ഇമ്രാന്‍ഖാന്‍ ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പാകിസ്ഥാനില്‍ സമ്മിശ്ര പ്രതികരണം
തയ്യാറാക്കിയത് : അശോക് ഹന്‍ഡൂ
രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം രഞ്ജിത്.
പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ ഗവണ്‍മെന്റ് കഴിഞ്ഞയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കി. വാര്‍ഷിക ദിനമായ ജൂലൈ 25 നന്ദി പ്രകാശന ദിനമാക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധ മുയര്‍ത്തിയ പ്രതിപക്ഷം കരിദിനമായാണ് ആചരിച്ചത്. പാകിസ്ഥാന്‍ മുസ്ലീം ലീഗും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ചേര്‍ന്ന ഐക്യപ്രതിപക്ഷം ലാഹോര്‍, കറാച്ചി, ക്വറ്റ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. മറിയം നവാസ്, ബിലാവല്‍ റുട്ടോ സര്‍ദാരി, മൗലാന ഫസലുള്‍ റഹ്മാന്‍ തുടങ്ങിയര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതായും, മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതായും, സമ്പദ് വ്യവസ്ഥയെ തകര്‍ത്തതായും അവര്‍ ആരോപിച്ചു. ഈ മാസം തന്നെ ഇമ്രാന്‍ഖാന്‍ രാജി വയ്ക്കണമെന്നും അല്ലെങ്കില്‍ ഇസ്ലാമാബാദിലേക്ക് രാജ്യമൊറ്റക്കെട്ടായി മാര്‍ച്ച് ചെയ്ത് ഗവണ്‍മെന്റിനെ പുറത്താക്കുമെന്നുള്ള അന്ത്യശാസനമാണ് മൗലാന ഫസലുള്‍ റഹ്മാന്‍ നല്‍കിയത്.
മുമ്പ് നവാസ് ഷെരീഫിനെ പുറത്താക്കാന്‍ ഇമ്രാന്‍ഖാനും, ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിലേക്ക് ലോങ് മാര്‍ച്ചും നാല് മാസം നീണ്ട് നിന്ന 24 മണിക്കൂര്‍ ഉപവാസവും ഇമ്രാന്‍ സംഘടിപ്പിച്ചിരുന്നു. ഇത് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചടിയ്ക്കായി ഇമ്രാന്റെ പാത തന്നെയാണ് പ്രതിപക്ഷം തെരഞ്ഞെടുത്തിരിക്കുന്നത്.
സദ്ഭരണത്തിലൂടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുള്ള പുതിയ പാകിസ്ഥാന്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് ഇമ്രാന്‍ ഭരണത്തിലേറിയത്. എന്നാല്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാവുകയും, വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാവുകയുമാണുണ്ടായത്. മറ്റ് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുമ്പോള്‍ റൊട്ടിയുടേയും, നാനിന്റെയും വില കുറയ്ക്കാനുള്ള വിചിത്ര ഉത്തരവാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഴിമതി വിരുദ്ധ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളായ നവാസ് ഷെരീഫ്, ആസിഫ് അലി സര്‍ദാരി, ഷാഹിദ് ഖാഖാന്‍ അബ്ബാസി എന്നിവരെ ജയിലിലടച്ചു ഇമ്രാന്‍ഖാന്‍. സര്‍ദാരി മുന്‍ പാക് പ്രസിഡന്റായിരുന്നു. സൈന്യത്തിന്റെ പാവയായ സൈന്യം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് ഇമ്രാന്‍ഖാന്‍ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ സാമ്പത്തിക വികസന കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയ നടപടി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കരസേനാ മേധാവി പ്രധാനമന്ത്രിയെ അനുഗമിക്കുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.
പാകിസ്ഥാന്‍ ഭരണത്തില്‍ സൈന്യത്തിനുള്ള സ്വാധീനം ഇത് വ്യക്തമാക്കുന്നു. അധികാരമേറ്റയുടന്‍ പാക് വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആരിഫ് മിയാനെ സാമ്പത്തിക വികസനകാര്യ സമിതിയംഗമാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും സൈന്യത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇമ്രാന് പിന്മാറേണ്ടി വന്നിരുന്നു. അതോടുകൂടി ഭരണത്തില്‍ സൈന്യം പിടിമുറുക്കിയിരുന്നു. സൈനിക ജനറല്‍മാര്‍ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്ന ഭരണത്തിന്റെ ജനകീയ മുഖമായാണ് ഇമ്രാന്‍ അവതരിപ്പിക്കപ്പെട്ടത്. തന്റെ പാര്‍ട്ടിയായ തെഹ്‌രിക് - ഇ- ഇന്‍സാഫ് പാര്‍ട്ടിക്ക് രാജ്യത്ത് ആഴത്തില്‍ വേരുറപ്പിക്കാനാകാത്തതിനാല്‍ ഇമ്രാന് സൈന്യത്തിന്റെ സഹായം ഒഴിച്ചുകൂടാനാവില്ല.
ജൂലൈ 25 ന് വാര്‍ഷികാഘോഷങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്ത മാധ്യമങ്ങള്‍ പ്രതിഷേധ പരിപാടികള്‍ വാര്‍ത്തയാക്കുക പോലും ചെയ്യാത്തത് മാധ്യമങ്ങളുടെ മേലുള്ള നിയമന്ത്രണം വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികള്‍ക്കെതിരെ മാധ്യമ സ്ഥാപനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ 2018-ലെ തിരഞ്ഞെടുപ്പിന് ഇമ്രാന്‍ഖാന് മുമ്പ് അകമഴിഞ്ഞ പിന്തുണയാണ് മാധ്യമങ്ങള്‍ നല്‍കിയിരുന്നത് എന്നതാണ് വിരോധാഭാസം. മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കാന്‍ മാധ്യമ കോടതികള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതാണ് അവസാനത്തെ സംഭവവികാസം.
ക്രമസമാധാനം ഉറപ്പുവരുത്തി ശക്തമായ പാകിസ്ഥാന്‍ സൃഷ്ടിക്കുകയെന്ന ഇമ്രാന്റെ വാഗ്ദാനം വൃഥാവിലായിരിക്കുകയാണ്. ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള പോരാട്ടം വരുംനാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് സാരം.
Comments
Post a Comment