ഉഭയകക്ഷിബന്ധം പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഇന്ത്യയും നേപ്പാളും

കാഠ്മണ്ഡുവില്‍ നടന്നഇന്ത്യ നേപ്പാള്‍ ജോയിന്റ് കമ്മീഷന്റെ അഞ്ചാമത് യോഗത്തില്‍ ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തപ്പെട്ടു. കണക്ടിവിറ്റി, സാമ്പത്തിക പങ്കാളിത്തം, വ്യാപാരം, ചരക്കുനീക്കം, ഊര്‍ജ്ജം, ജലവിഭവം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ചര്‍ച്ചകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു. ബംഗ്ലാദേശ് നേതാക്കളുമായി നടന്ന ഫലപ്രദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ധാക്കയില്‍ നിന്നും കാഠ്മണ്ഡുവില്‍ എത്തിച്ചേര്‍ന്നത്.

ജോയിന്റ് കമ്മീഷന്‍ യോഗത്തിനു മുന്നോടിയായി ഡോ.ജയശങ്കര്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണ അധികാരത്തില്‍ എത്തിയശേഷം നേപ്പാളിലേക്ക് നടത്തുന്ന ആദ്യ മന്ത്രിതല സന്ദര്‍ശനമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഉന്നതതല സന്ദര്‍ശനങ്ങളിലൂടെ നേപ്പാള്‍-ഇന്ത്യ ബന്ധത്തിലുണ്ടായ ഉണര്‍വില്‍ ജോയിന്റ് കമ്മീഷന്‍ സന്തോഷം പ്രകടിപ്പിച്ചതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2018 മെയ്, ഓഗസ്റ്റ് മാസങ്ങളില്‍ നേപ്പാള്‍ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി ആയിരുന്നു ഈ സന്ദര്‍ശനം.
മോട്ടിഹാരി-അംലേഖ്ഗുഞ്ച് പെട്രോളിയം പ്രോഡക്റ്റ്‌സ് പൈപ്പ്‌ലൈനും, നുവാകോട്ട്, ഗോര്‍ഖ ജില്ലകളിലെ വീടുകളുടെ ഭൂകമ്പാനന്തര പുനര്‍നിര്‍മ്മാണവും പൂര്‍ത്തീകരിക്കുന്നതിന് ഇന്ത്യ നല്‍കിയ സഹായത്തില്‍ ജോയിന്റ് കമ്മീഷന്‍ സന്തോഷം പ്രകടിപ്പിച്ചു. ഭവന പദ്ധതികള്‍ക്കായി ചെലവായ തുകയായ 2.45 ദശലക്ഷം നേപ്പാളി രൂപയുടെ ചെക്ക് രണ്ട് മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഇന്ത്യ കൈമാറി. നേപ്പാളിലെ തെരായ് മേഖലയിലെ റോഡ് സൗകര്യം ശക്തിപ്പെടുത്തുന്നതിനായി 80.71 കോടി രൂപയുടെ മറ്റൊരു ചെക്കും ഇന്ത്യ കൈമാറി.

ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഒപ്പു വച്ചു.
ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലുളള ജയനഗര്‍- ജനക്പൂര്‍, ജോഗ്ബാനി-ബിരാട് നഗര്‍ റെയില്‍വേ, ബിരാട് നഗറിലെ സംയോജിത ചെക്ക് പോസ്റ്റ് എന്നീ പദ്ധതികളിലുണ്ടായ പുരോഗതിയില്‍ ഡോ.ജയശങ്കറും, നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലിയും സംതൃപ്തി പ്രകടിപ്പിച്ചു. രക്‌സൗള്‍-കാഠ്മണ്ഡു വൈദ്യുത റെയില്‍പാത, ഉള്‍നാടന്‍ ജലപാതകള്‍, കാര്‍ഷിക പങ്കാളിത്തം എന്നീ മൂന്ന് മേഖലകളിലുണ്ടായ പുരോഗതിയും ഇരുവരും ചേര്‍ന്ന് വിലയിരുത്തി. രക്‌സൗള്‍-കാഠ്മണ്ഡു റെയില്‍പാത സംബന്ധിച്ച സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. നാരായണി, കോസി നദികളിലൂടെ നേപ്പാളില്‍ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്ന പദ്ധതിയ്ക്കായുള്ള പഠനങ്ങള്‍ വേഗത്തില്‍ മുന്നേറുകയാണ്.

1950 ലെ ഇന്ത്യ-നേപ്പാള്‍ സമാധാന സൗഹൃദ കരാര്‍, ഇന്ത്യ-നേപ്പാള്‍ ബന്ധത്തെക്കുറിച്ച് വിലയിരുത്തിയവിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളുംവിദേശകാര്യ മന്ത്രിമാര്‍ കൈമാറി. വ്യാപാര കരാറുകള്‍, അതിര്‍ത്തി കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ വേഗത്തില്‍ വിലയിരുത്താനും ധാരണയായി.
നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രളയത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ജോയിന്റ് കമ്മീഷന്‍, സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഉദ്യോഗസ്ഥ സംഘം നല്‍കിയ ശുപാര്‍ശകള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും ധാരണയിലെത്തി.

2016 ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന യോഗം കഴിഞ്ഞ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നേപ്പാള്‍ ഇന്ത്യ ജോയിന്റ് കമ്മീഷന്‍ വീണ്ടും യോഗം ചേരുന്നത്. 1987 ലാണ് ഇരു രാജയങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളും ആഭ്യന്തര സഹകരണവും വിലയിരുത്തുന്നതിനായി ജോയിന്റ് കമ്മീഷന്‍ രൂപീകരിച്ചത്.
നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുമായും ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ഇരു രാജ്യങ്ങളും പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ഇന്ത്യ നേപ്പാള്‍ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് കണക്കാക്കുന്നത്.




തയ്യാറാക്കിയത് : രത്തന്‍ സാല്‍ദി, രാഷ്ട്രീയ ലേഖകന്‍

വിവരണം : ദീപു.എസ്.എല്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.