ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി വിദേശകാര്യമന്ത്രിയുടെ ചൈനാ സന്ദര്‍ശനം.

ചൈനയുമായുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും സാംസ്‌കാരിക ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിനുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ടാംവട്ട വുഹാന്‍ അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഈ വര്‍ഷാവസാനം ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ചൈനാ സന്ദര്‍ശനം. നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ഇരു രാജ്യങ്ങളും ആചരിക്കുകയും ചെയ്തു. ജമ്മു-കാശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിമയനിര്‍മ്മാണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ചൈനീസ് ഉപരാഷ്ട്രപതി വാങ് ക്വീസാനുമായും ശ്രീ. ജയശങ്കര്‍ ചര്‍ച്ച നടത്തി. നിലവിലെ ആഗോള സാഹചര്യങ്ങളോടൊപ്പം മേഖലയിലെ പ്രമുഖ ആഗോള ശക്തി കേന്ദ്രങ്ങളുമായി ഇന്ത്യയും ചൈനയും വളര്‍ന്നു വരുന്നതിനെക്കുറിച്ചും ഇരു രാജ്യനേതാക്കളും ചര്‍ച്ച ചെയ്തു.

പുതിയ വിദേശകരാ്യമന്ത്രിയുടെ ആദ്യ ചൈനാ സന്ദര്‍ശനമായിരുന്നു ഇത്. നേരത്തേ ചൈനയുടെ മുന്‍ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ. ജയശങ്കറിന് ആ രാജ്യവുമായി ഏറെ പരിചയവുമുണ്ട്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുമായും ശ്രീ.ജയശങ്കര്‍ ചര്‍ച്ച നടത്തി. ജമ്മു-കാശ്മീരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആഭ്യന്തരകാര്യമാണെന്നും ഇന്ത്യയുടെ സ്വന്തം ഭരണഘടനയിലെ വ്യവസ്ഥിതിയില്‍ താല്‍കാലികമായി വരുത്തിയ ചില മാറ്റങ്ങളാണ് ജമ്മു-കാശ്മീരിനെ സംബന്ധിച്ചുള്ളതെന്നും ജയശങ്കര്‍ വ്യക്തമാക്കി. ജമ്മു-കാശ്മിരിന്റെ സാമൂഹ്യ-സാമ്പത്തിക വികാസവും ആര്‍ജവമുള്ള ഗവണ്‍മെന്റിന്റെ രൂപീകരണവും ലക്ഷ്യമിട്ടാണ് നിയമനിര്‍മ്മാണത്തില്‍ ഭേദഗതികള്‍ കൊണ്ടു വന്നതെന്ന് ശ്രീ.ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യ-ചൈന-നിയന്ത്രണ രേഖയ്‌ക്കോ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനോ ഇതുവഴി യാതൊരു പോറലും ഏല്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായി തുടരുന്ന അവകാശവാദങ്ങള്‍ വിഘാതമുണ്ടാക്കുന്നതാണ് കാശ്മീരിലെ പുതിയ നിയമമെന്ന ചൈനയുടെ നിലപാടിനെയും ശ്രീ. ജയശങ്കര്‍ തള്ളി. ഇന്ത്യാ-ചൈന അതിര്‍ത്തിയെ സംബന്ധിച്ച ചോദ്യത്തിന് 2005-ലെ അതിര്‍ത്തി നിര്‍ണ്ണയ മാര്‍ഗ്ഗ രേഖകള്‍ക്ക് വിധേയമായി ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യവും സുതാര്യവുമായ ഒരു വ്യവസ്ഥ ഇരു രാജ്യങ്ങളും സമ്മാതിച്ചിട്ടുള്ളതാണെന്ന് ശ്രീ. ജയശങ്കര്‍ മറുപടിയായി പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ തീരുമാനം ഇന്ത്യാ-പാകിസ്ഥാന്‍ പിരിമുറുക്കത്തിന് ആക്കം കൂട്ടുമെന്ന ചൈനീസ് വിദേശകാര്യമന്ത്രിയുടെ അഭിപ്രായത്തില്‍, തീരുമാനം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും അത് പാകിസ്ഥാനെ ഒരുതരത്തിലും ബാധിയ്ക്കില്ലെന്നും ശ്രീ ജയശങ്കര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്തോ-ചൈന അതിര്‍ത്തി മേഖലകളില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കുണ്ടായ വ്യാപാരകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഔഷധങ്ങളും ഐ.ടി. ഉല്പന്നങ്ങളും സേവനങ്ങളും കൂടുതലായി വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യാ-ചൈന ബന്ധത്തിന്റെ ഭാവി പരസ്പരമുള്ള സ്വാഭാവികമായ സംവേദന ക്ഷമതയെ ആശ്രയിച്ചായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം ഈ അതിര്‍ത്തി രാജ്യങ്ങള്‍ മേഖലയിലെ വലിയ സാമ്പത്തിക ശക്തികളാണ് എന്ന നിലയിലാണ്. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ ഒരിക്കലും വലിയ തര്‍ക്കങ്ങളായി മാറരുത്. ഇത് ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുള്ള കാര്യവുമാണ്. ഇത് ഇരു രാജ്യങ്ങളുടേയും വികസിച്ചുകൊണ്ടിരിക്കുന്ന പക്വതയുടെ പ്രതിഫലനമാണെന്നും

ശ്രീ. ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യന്‍ വിദേശകാരയമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലൂടെ അഞ്ച് ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്. 2020 വര്‍ഷത്തെ ഉഭയകക്ഷി ബന്ധം, കായിക മേഖല, ഇരു രാജ്യങ്ങളിലേയും ദേശീയ മ്യൂസിയങ്ങളിലെ സാംസ്‌കാരിക കൈമാറ്റം, പരമ്പരാഗത ഔഷധം തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്.

തയ്യാറാക്കിയത്: രൂപാ നാരായണന്‍ ദാസ്

ചൈനീസ് നയതന്ത്ര അവലോകന വിദദ്ധ

വിവരണം : പി.എസ്.തുളസിദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം