ആരംകോ ആക്രമണം അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്യൂഡ് ഓയില്‍ കേന്ദ്രമായ ദമാമിന് അടുത്തുളള Abqaiq, ഖുറാസിസിലും ആണ് അടുത്തിടെ വ്യോമാക്രമണം ഉണ്ടായത്. സൗദി എണ്ണ മേഖലയിലെ വമ്പന്‍ കമ്പനിയായ ആരാംകോയുടെ എണ്ണപ്പാടത്ത് നടത്തിയ ഈ ഡ്രോണ്‍ ആക്രമണം ഗള്‍ഫില്‍ നിലവിലുളള യു.എസ്, ഇറാന്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. 1991-ലെ ഗള്‍ഫ് യുദ്ധത്തിനുശേഷം, ഇത് ആഗോള എണ്ണ വിലയിലെ ഏറ്റവും വലിയ വില വര്‍ദ്ധനവിന് കാരണമായി. യെമന്‍ ആസ്ഥാനമായുളള അന്‍സാര്‍ അളളാ സേന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

സൗദിയിലെ ഇന്ധന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുളള ആദ്യ ആക്രമണമല്ലത്. കഴിഞ്ഞമാസം സൗദി അറേബ്യയിലെ മറ്റ് പ്രധാന എണ്ണപ്പാടമായ ഷെയ്ബയും ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടിരുന്നു. സംഭവത്തെ തീവ്രവാദ ആക്രമണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിശേഷിപ്പിച്ചു. ഈ ആക്രമണത്തെ നേരിടാന്‍ സൗദിഅറേബ്യ സന്നദ്ധമാണെന്നും പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയാദ് പ്രതിദിനം 0.2 ദശലക്ഷം ബാരല്‍ ഇന്ധനപൈപ്പ് ലൈന്‍ അടച്ചു. സൗദി ആരംകോ മുതല്‍ ബഹ്‌റൈന്‍ പെട്രോളിയം കമ്പനി വരെ എത്തിക്കുന്ന ഇന്ധന പൈപ്പ് ലൈന്‍ ആണ് അടച്ചത്. ആക്രമണം കപ്പല്‍ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും, ആഗോള സാമ്പത്തിക വളര്‍ച്ചയുടെ സ്ഥിരതയെ ബാധിച്ചിട്ടുണ്ടെന്നും സൗദി മന്ത്രിമാരുടെ സമിതി അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ റിയാദ് യു.എന്‍ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര സ്ഥാപനങ്ങളെ ക്ഷണിക്കുകയും ആക്രമണത്തില്‍ ഇറാനിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ലോകമെമ്പാടും ഈ ആക്രമണങ്ങളെ അപലപിക്കുന്നു. എന്നിരുന്നാലും സൗദിയുമായി ശക്തമായ സഖ്യമുളള അമേരിക്കയില്‍ നിന്നാണ് ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായത്. പ്രസിഡന്റ് ട്രംപ് ഇറാനെ കുറ്റപ്പെടുത്തുകയും സൈനിക ആക്രമണത്തിനുളള ഉദ്ദേശം പ്രകടിപ്പിക്കുകയും ചെയ്തു. 

ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ഭീതികളെ തണുപ്പിക്കാന്‍ സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ട്. അടുത്ത മാസത്തെ വിതരണത്തില്‍ കുറവൊന്നും ഉണ്ടാവില്ലെന്ന് സൗദി ഇപ്പോള്‍ തന്നെ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

തീരത്തുനിന്നും അകലെയുളള എണ്ണപ്പാടങ്ങളില്‍ ഉല്പാദനം വര്‍ധിപ്പിച്ചുകൊണ്ട് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനും അരാംകോ ശ്രമിക്കുന്നു. ഉല്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുമായുളള വിതരണത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് റിയാദ് നമുക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അസംസ്‌കൃത എണ്ണ ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമാണ് സൗദിയ്ക്കുളളത് എന്നാല്‍ അടുത്തിടെയുണ്ടായ ഈ ആക്രമണങ്ങള്‍ റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.

എന്നാല്‍ ഈ ബദല്‍ നീക്കങ്ങള്‍ ഏറെ കരുതലോടെ വേണം നടത്താന്‍. വര്‍ദ്ധിച്ചു വരുന്ന യു.എസ്, ഇറാന്‍ സംഘര്‍ഷങ്ങള്‍, നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍ക്ക് അനുകൂലമല്ല, മാത്രമല്ല ഇന്ധനവില വര്‍ദ്ധിക്കുന്നതാവട്ടെ, ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ അധിവസിക്കുന്ന മേഖലയാണ് ഗള്‍ഫ്. അവരുടെ സുരക്ഷയ്ക്ക് നാം പ്രഥമ പരിഗണനയാണ് നല്‍കുന്നതും. അതിനാല്‍ തന്നെ നിലവിലെ പ്രശ്‌നങ്ങളെ കരുതലോടെ സമീപിക്കാനും, സ്ഥിതിഗതികള്‍ വഷളാവാതെ നോക്കാനും എല്ലാവരും ശ്രദ്ധിക്കുകയും വേണം.


തയ്യാറാക്കിയത് : ഡോ. ലക്ഷ്മി പ്രിയ 

വിശകലന വിദഗ്ധ
വിവരണം : ഷീജ ഗണേശ് 

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം