പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം - ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ ലക്ഷ്യം

ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ.ലോട്ടേയ് ഷെറിങിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഭൂട്ടാന്‍ സന്ദര്‍ശനം നടത്തി. രണ്ടാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ശ്രീ മോദിയുടെ ആദ്യ ഔദ്യോഗിക ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ഇത്. അയല്‍ക്കാര്‍ ആദ്യം എന്ന ഗവണ്‍മെന്റ് നയത്തിന്റെ ഭാഗമായിത്തന്നെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.


കാശ്മീര്‍ വിഷയം ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ലോക രാഷ്ട്രങ്ങളെ കൊണ്ട് ചര്‍ച്ച ചെയ്യിപ്പിക്കുന്നതിനുള്ള പാക് ശ്രമങ്ങള്‍ക്കിടയിലായിരുന്നു ശ്രീ നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഗവണ്‍മെന്റ് നടപടിയെ ഭൂട്ടാന്‍ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും, ശക്തവും അനിവാര്യവുമായ നടപടിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നാണ് ഭൂട്ടാന്റെ നിലപാട്.

ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉന്നതതല സംഘമാണ് ശ്രീ.മോദിയെ സ്വീകരിക്കുവാന്‍ തിമ്പു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.

ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ഷെറിങും, പ്രധാനമന്ത്രി നരേന്ദ്ര മോദയും ഇരു രാജ്യങ്ങളിലേയും ഉന്നത പ്രതിനിധി സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. ഭൂട്ടാന്‍ പ്രതിപക്ഷ നേതാവ് ഡോ. പേമാ ഗ്യാംഷോയുമായും ശ്രീ. മോദി ചര്‍ച്ച നടത്തി. റോയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനില്‍ നടന്ന ചടങ്ങില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെയും ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രണ്ടാം എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കര്‍ ഭൂട്ടാനും സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതല്‍ ഉത്കൃഷ്ടമാക്കുന്നതിന് വഴിതെളിക്കും.

1968 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന ബന്ധം തെക്കന്‍ ഏഷ്യന്‍ മേഖലയിലെ ഏറ്റവും ദൃഢമായതാണ്. ഇരു രാജ്യങ്ങളും അംഗീകരിച്ച് ഒപ്പിട്ട ഇന്ത്യാ-ഭൂട്ടാന്‍ സൗഹാര്‍ദ്ദ-സഹകരണ കരാര്‍ പ്രകാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലനില്‍ക്കുന്നത്. മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിനും സാമ്പത്തിക വളര്‍ച്ചക്കും ഇന്ത്യയും ഭൂട്ടാനും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു.

ജലവിഭവം, വ്യാപാരവും ഗതാഗതവും, സാമ്പത്തിക സഹകരണം, സുരക്ഷയും അതിര്‍ത്തി സംരക്ഷണവും തുടങ്ങിയ മേഖലകളില്‍ നയതന്ത്ര നീക്കുപോക്കുകള്‍ക്ക് ഇരു രാജ്യങ്ങളും സന്നദ്ധമായി. ഇന്ത്യയാണ് ഭൂട്ടാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയും നിക്ഷേപകനും. ഈ സഹകരണത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ് 2000 മെഗാവാട്ട് ഉല്പാദനശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികള്‍.

വ്യത്യസ്ത മേഖലകളിലായി പത്ത് ധാരണാപത്രങ്ങള്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ബഹിരാകാശ ഗവേഷണം, ഊര്‍ജ്ജ വ്യാപാരം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയവ അതില്‍പ്പെടുന്നു. കൂടാതെ ഇരു രാഷ്ട്ര നേതാക്കളും ഒരുമിച്ച് മാങ്‌ഡെച്ചു ജലവൈദ്യുത പദ്ധതിയുടെയും തെക്കന്‍ ഏഷ്യന്‍ സാറ്റലൈറ്റ് ഭൂസ്റ്റേഷന്‍ എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂട്ടാനില്‍ റുപേ കാര്‍ഡ് ഏര്‍പ്പെടുത്തിയതും ഈയവസരത്തിലാണ്.

ഇന്ത്യ ഭൂട്ടാന് നല്‍കുന്ന പാചകവാതകം പ്രതിമാസം 700 ല്‍ നിന്ന് 1000 എം.ടി. ആയി വര്‍ദ്ധിപ്പിച്ചു. ഭൂട്ടാനില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന ഡോ.ഷെറിങ്‌ന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് ശ്രീ.നരേന്ദ്ര മോദി ഭൂട്ടാന് ഉറപ്പു നല്‍കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കൂടുതല്‍ ഉപകരിച്ചു. പരസ്പര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വഴികള്‍ ഇരു നേതാക്കളും വിപുലമായി ചര്‍ച്ച ചെയ്തു. കാലാവസ്ഥാവ്യതിയാനം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, നയതന്ത്ര വിഷയങ്ങള്‍, ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ഇന്ത്യന്‍ സഹായം എന്നിവയ്‌ക്കൊപ്പം മേഖലയെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളും ഇന്ത്യ-ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.


തയ്യാറാക്കിയത് : ഡോ. നിഹാര്‍ ആര്‍. നായക്

ഭൂട്ടാന്‍ കാര്യ വിദഗ്ദ്ധന്‍

വിവരണം : നരേന്ദ്രമോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം