ഇന്ത്യ അസിയാന്‍ ബന്ധം - ദീര്‍ഘകാല പങ്കാളിത്തത്തിലേയ്ക്ക്

ഇന്ത്യയുടെ കിഴക്കേഷ്യന്‍ നയത്തിന് ഉത്തേജനം പകര്‍ന്ന് ആസിയാന്‍- ഇന്ത്യ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബാങ്കോക്ക് സന്ദര്‍ശിച്ചു. ഒന്‍പതാമത് കിഴക്കന്‍ ഏഷ്യ സമ്മേളനം ആസിയാന്‍ റീജിയണല്‍ ഫോറം, ഗംഗാസഹകരണ മന്ത്രിതല സമ്മേളനം എന്നിവയിലും അദ്ദേഹം സംബന്ധിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച സ്വാതന്ത്രവും സുതാര്യവുമായ സമീപനത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആസിയാന്‍ മന്ത്രിതല സമ്മേളനം നടന്നത്. ഇന്തോ- പസഫിക് മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ സമുദ്രതല സഹകരണത്തിനും ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

എം.ജി.സി മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹവും വിയറ്റ്‌നാം ഉപപ്രധാനമന്ത്രി ഫാം ബിന്‍ മിന്നും സംയുക്തമായി അദ്ധ്യക്ഷത വഹിച്ചു. വിനോദസഞ്ചാരം, സംസ്‌ക്കാരം, വിദ്യാഭ്യാസം പൊതുജനാരോഗ്യം, കൃഷിയും അനുബന്ധ മേഖലകളും, ഗതാഗതവും, വാര്‍ത്താ വിനിമയവും, ജലവിഭവം, ശാസ്ത്ര സാങ്കേതികം, കാര്യക്ഷമതാ നിര്‍മ്മാണം എന്നീ മേഖലകളിലേക്കുള്ള 2019-22 വര്‍ഷത്തേക്കുള്ള പദ്ധതികളും യോഗം തയ്യാറാക്കി. മ്യാന്‍മര്‍, വിയറ്റ്‌നാം കംബോഡിയ എന്നീ രാജ്യങ്ങളിലെ പദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ സഹായ വാഗ്ദാനം മേഖലയോടുള്ള ഇന്ത്യയുടെ താല്പര്യം വ്യക്തമാക്കുന്നതായിരുന്നു. 2014 ല്‍ ആരംഭിച്ച 24 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒന്‍പത് ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവില്‍ 18 പദ്ധതികളാണ് കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലായി 2019 ല്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. മ്യാന്‍മറിനോട് സഹകരിക്കേണ്ട പദ്ധതികള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയേയാര്‍വാഡി-ചൗ, ഫ്രായാമെക്കോങ് എന്നീ സാമ്പത്തിക സഹകരണ കൂട്ടായ്മകളുമായി ഇന്ത്യ സഹകരിച്ചു പ്രവര്‍ത്തിക്കും. 

2025 ഓടെ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുന്നതിനായി എം.ജി.സി യുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വേഗം കൈവരിക്കേണ്ടതുണ്ട്. ഇന്ത്യ-മ്യാന്‍മര്‍- തായ്‌ലാന്‍ഡ് വാഹന ഗതാഗത ഉടമ്പടിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ത്രിരാഷ്ട്ര പാത കംബോഡിയയിലേക്കും അവിടെ നിന്നും വിയറ്റ്‌നാമിലേക്കും നീട്ടുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഈ പാത സാമ്പത്തിക ഇടനാഴിയായി വികസിപ്പിക്കാനുള്ള സാധ്യതകളെ സംബന്ധിച്ച പഠനം ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പദ്ധതിക്കായി 100 കോടി അമേരിക്കന്‍ ഡോളറാണ് ഇന്ത്യ മാറ്റി വച്ചിരിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചയിലാണ്.

നവംബറില്‍ നടക്കാനിരിക്കുന്ന കിഴക്കനേഷ്യന്‍ ഉച്ചകോടിയുടെ മുന്നോടിയായി ഈ രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗം നടന്നു. മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുള്ള വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ആഗോള രാഷ്ട്രീയ- സുരക്ഷാ- സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മേഖലാ വികസനം മുന്‍ നിര്‍ത്തി തയ്യാറാക്കിയ മനിലാ ആക്ഷന്‍ പ്ലാനും നോംപെന്‍ പ്രഖ്യാപനവും ചര്‍ച്ചയായി. തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്താനും 26-ാംമത് യോഗത്തില്‍ ധാരണയായി. മാര്‍ച്ചില്‍ നടന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടൊപ്പം സൈനികരുടെ ചികിത്സാ സംബന്ധമായ ഒരു പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ കിഴക്കനേഷ്യന്‍ നയത്തില്‍ ദക്ഷിണ-പൂര്‍വ്വേഷ്യയ്ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തി ബന്ധം കൂടുതല്‍ ഉയരത്തിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. വ്യാപാരം, ഗതാഗതസൗകര്യം, സംസ്‌ക്കാരം എന്നീ മൂന്നു ഘടകങ്ങളിലൂന്നിയാണ് സഹകരണം. 30 വ്യത്യസ്ത തലങ്ങളിലായി ഇന്ത്യ-ആസിയാന്‍ സഹകരണം മുന്നേറുകയാണ്. ഇന്ത്യന്‍ മഹാസമുദ്രമേഖലയുടെ വാതായനമായാണ് ദക്ഷിണ പൂര്‍വ്വേഷ്യ കരുതപ്പെടുന്നത്. ഒപ്പം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്ന ഒരു സമ്പദ് വ്യവസ്ഥയും കൂടിയാണിത്. ഇന്തോ-പസഫിക് മേഖലയുടെ വളര്‍ച്ചയില്‍ കൂടുതല്‍ ശക്തവും സമ്പന്നവുമായ ആസിയാന് നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിയുമെന്ന് ഇന്ത്യ കരുതുന്നു.

തയ്യാറാക്കിയത് : തിത്‌ലി ബസു

ദക്ഷിണ-കിഴക്കന്‍ ഏഷ്യ യുദ്ധതന്ത്ര വിശകലന വിദഗ്ധന്‍

വിവരണം : രഞ്ജിത്ത്

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.