ്ടിടത്തും വികസനം കൊണ്ടുവരുന്നതിന് സഹായിക്കുന്നതിനൊപ്പം പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് അറുതി വരുത്താന്‍ സഹായകവുമാണ്.

ഏകദേശം 42000 ഇന്ത്യാക്കാരാണ് പാക് ഭീകരവാദികളാല്‍ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് പാകിസ്ഥാനറിയാം, മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിമിതയുമുണ്ട്. ഇങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാന്‍ പ്രതീക്ഷിച്ചതല്ല. കശ്മീര്‍ വിഷയം സജീവമായി നിലനിര്‍ത്തി തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അതിനെ പ്രയോജനപ്പെടുത്തുക എന്ന അവരുടെ തന്ത്രത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്. ഈ തീരുമാനത്തോടെ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. പാകിസ്ഥാന്‍ കാശ്മീരില്‍ 13,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം കൈവശം വച്ചിട്ടുണ്ട്. ആ പ്രദേശത്ത് നിന്ന് അവര്‍ പിന്മാറുന്നതാണ് ആ രാജ്യത്തിന് അഭികാമ്യം.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയില്‍ യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ പാകിസ്ഥാന് ഒരു സഹായവും വാഗ്ദാനം ചെയ്തില്ല. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് ഇന്ത്യ തീരുമാനമെടുത്തതെന്നാണ് റഷ്യ അഭിപ്രായപ്പെട്ടത്. 1972-ലെ സിംല കരാറിന്റെയും 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തിന്റേയും അടിസ്ഥാനത്തില്‍ മാത്രമേ ഈ പ്രശ്‌നത്തില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയൂ എന്നും റഷ്യ അഭിപ്രായപ്പെട്ടു.

ഈ തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് ഇന്ത്യ അമേരിക്കയോട് അഭിപ്രായം ആരാഞ്ഞിട്ടില്ലെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി. കശ്മീര്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ആഭ്യന്തര നടപടിയാണിതെന്നും അമേരിക്ക പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതിനോ മധ്യസ്ഥത വഹിക്കുന്നതിനോ ഐക്യരാഷ്ട്ര സഭ തയ്യാറല്ലെന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നിലപാട് പാകിസ്ഥാന് മറ്റൊരു തിരിച്ചടിയായി. 1972-ലെ സിംല കരാറിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സുരക്ഷാ സമിതിയില്‍ ഈ പ്രശ്‌നം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാനായില്ല. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള സാഹചര്യമുള്ളപ്പോള്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടാതെ സ്വന്തം രാജ്യത്തെ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് പാക് ഗവണ്‍മെന്റിന് അഭികാമ്യം.



തയ്യാറാക്കിയത്: കൗഷിക് റോയ്

ആകാശവാണി ലേഖകന്‍

വിവരണം : ഉദയകുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം