ഉപരാഷ്ട്രപതിയുടെ ബാള്‍ട്ടിക് സന്ദര്‍ശനം

ബാള്‍ട്ടിക് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ മറ്റൊരു നാഴികക്കല്ലായിരുന്നു ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം. ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്‌വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപരാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്. ബാള്‍ട്ടിക് രാജ്യങ്ങളുമായി ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര സന്ദര്‍ശനമായിരുന്നു ഇത്. ഉന്നത നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് പുറമേ വ്യാപാര-വാണിജ്യ സമ്മേളനങ്ങളിലും ശ്രീ.വെങ്കയ്യ നായിഡു അധ്യക്ഷം വഹിച്ചു. കൃഷി, സൈബര്‍ സുരക്ഷ, വിദ്യാഭ്യാസം, ഇ-ഗവേണന്‍സ് തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച അദ്ദേഹം ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു.


എസ്‌തോണിയന്‍ ഉന്നത ദൗത്യ സമ്മേളനത്തിലും ഉപരാഷ്ട്രപതി സംബന്ധിച്ചു. സംസ്‌കൃതം, യോഗ, ആയുര്‍വ്വേദം തുടങ്ങിയ ഇന്ത്യയുടെ സാംസ്‌ക്കാരിക തനിമകള്‍ ബാള്‍ട്ടിക് ദേശീയതയുമായി ഉള്‍ച്ചേര്‍ക്കുകയായിരുന്നു ഈ ഇടപെടലുകളുടെ ഉദ്ദേശ്യം. വസുദൈവ കുടുംബകം എന്ന് സംസ്‌കൃതത്തില്‍ വിവക്ഷിക്കുന്ന ലോകം ഒന്നാണെന്ന സന്ദേശം ബാള്‍ട്ടിക് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ശക്തമായി പ്രതിഫലിപ്പിക്കാന്‍ ഈ ബന്ധത്തിന് സാധിച്ചു. ഈ മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളിലും പ്രത്യേക ഹിന്ദി പീഠങ്ങള്‍ സ്ഥാപിതമായിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.


ലിത്വാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കാവ്‌നാസ് സന്ദര്‍ശിച്ചു കൊണ്ട് തലസ്ഥാന നഗരങ്ങള്‍ തമ്മില്‍ ബന്ധം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി.


നോര്‍ഡിക്, റഷ്യ, സി.ഐ.എസ്. രാഷ്ട്രങ്ങള്‍ എന്നിവയുടെ വാതായനമാണ് ബാള്‍ട്ടിക് എന്നതാണ് ഈ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പരിപോഷിപ്പിക്കാന്‍ സഹായകമാണ്.


മന്ദഗതിയിലായ യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ തുരുത്തുകളായി ബാള്‍ട്ടിക് രാജ്യങ്ങള്‍ നിലകൊള്ളുന്നു. ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും നൂതന സാങ്കേതികവിദ്യയുടെ വികാസത്തില്‍ അവര്‍ മുന്‍നിരയിലാണ്. 


ഇന്ത്യയുടെയും ബാള്‍ട്ടിക് രാജ്യങ്ങളുടെയും ആഗോള-ആഭ്യന്തര താല്പര്യങ്ങള്‍ സമരസപ്പെടുന്ന ഒരു അവസ്ഥ ഇന്ന് നിലവിലുണ്ട്. പ്രവചനാതീതവും അസ്ഥിരവുമായ പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിലാണ് ഇന്ന് ലോകം നിലനില്‍ക്കുന്നത്. വന്‍ശക്തി ചേരിതിരിവിലെ മാറ്റങ്ങള്‍, ആധിപത്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, ഭൂമിശാസ്ത്ര അടിസ്ഥാനത്തിലുള്ള മത്സരവും അടിയൊഴുക്കുകളും, സുരക്ഷാ ഭീഷണികള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് രാജ്യങ്ങളുടെ തന്ത്രപരമായ നിലപാടുകള്‍ നിര്‍ണ്ണയിക്കുന്നത്. 

21-ാം നൂറ്റാണ്ടില്‍ നിര്‍ണ്ണായകമാകുന്നത് ആഗോളവല്‍ക്കരണമാണ.് വ്യവസായവല്‍ക്കരണത്തിന്റെ നാലാം ഘട്ടത്തിലേക്ക് നാം കടന്നെങ്കിലും സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ സംഭവ വികാസങ്ങള്‍ പുതിയ പങ്കാളിത്തങ്ങള്‍ക്കും, സഖ്യങ്ങള്‍ക്കും വഴിയൊരുക്കുന്നു.


ലോക രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലുമുള്ള ബാള്‍ട്ടിക് രാജ്യങ്ങളുടെ അംഗത്വവും, ആഗോള പ്രശ്‌നങ്ങളെ നേരിടുന്നതിന് ഒത്തൊരുമിച്ച് നിന്ന് ശക്തിയാര്‍ജ്ജിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് പ്രേരണയായി.


നൂതന സാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പൊതുവെ ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. ഇ-ഗവേണന്‍സ്, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയ്ന്‍ തുടങ്ങി സാങ്കേതികവിദ്യയുടെ എല്ലാ സങ്കേതങ്ങളും ഇവിടെ പ്രയോഗത്തിലുണ്ട്. ഇന്ത്യയുടെ വികസന മുഖമുദ്രകളായ മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ബാള്‍ട്ടിക് രാജ്യങ്ങളിലെ കമ്പനികള്‍ക്ക് സാധിക്കും.


സാങ്കേതികവിദ്യയിലും, സാമ്പത്തിക രംഗത്തുമുള്ള പങ്കാളിത്തമാണ് ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന ഘടകം. നൂതന സാങ്കേതികവിദ്യയിലേക്ക് വളരെ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ബാള്‍ട്ടിക് ടെക്‌നോളജി കമ്പനികള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. ആഗോള വികസന തോത് കുറഞ്ഞപ്പോഴും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയും ബാള്‍ട്ടിക് രാജ്യങ്ങളും തമ്മില്‍ എട്ട് കോടി യു.എസ്. ഡോളറിന്റെ വ്യാപാരം നടന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ടൂറിസം, മരുന്ന് നിര്‍മ്മാണം, വിദ്യാഭ്യാസം, ഉല്‍പാദന രംഗം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടി ബാള്‍ട്ടിക് രാജ്യങ്ങളുമായുള്ള സഹകരണം വ്യാപിപ്പിച്ച് ഇന്ത്യ-ബാള്‍ട്ടിക് ബന്ധം കൂടുതല്‍ ഊഷ്മളവും, കാര്യക്ഷമവുമാക്കി തീര്‍ക്കാന്‍ സാധിക്കും.

തയ്യാറാക്കിയത് : രാജര്‍ഷി റോയ് 

IDSA ഗവേഷക

വിവരണം : അനില്‍കുമാര്‍ എ.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം