ഭൂമി നശീകരണം ചെറുക്കാന്‍ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു
ഭൂമി ഒരു സുപ്രധാന വിഭവമാണ്. മനുഷ്യന് ജീവിക്കാനാവശ്യമായ ആഹാരം, ശുദ്ധജലം, മറ്റ് സേവനങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം ഭൂമിയില്‍ നിന്നും ലഭിക്കുന്നു. കാലാവസ്ഥ സംവിധാനത്തിലും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു.
ജനസംഖ്യാ വര്‍ദ്ധന മൂലമുണ്ടായ മണ്ണിന്റേയും ശുദ്ധജലത്തിന്റേയും അമിതോപയോഗം ഭൂമിയുടെ നശീകരണത്തിന് വഴിവച്ചു. കൃഷി, കന്നുകാലി വളര്‍ത്തല്‍, നഗരവത്കരണം, വനനശീകരണം, വരള്‍ച്ച പോലുള്ള തീവ്ര കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ മണ്ണിന്റെ ഗുണക്ഷയത്തിന്
ആക്കം കൂട്ടി. മഞ്ഞുപാളികള്‍ ഇല്ലാത്ത 70 ശതമാനം ഭൂമിയിലും മനുഷ്യന്‍ മൂലം നാശം ഉണ്ടായിട്ടുണ്ട്. മണ്ണിന്റെ ഗുണക്ഷയം,
മരുവത്കരണം എന്നിവയാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നം. ജൈവ സമ്പുഷ്ടമായ ഭൂമിയ്ക്ക് ഗുണക്ഷയം സംഭവിക്കുന്നതിലൂടെ മരുവത്കരണം ഉണ്ടാകുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി 197 രാജ്യങ്ങളില്‍ നിന്നായി 9,000 പ്രതിനിധികള്‍ സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. മരുവത്കരണം ചെറുക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ പതിനാലാമത് സമ്മേളനത്തിന് ആതിഥ്യം നല്‍കിയത് ഇന്ത്യയായിരുന്നു.
ഭൂമിയുടെ പരിപാലനം, നശിച്ചുപോയ ഭൂമിയെ പൂര്‍വ്വസ്ഥിതിയിലാക്കല്‍, വരള്‍ച്ച, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം, വനിതാ ശാക്തീകരണം, ലിംഗസമത്വം, ജലദൗര്‍ലഭ്യം തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍, ഐക്യരാഷ്ട്രസഭയിലേയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേയും തലവന്മാര്‍, ഗവണ്‍മെന്റിതര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
12 ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ ഭൂമിയെ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനായുള്ള ന്യൂഡല്‍ഹി പ്രഖ്യാപനത്തിനും സമ്മേളനം രൂപം നല്‍കി. 2015 ഡിസംബറിലെപാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ലോകരാജ്യങ്ങള്‍
കാലാവസ്ഥ, ജൈവവൈവിധ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിഹാരങ്ങള്‍ കൊണ്ടുവരണമെന്നാണ് പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നത്.
ഭൂനശീകരണം, മരുഭൂമിവത്കരണം, വരള്‍ച്ച എന്നിവ തടയുന്നതിനായി 35 തീരുമാനങ്ങളാണ് പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്. 35 തീരുമാനങ്ങള്‍ പാലിക്കാന്‍ 197 രാജ്യങ്ങള്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ട്.
സുസ്ഥിര വികസനം സാധ്യമാക്കാനായി 2030-ഓടെ ലാന്‍ഡ് ഡിഗ്രസേഷന്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍ രാജ്യങ്ങള്‍ സംയുക്തമായി തീരുമാനമെടുത്തു.
ഭൂവിഭവങ്ങളുടെ അളവും, ഗുണനിലവാരവും സുസ്ഥിരമായി നിലനിര്‍ത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുക എന്നതാണ് ലാന്‍ഡ് ഡിഗ്രസേഷന്‍ ന്യൂട്രാലിറ്റി എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിലൂന്നിയിട്ടുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയിലുടനീളം ഉന്നയിക്കപ്പെട്ടത്. ലോക വ്യാപകമായി, പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതും ഗ്രാമീണ കര്‍ഷകരുമായ 3.2 ബില്യണ്‍ ജനങ്ങളെ ഭൂമിയുടെ നശീകരണം സാരമായി ബാധിച്ചിട്ടുണ്ട്.
ആഗോള ഭൗമ നയത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. 2030-ഓടെ തരിശായി കിടക്കുന്ന 26 മില്യണ്‍ ഹെക്ടര്‍ ഭൂമി വീണ്ടെടുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ് ശ്രീ. നരേന്ദ്ര മോദി പറഞ്ഞത്.
സി.ഒ.പി. 14-ന്റെ നിലവിലെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്കാണ് വരുന്ന രണ്ട് വര്‍ഷത്തേയ്ക്ക് കൂടി ഇത് തുടരും.
ഭൂമിയുടെ ഉടമസ്ഥാവകാശം, ലിംഗഅസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക ഭൂമി വീണ്ടെടുക്കുക, ഭൗമസംബന്ധമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക മുതലായ കാര്യങ്ങള്‍ രാജ്യങ്ങള്‍ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ തീരുമാനങ്ങള്‍ ദേശീയ തലത്തില്‍ നടപ്പാക്കാനുള്ള ധനസഹായത്തിനായി സ്വകാര്യ മേഖലകള്‍ അടക്കമുള്ളവരില്‍ നിന്നുള്ള വിഭവ സമാഹരണവും ലക്ഷ്യമിടുന്നു. ആരോഗ്യം, വികസനം, വളര്‍ച്ച തുടങ്ങിയ മേഖലകളുടെ തളര്‍ച്ചയ്ക്ക് മരുഭൂമിവത്ക്കരണം കാരണമാകുന്നുവെന്ന് എല്ലാ രാജ്യങ്ങളും തിരിച്ചറഞ്ഞു കഴിഞ്ഞു. ജനാരോഗ്യവും ക്ഷേമവും പാരിസ്ഥിതികാരോഗ്യവും ലക്ഷ്യമാക്കിയുള്ള പുത്തന്‍ സംരംഭങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും പുലരണമെന്ന് ആഗ്രഹത്തലാണിത്.
സംയോജിത ഭൂവിനിയോഗം തദ്ദേശ ഭരണകൂടങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന അഭിപ്രായം പ്രഖ്യാപനം മുന്നോട്ട് വയ്ക്കുന്നു. ഭൂമിയുടെ അമിത ഉപയോഗത്തിന്റേയും മണ്ണെടുക്കല്‍ പ്രക്രിയയുടേയും നിരക്ക് കുറയ്ക്കണമെന്നും ഇത് നിര്‍ദ്ദേശിക്കുന്നു.
ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്. മരുഭൂമിവത്ക്കരണത്തിന്റെയും
ഭൂനശീകരണത്തിന്റേയും വരള്‍ച്ചയുടേയും പരിണിത ഫലങ്ങള്‍ ഉച്ചകോടി പ്രത്യേക ശ്രദ്ധ നല്‍കി.
ജൈവ വൈവിധ്യ നഷ്ടവും ആഗോള പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനവും അഭിമുഖീകരിക്കാനുള്ള ഏറ്റവും ലളിതമായ പരിഹാരം ഭൂമി പുനസ്ഥാപിക്കല്‍ മാത്രമാണെന്ന് യു.എന്‍.സി.സി.ഡി. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയാവ് പറയുന്നു. കാലാവസ്ഥയും ജൈവ വൈവിധ്യവും ഭൂമി പുനസ്ഥാപിക്കലും തമ്മില്‍ വ്യക്തമായ ബന്ധമുള്ളതായും അദ്ദേഹം പറഞ്ഞു.
തയ്യാറാക്കിയത് : കെ.വി. വെങ്കിട സുബ്രഹ്മണ്യന്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍
വിവരണം : ദീപു
Comments
Post a Comment