ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ മംഗോളിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ക്ഷണ പ്രകാരം മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട് മാഹിന്‍ ബട്ടുല്‍ഗ ഇന്ത്യ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ഒരു ദശാബ്ദ ക്കാലത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ മംഗോളിയന്‍ പ്രസിഡന്റാണ് ശ്രീ.ബട്ടുല്‍ഗ. ഗവണ്‍മെന്റിന്റെ ഉന്നതതല നയതന്ത്ര പ്രതിനിധി സംഘവും വ്യവസായ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ശ്രീ.ബട്ടുല്‍ഗ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. മംഗോളിയന്‍ പ്രസിഡന്റിനോടുള്ള ആദര സൂചകമായി ശ്രീ.കോവിന്ദ് അദ്ദേഹത്തിന് ഔദ്യോഗിക വിരുന്നും നല്‍കി. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും ശ്രീ.ബട്ടുല്‍ഗയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മംഗോളിയന്‍ പ്രസിന്റുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. രാഷ്ട്രീയ മേഖലാ വിഷയങ്ങളും ആഗോള വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
പ്രതിരോധം, സുരക്ഷ, അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക കൈമാറ്റം എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു അജണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദിയും മംഗോളിയന്‍ പ്രസിഡന്റും തമ്മില്‍ രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഈ മാസം ആദ്യവാരം റഷ്യ യിലെ വ്‌ളാഡിവോസ്‌കോയില്‍ നടന്ന കിഴക്കന്‍ സാമ്പത്തിക ഫാറത്തിന്റെ അഞ്ചാമത് യോഗത്തില്‍ ഈ നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
കിഴക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ല്‍ മംഗോളിയ സന്ദര്‍ശിച്ചിരുന്നു. തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച് 2015 ല്‍ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പ് വച്ചിരുന്നു. മംഗോളിയന്‍ പ്രസിഡന്റിന്റെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും വഴിവയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു.
1955 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിതമായത്. കടല്‍ ഇല്ലാത്തതും ചുറ്റും രാജ്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടതുമായ ഒരു രാജ്യമാണ് മംഗോളിയ. റഷ്യയും ചൈനയുമാണ് അയല്‍ രാജ്യങ്ങള്‍. നയതന്ത്രങ്ങളിലൂടെ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ് മംഗോളിയ ലക്ഷ്യമിടുന്നത്. ആഴത്തിലുള്ള ബുദ്ധമത വിശ്വാസവും ചരിത്രപരമായ ബന്ധങ്ങളുള്ള മംഗോളിയ ഈ സാഹചര്യങ്ങളില്‍ ആത്മീയ അയല്‍ക്കാരനായിട്ടാണ് ഇന്ത്യയെ കണക്കാക്കുന്നത്. മംഗോളിയയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ബകുള റിംപോച്ചയെ ആ രാജ്യം സ്‌നേഹത്തോടെ ഇന്നും അനുസ്മരിക്കുന്നു. 1990 മുതല്‍ 2000 വരെയുളള 10 വര്‍ഷക്കാലത്തെ ഭരണം വഴി ഇന്ത്യയുമായി മംഗോളിയരുടെ ബുദ്ധമത ബന്ധത്തിന്റെ പൈതൃകം ശക്തിപ്പെടുത്താന്‍ റിംപോച്ചെ മുഖ്യ പങ്ക് വഹിച്ചു. നിരവധി സന്യാസ മഠങ്ങള്‍ അദ്ദേഹത്തിന്റെ സഹായത്തോടെ രാജ്യത്ത് വേരുറച്ചു.
വിശാലമായ പ്രകൃതി വിഭവങ്ങളുള്ള ഒരു രാജ്യമാണ് മംഗോളിയയെങ്കിലും ജനസംഖ്യ കേന്ദ്രീകരിച്ചിരിക്കുന്നത് തലസ്ഥാനമായ ഉലാന്‍ ബത്തറിലാണ്. സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കുറവാണ്. 2018-19 കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 23.83 ദശലക്ഷം യു.എസ് ഡോളറിന്റെ വ്യാപാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്കിലും സമീപക്കാലത്ത് വ്യാപാര ബന്ധത്തില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കിഴക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ ബന്ധത്തിന് മംഗോളിയയ്ക്ക് മുഖ്യ പങ്ക് വഹിക്കാനും കഴിയും.
ആഗോള കേന്ദ്രമായി കിഴക്കന്‍ പ്രദേശങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യക്ക് അങ്ങോട്ടേക്ക് എത്തുകയേ നിവൃത്തിയുള്ളൂ. ഇന്ത്യയുടെ, ആക്ട് ഈസ്റ്റ്, ആക്ട് ഫാര്‍ ഈസ്റ്റ് നയങ്ങള്‍ അതിനുള്ള ചവിട്ടുപടികളാണ്. ഈ മാസാദ്യം പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശന വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രീ.നരേന്ദ്രമോദി സൂചിപ്പിച്ചിരുന്നു. ഒരു ബില്ല്യണ്‍ യു.എസ് ഡോളറിന്റെ വായ്പാ സഹായവും ഇന്ത്യ റഷ്യക്ക് വാഗ്ദാനം ചെയ്തു.
അന്താരാഷ്ട്ര വിഷയങ്ങളില്‍ സമാനമായ നിലപാടുകളാണ് ഇന്ത്യക്കും മംഗോളിയയ്ക്കുമുള്ളത്. 2017 ല്‍ മുന്‍ ഇന്ത്യ പൂര്‍ണ്ണ അംഗമായ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഒരു നിരീക്ഷകന്‍ കൂടിയാണ് മംഗോളിയ
സുരക്ഷാ-പ്രതിരോധ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് കൊണ്ട് വര്‍ഷം തോറും ആനകളുടെ അഭ്യാസ പ്രകടനം നടത്തുന്നുണ്ട്. പ്രസിഡന്റ് ബട്ടുല്‍ഗയുടെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.




തയ്യാറാക്കിയത് : ഡോ.അതര്‍സഫര്‍

CIS നയതന്ത്ര അവലോകന വിദഗ്ദ്ധന്‍

വിവരണം : തുളസിദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം