ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനം, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. 1998-ല്‍ ഒപ്പുവച്ചതു മുതല്‍ 20 വര്‍ഷക്കാലമായി നാം കാത്തുസൂക്ഷിക്കുന്ന തന്ത്രപ്രധാന സഹകരണവും ഈ സന്ദര്‍ശനത്തിലൂടെ മെച്ചപ്പെടുകയും ചെയ്തു.
ജമ്മുകാശ്മീരില്‍, അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ഫ്രാന്‍സ് നമുക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയം, ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ഭരണകൂടം, ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അടിസ്ഥാനമാക്കിയുളളതും ദശാബ്ദങ്ങള്‍ നീണ്ടതും ശക്തവുമായ ബന്ധമാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. നൈപുണ്യ വികസനം, വ്യോമയാനം, വിവര സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുളള മാര്‍ഗ രേഖയ്ക്കും ഇരു ഭരണകൂടങ്ങളും അനുമതി നല്‍കി. ഇന്ത്യ-ഫ്രഞ്ച് ബന്ധത്തിലെ ഏറ്റവും ശക്തമായ ഘടകമാണ് പ്രതിരോധ മേഖലയിലെ സഹകരണമെന്ന് വിലയിരുത്തിയ ശ്രീ.മോദി അടുത്തമാസം നടക്കുന്ന റഫേല്‍ വിമാനങ്ങളുടെ ആദ്യഘട്ട വിതരണത്തെയും സ്വാഗതം ചെയ്തു.
ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് പറയുന്നതിനിടെ ഭീകരവാദമടക്കമുളള ആഗോള വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഇരു നേതാക്കള്‍ പറയുകയുണ്ടായി.
ഭീകരവാദവിരുദ്ധ-സുരക്ഷാ മേഖലകളില്‍ സഹകരണം വിശാലമാക്കാനും ഇരുവരും തീരുമാനിക്കുകയുണ്ടായി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവരെ നിരീക്ഷിക്കാനായി സ്ഥാപിതമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിലും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ മികച്ച സഹകരണമാണ് പുലര്‍ത്തുന്നത് അതുകൊണ്ടുതന്നെ FATF നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താനുളള നീക്കം, ഇരു രാജ്യങ്ങളുടെയും വിജയം കൂടിയാണ്. ഭീകരര്‍ക്കുളള ധനസഹായത്തെ പ്രതിരോധിക്കാന്‍ ഈ മാര്‍ച്ചില്‍ നിലവില്‍ വന്ന UNSC പ്രമേയം 2462 നടപ്പിലാക്കണമെന്നും ഇന്ത്യയും ഫ്രാന്‍സും ആവശ്യപ്പെടുകയുമുണ്ടായി.
തീവ്രവാദികള്‍ക്കുളള ധനസഹായം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നവംബറില്‍ മെല്‍ബണില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
സുരക്ഷാ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ഫ്രാന്‍സും വരുണ, ഗരുഡ എന്നീ സംയുക്ത അഭ്യാസങ്ങളും അടുത്തിടെ പൂര്‍ത്തിയാക്കുകയുണ്ടായി. ഇന്തോ-പസഫിക് സമുദ്ര മേഖലയുടെ വളര്‍ന്നു വരുന്ന പ്രാധാന്യത്തിന് ഇന്ത്യയും ഫ്രാന്‍സും ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്ന്. അതുകൊണ്ടു തന്നെ സമുദ്രഗതാഗത മേഖലയില്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനും സൈബര്‍ സുരക്ഷാ- ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കാനും ഇരു രാഷ്ട്രങ്ങളും തീരുമാനിക്കുകയുണ്ടായി.
നിര്‍മ്മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, എക്‌സാ സ്‌കെയില്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ CDAC ഉം ഫ്രഞ്ച് കമ്പനിയായ ATOS ഉം തമ്മില്‍ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. ഈ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നു വരുന്നതിനാവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും.
ഇന്ത്യ-ഫ്രാന്‍സ് സഹകരണത്തിലെ അതിപ്രധാന മേഖലയാണ് ഊര്‍ജ്ജം. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ജൈതാപൂരിലെ ആറ് ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട് NPCIL ഉം ഫ്രഞ്ച് കമ്പനിയായ EDF ഉം തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയും ഇരു രാജ്യങ്ങളും പരിശോധിക്കുകയുണ്ടായി. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ ഫ്രാന്‍സ് എത്തിയതോടുകൂടി, നമ്മുടെ ഊര്‍ജ്ജ മേഖലയിലെ ഫ്രാന്‍സിന്റെ പങ്ക് ഏറെ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വാണിജ്യ-നിക്ഷേപക രംഗത്തുളള സഹകരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുളള 'ഉന്നതതല സാമ്പത്തിക ചര്‍ച്ചകള്‍' പുനരാംരംഭിക്കാനും ശ്രീ മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, 2021-22-ല്‍ നമസ്‌തേ ഫ്രാന്‍സിന്റെ മറ്റൊരു പതിപ്പിനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇരു രാഷ്ട്രങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ കൈമാറ്റത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ ശ്രീ മോദി, ഇന്ത്യയില്‍ പഠിക്കാനെത്തുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ സന്തുഷ്ടിയും പ്രകടിപ്പിച്ചു. ഫ്രാന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്, കുറച്ചു വര്‍ഷങ്ങള്‍ കൂടി അവിടെ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന പ്രത്യേക സഹകരണം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
2022-ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നമ്മുടെ പദ്ധതിയ്ക്കും ഫ്രാന്‍സ് സഹായം നല്‍കും. ഈ പദ്ധതിയ്ക്കാവശ്യമായ വൈദ്യസഹായം നല്‍കുന്നവര്‍ക്കുളള പരിശീലനം ഫ്രാന്‍സ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുകയുണ്ടായി. എയര്‍ഇന്ത്യ വിമാനദുരന്തത്തില്‍ ഫ്രാന്‍സില്‍ മരണമടഞ്ഞ ഇന്ത്യാക്കാര്‍ക്കായി രണ്ട് സ്മാരകവും ശ്രീ മോദി സമര്‍പ്പിക്കുകയുണ്ടായി.
ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട, ആഗോള ഉടമ്പടിയിലെ പ്രശ്‌നങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചാ വിഷയമായി. ചര്‍ച്ചകളിലൂടെ നിലവിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു രാഷ്ട്രങ്ങളും എടുത്തു പറയുകയുണ്ടായി. G7 കൂട്ടായ്മയില്‍ അംഗമല്ലെങ്കില്‍ കൂടിയും, ഈയാഴ്ച നടക്കാനിരിക്കുന്ന G7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ഫ്രാന്‍സ് ക്ഷണിക്കുകയും ചെയ്തു.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഡിജിറ്റല്‍ മേഖലയിലെ പുരോഗതികള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉച്ചകോടിയില്‍ ശ്രീ.മോദി സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, മറ്റു G7 നേതാക്കളുമായി ആശയവിനിമയം നടത്താനും ഇതിലൂടെ പ്രധാനമന്ത്രിയ്ക്ക് അവസരം ലഭിക്കും.
ഇതില്‍ നിന്നൊക്കെതന്നെ ശ്രീമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം, അത്യന്തം വിജയകരമായി എന്ന് നമുക്ക് വിലയിരുത്താം.
തയ്യാറാക്കിയത് : പ്രൊഫ. ഉമ്മു സല്‍മ ബാവാ
ചെയര്‍പേഴ്‌സണ്‍, യൂറോപ്യന്‍ പഠന കേന്ദ്രം, ജെ.എന്‍.യു.
വിവരണം : കരോള്‍ അബ്രഹാം
Comments
Post a Comment