രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം
ഉഭയകക്ഷി - സാമ്പത്തിക - രാഷ്ട്രീയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരം. ഒമ്പത് ദിവസം നീണ്ട സന്ദര്‍ശനത്തിനിടയില്‍ ഐസ്‌ലാന്‍ഡുമായി വിവിധ കരാറുകളില്‍ ഇന്ത്യ ഒപ്പു വെച്ചു. മത്സ്യബന്ധന രംഗത്തെ സഹകരണം, സാംസ്‌കാരിക സഹകരണം കൂടാതെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കുള്ള വിസ, ഐസ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി ചെയര്‍ രൂപീകരിക്കല്‍ തുടങ്ങി വിവിധ ധാരണാപത്രങ്ങള്‍ ഒപ്പു വച്ചു. നോര്‍ദിക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ഐസ്‌ലാന്‍ഡുമായി ഷിപ്പിംഗ്, ഫിഷറീസ്, ഊര്‍ജ്ജം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.
ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഐസ്‌ലാന്‍ഡ് പിന്തുണ അറിയിച്ചു. സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്‌ലാന്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളു മായി സംവദിച്ചു. പാരീസ് ഉടമ്പടി പൂര്‍ണ്ണമായും ഇന്ത്യ പാലിക്കുമെന്നും 2022-ഓടെ രാജ്യത്ത് ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ - ഐസ്‌ലാന്‍ഡ് ബിസിനസ് ഫോറത്തെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണ ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു.
തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റിലേക്കായിരുന്നു രാഷ്ട്രപതിയുടെ സന്ദര്‍ശനം. ബോണ്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം തുടങ്ങി വിവിധ മേഖലകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും, പുരാതന ജനാധിപത്യ രാജ്യവും തമ്മിലുള്ള സഹകരണം ചരിത്രപരമായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
1896-ല്‍ സ്വാമി വിവേകാനന്ദന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ച കാര്യം രാഷ്ട്രപതി അനുസ്മരിച്ചു. നോബല്‍ പുരസ്‌കാര ജേതാവ് റൊമേയ്ന്‍ റോളണ്ടിന്റെ ക്ഷണപ്രകാരം 1931-ല്‍ മഹാത്മാഗാന്ധി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ സന്ദര്‍ശനത്തേയും, ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയും, സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ സാമ്പത്തികരംഗത്തെ സഹകരണം ശക്തമാണ്. ഏതാണ്ട് 250-ഓളം സ്വിസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2015-ല്‍ വജ്രജൂബിലി, ആഘോഷിച്ച ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സ്വിസ് സഹകരണത്തോടെ നിര്‍മ്മിച്ചതാണ്. ശാസ്ത്രവും, സാങ്കേതികതയും പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കണ്ടുപിടിത്ത ങ്ങളുടെ ലോകത്ത് ലോകരാജ്യങ്ങളുടെ മുന്‍നിരയിലുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യയ്ക്ക് പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റീസ്, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സ്വിസ് സഹകരണം അഭ്യര്‍ത്ഥിച്ചു. ഇന്ത്യ-സ്വിറ്റ്‌സര്‍ലന്റ് സഹകരണ കരാര്‍ 1948-ല്‍ ഒപ്പിട്ട്, 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിതെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തിലാണ് രാഷ്ട്രപതി സ്ലോവേനിയയില്‍ എത്തിയത്. സ്ലോവേനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. നിക്ഷേപം, സ്‌പോര്‍ട്‌സ്, സാംസ്‌കാരികം, ശാസ്ത്ര സാങ്കേതികം തുടങ്ങി വിവിധ മേഖലകളില്‍ ഏഴ് ധാരണാപത്രങ്ങള്‍ ഇന്ത്യയും സ്ലോവേനിയയും ഒപ്പു വച്ചു. ഇന്ത്യ - സ്ലോവേനിയ ബിസിനസ് ഫോറത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. യു.എന്‍.രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ശ്രമത്തെയും സ്ലോവേനിയ പിന്തുണച്ചു. മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം സ്ലോവേനിയ ഈ മാസം പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കും.
തയ്യാറാക്കിയത് : പ്രൊഫ. ഉമ്മു സല്‍മ ബാവ
ചെയര്‍പേഴ്‌സണ്‍ - ജീന്‍ മൊണറ്റ് ചെയര്‍
യൂറോപ്യന്‍ സ്റ്റഡീസ് സെന്റര്‍
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല
വിവരണം : വിനോദ്
Comments
Post a Comment