പ്രാദേശിക സമഗ്രസാമ്പത്തിക പങ്കാളിത്ത ഫോറത്തിന്റെ ഏഴാമത് യോഗം


മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത ഫോറത്തിന്റെ ഏഴാമത് യോഗം ബാങ്കോക്കില്‍ അടുത്തിടെ നടന്നു. അമേരിക്ക-ചൈന വ്യാപാര യുദ്ധവും, ജപ്പാന്‍-സൗത്ത് കൊറിയ സാമ്പത്തിക സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം നടന്നത്. ഇന്ത്യ കഴിഞ്ഞമാസം നടന്ന തൊട്ടുമുമ്പത്തെ മേഖലാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ യോഗത്തില്‍ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്തു. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ചലനാത്മകത ഉത്തേജിപ്പിക്കുന്നത് ലക്ഷ്യം വച്ചായിരുന്നു ഇന്ത്യയുടെ ഇത്തവണത്തെ പങ്കാളിത്തം. മന്ത്രിതല യോഗത്തിലും ശ്രീ ഗോയല്‍ പങ്കെടുക്കുകയും, രാജ്യത്തിന്റെ ബഹുമുഖ, ഉഭയകക്ഷി വിഷയങ്ങളില്‍ മറ്റ് അംഗരാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ആര്‍.സി.ഇ.പിയില്‍ ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 അംഗരാഷ്ട്രങ്ങളാണ് ഉളളത്. ആസിയാന്‍ മേഖലയും ചുറ്റുപാടും ഉളള രാജ്യങ്ങളും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര വ്യാപാര വ്യവസ്ഥ പ്രവര്‍ത്തനോന്മുഖമാക്കാന്‍ ഉദ്ദേശിച്ചാണ് ആര്‍.സി.ഇ.പി രൂപം കൊണ്ടത്. മേഖലയ്ക്ക് ഒരു സ്വതന്ത്ര വ്യാപാര വ്യവസ്ഥ ഉണ്ടാക്കുകയെന്ന പ്രാഥമിക ലക്ഷ്യം ഏഴാമത് യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ അന്തിമ കരാര്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് തായ്‌ലന്റ് ഉപ പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയുമായ ജൂറിന്‍ ലക്‌സനാവിസിറ്റ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ബ്ലോക്ക് ആണ് അസിയാന്‍. സാമ്പത്തിക രംഗത്തുള്‍പ്പെടെ സാര്‍ക്ക് കൂട്ടായ്മ നിഷ്പ്രഭമായതോടെ ഇന്ത്യ ആസിയാനുമായുളള സഹകരണം വര്‍ദ്ധിപ്പിച്ചു. ഇന്ന് ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളികള്‍ അസിയാന്‍ അംഗരാജ്യങ്ങളാണ്. അമേരിക്ക പോലും ഇതിനുശേഷമേ വരുന്നുളളൂ. 2005-2006 ല്‍ ആസിയാന്‍ രാജ്യങ്ങളുമായുളള ഉഭയകക്ഷി വ്യാപാരം യു.എസ്. ഡോളര്‍ 21 ബില്യണ്‍ ആയിരുന്നത് 2018-19 ആയപ്പോള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 96.7 ബില്യണ്‍ യു.എസ് ഡോളറായി. 2018-19 ല്‍ ഇന്ത്യയുടെ മൊത്ത വ്യാപാരത്തിന്റെ 11.47 ശതമാനം വഹിച്ച് ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളികളായി മാറിയിട്ടുണ്ട്. 2018 ല്‍ ആസിയാന്‍ കൂട്ടായ്മയുടെ ആറാമത് വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.
ഈ സാഹചര്യത്തില്‍ ഒരു സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ നിരവധി മേഖലകളില്‍ ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ ലഭ്യമാകും. ചരക്ക്, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, ഗവണ്‍മെന്റ് സംഭരണം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ കേന്ദ്ര ഭാഗത്താണ് ആസിയാന്‍ മേഖലയുമായുളള സഹകരണമെന്നത് എടുത്ത് പറയേണ്ട സംഗതിയാണ്. ഇന്തോ-പസഫിക് മേഖലയിലേയ്ക്കുളള ഇന്ത്യയുടെ കവാടമാണ് ആസിയാന്‍. പരസ്പരണ സഹകരണത്തിലും വ്യാപാരത്തിലും ഇന്ത്യയുടേയും ആസിയാന്റേയും വീക്ഷണഗതിയില്‍ യോജിപ്പും ദൃശ്യമാണ്. ആസിയാന്‍ മേഖലയിലെ മിക്ക രാജ്യങ്ങളുമായും മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യയ്ക്കുളളത്. എന്നാല്‍ മലേഷ്യ; ദക്ഷിണകൊറിയ പോലുളള ചില രാജ്യങ്ങളുമായുളള വ്യാപാര കമ്മി പരിഹരിക്കേണ്ടതുണ്ട്. 2018-19 കാലഘട്ടത്തിലെ ആസിയാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിദേശത്തുനിന്നും നേരിട്ടുമുളള നിക്ഷേപം 16.41 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് ഇന്ത്യയില്‍ ലഭിച്ച നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ 37 ശതമാനമാണ്. ഇന്ത്യയില്‍ നിന്നും ആസിയാനിലേയ്ക്കുളള എഫ്.ഡി.ഐ 1.7 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ആസിയാന്റെ ആറാമത് വലിയ എഫ്.ഡി.ഐ ഉറവിടമാണ് ഇന്ത്യ.
ജപ്പാന്‍, സിംഗപ്പൂര്‍, ചൈന, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഫിലിപൈന്‍സ്, തായ്‌ലന്റ് വ്യാപാര മന്ത്രിമാരുമായി പീയുഷ് ഗോയല്‍ മേഖലാ യോഗത്തിനിടെ ചര്‍ച്ചകള്‍ നടത്തി.
2010 ജനുവരിയിലാണ് ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വന്നത്. അന്ന് പാമോയില്‍, റബ്ബര്‍, കോഫി, തേയില, കുരുമുളക് തുടങ്ങിയ വസ്തുക്കളില്‍ കേന്ദ്രീകരിച്ചായിരുന്നു വ്യാപാരം. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ ചരക്കുകള്‍ വന്‍ തോതില്‍ കുറഞ്ഞ താരിഫ് നിരക്കില്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നും അത് ഇന്ത്യന്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി ആശങ്കകള്‍ നിലവിലിരുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളെ, നിയന്ത്രിത താരിഫ് ഉളള പ്രത്യേക ഉല്‍പ്പന്നങ്ങളായോ, ഒഴിവാക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തതിലൂടെ, കരാറിന്റെ പരിധിയില്‍ നിന്നും വെളിയിലാക്കി നിര്‍ത്തി. ഈ സ്വതന്ത്രവ്യാപാര കരാറിന്റെ സാമ്പത്തിക ലക്ഷ്യം പുനരവലോകനം ചെയ്യപ്പെടുകയും ചെയ്തു.
ആസിയാനുമായുളള സ്വതന്ത്രവ്യാപാര കരാര്‍ പുനരവലോകനം ചെയ്യാനുളള ഇന്ത്യയുടെ തീരുമാനം ആര്‍.സി.ഇ.പി ചര്‍ച്ചകളെ ബാധിക്കില്ല. ഈ വര്‍ഷം അവസാനത്തോടെ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത ഫോറത്തിന്റെ സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമാകുമെന്നാണ് പ്രതീക്ഷ. അടുത്തവര്‍ഷം ആദ്യം ഇതുസംബന്ധിച്ച അന്തിമ കരാര്‍ നിലവില്‍ വരും. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നതെന്ന് ശ്രീ.പീയുഷ് ഗോയല്‍ പറഞ്ഞു. വ്യാപാരത്തിലും നിക്ഷേപത്തിലും സ്ഥായിയായ വളര്‍ച്ചയ്ക്കായി ഇന്ത്യ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും വാണിജ്യമന്ത്രി മേഖലാ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : മനോഹര്‍ മനോജ്,
സാമ്പത്തിക കാര്യ മാധ്യമപ്രവര്‍ത്തകന്‍
വിവരണം : ഷീജ ഗണേഷ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം