ഇന്ത്യാ-നേപ്പാള്‍ പെട്രോളിയം പൈപ്പ്‌ലൈന്‍ നിലവില്‍ വന്നു

ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പൈപ്പ്‌ലൈന്‍ ബന്ധം നിലവില്‍ വന്നതോടെ ഇന്ത്യയും നേപ്പാളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഒരു നാഴിക കല്ലുകൂടി പിന്നിട്ടു.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ സംയുക്തമായാണ് പെട്രോളിയം ഉല്‍പ്പന്ന പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ മോത്തിഹാരിയിലും നേപ്പാള്‍ പ്രധാനമന്ത്രി നേപ്പാളിലെ ആംലക് ഗുഞ്ചിലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഈ ചരിത്ര നിമിഷത്തിന് നാന്ദി കുറിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 32.7 കിലോമീറ്ററും നേപ്പാളില്‍ 37.2 കിലോമീറ്ററും പങ്കിടുന്ന പൈപ്പ്‌ലൈനിന്റെ ആകെ ദൂരം 69 കിലോമീറ്ററാണ്. രണ്ട് മില്ല്യണ്‍ ടണ്‍ ശുദ്ധമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ വര്‍ഷം മുഴുവന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏറ്റവും അടുത്ത ഉഭയകക്ഷി സഹകരണമായി നമുക്കിതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ മോത്തിഹാരി-ആംലെക് ഗുഞ്ച് പൈപ്പ് ലൈന്‍ പദ്ധതി മേഖലയിലെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ഗതാഗത ചെലവ് പടിപടിയായി കുറയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ പദ്ധതി ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതിനും ഒപ്പം വൈവിധ്യമാര്‍ന്ന മേഖലകളിലേയ്ക്ക് ഈ ബന്ധം വ്യാപിപ്പിക്കുന്നതിനും ഹിമാലയന്‍ രാഷ്ട്രത്തിന്റെ വികസന പ്രക്രിയയില്‍ താങ്ങാകാനുള്ള ഇന്ത്യയുടെ അര്‍പ്പണത്തിന് മുതല്‍ കൂട്ടാകുമെന്നും ശ്രീ നരേന്ദ്രമോദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യാ-നേപ്പാള്‍ സഹകരണം ശക്തമാക്കാനുള്ള ഉന്നത രാഷ്ട്രീയതല വിജയമായി ഇതിനെ വിശേഷിപ്പിക്കാമെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.
പൈപ്പ്‌ലൈന്‍ പദ്ധതി, വ്യാപാര, വാണിജ്യ, അടിസ്ഥാന സൗകര്യ, ചരക്കു ഗതാഗത ബന്ധത്തിന് ഉത്തമോദാഹരണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി കാഡ്മണ്ഠുവില്‍ പറഞ്ഞു. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്താല്‍ ഇന്ത്യയ്ക്കും നേപ്പാളിലും വികസനകാര്യത്തിലും പുരോഗതിയിലും രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിലും ഓരേ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ദൃഢമിശ്ചയമാണുള്ളതെന്നും ശ്രീ ശര്‍മ്മ ഒലി പറഞ്ഞു. തുടര്‍ന്ന് നേപ്പാളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും നേപ്പാളി ജനതയ്ക്ക് ആശ്വാസമായി. ഇന്ത്യയില്‍ നിന്നുള്ള ഇന്ധന പൈപ്പ്‌ലൈന്‍ ബന്ധം വഴി പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുന്നു എന്ന് മാത്രമല്ല ഇതിലൂടെ സമയലാഭവും, റോഡ് ഗതാഗതം കുറയുകയും ടാങ്കുകള്‍ ഉയര്‍ത്തുന്ന വായു മലിനീകരണ തോത് കുറയ്ക്കുകയും ചെയ്യും എന്നുള്ളതാണ് ലാഭമെന്നും ശ്രീ ശര്‍മ്മ ഒലി പറഞ്ഞു.
1973 മുതല്‍ ഇന്ത്യയില്‍ നിന്ന് നേപ്പാള്‍ എണ്ണ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എണ്ണ ഉല്പ്പന്നങ്ങള്‍ കൊണ്ടുവരാനായി പരമ്പരാഗതമായ എണ്ണ ടാങ്കറുകളും നേപ്പാള്‍ ഉപയോഗിച്ചുവരുന്നുണ്ട്. പൊതമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബീഹാറിലുള്ള ബറൗനി എണ്ണ ശുദ്ധീകരണശാലയില്‍ നിന്നുമാണ് ഇവിടേക്ക് എണ്ണ കൊണ്ടുവരുന്നത്. നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള ഈ കരാര്‍ 2017 ല്‍ പുതുതായിട്ടുള്ളതും. 2022 വരെ അതിന് പ്രാബല്യമുള്ളതുമാകുന്നു.
1996 ല്‍ നിര്‍ദ്ദേശിക്കപ്പെട്ട മോത്തിഹാരി ആംലെക്ഗുഞ്ച് പൈപ്പ് ലൈന്‍ പദ്ധതിയ്ക്ക് വര്‍ഷങ്ങളോളം ഒരു പുരോഗതിയും ഉണ്ടായില്ല. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട ധാരണാ പത്രങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും 2015 സെപ്റ്റംബറില്‍ ഒപ്പിട്ടു.
കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി ഹൈദ്രാബാദ് സന്ദര്‍ശന വേളയില്‍ ഇരുരാജ്യ നേതാക്കളും വിദൂര നിയന്ത്രണത്തിലൂടെ പദ്ധതിയ്ക്ക് തറക്കലിടുകയും ചെയ്തു.
30 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥരുടെ ആശ്രാന്ത പരിശ്രമം കൊണ്ട് വിചാരിച്ചിരുന്നു തന്റെ പകുതി സമയത്തിനുള്ളില്‍ തന്നെ റെക്കോര്‍ഡ് വേഗത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. നേപ്പാളിലെ ഇന്ത്യന്‍ സഹായത്തോടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ കാലവിളംബം നേരിടുന്നു എന്ന വിമര്‍ശനത്തിന് ഇതോടെ തടയിടാനും കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് കാലതാമസം എടുത്തിരുന്നുവെങ്കില്‍ അത് നിയമക്കുരുക്കുകള്‍ക്കും അമിത ചെലവിനും കാരണമാകുമായിരുന്നു. നിലവിലെ പദ്ധതികളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും നിരന്തരം ഉന്നതതലയോഗങ്ങള്‍ ചേരുന്നുണ്ട്. ഏറ്റവും അവസാനം ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതലയോഗം കഴിഞ്ഞ മാസം കാഡ്മണ്ഡുവില്‍ ചേര്‍ന്ന് നിലവിലെ അവസ്ഥകളെക്കുറിച്ചും പരസ്പരം സഹകരണത്തിനുമുള്ള പുതിയ മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയില്‍ ഇരുരാജ്യനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. 2015 ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 50,000 കുടുംബങ്ങള്‍ക്ക് ഇന്ത്യ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിന് ശ്രീ ഒലി ഇന്ത്യയെ നന്ദി അറിയിച്ചു.


തയ്യാറാക്കിയത് : രത്തന്‍ സാല്‍ഡി
രാഷ്ട്രീയ ലേഖകന്‍

വിവരണം : തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം