'ഹൗഡി മോദി' - അഭൂത പൂര്‍വ്വമായ സംഭവം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' പരിപാടി വന്‍ വിജയമായി.
ശ്രീ നരേന്ദ്രമോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വേദി പങ്കിടുകയും അമ്പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.
മുന്‍പ് 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2015-ല്‍ സാന്‍ജോസിലും ശ്രീ നരേന്ദ്രമോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തെങ്കിലും, ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതര്‍ന്ന അംഗവും സെനറ്ററുമായ സ്റ്റെനി ഹോയര്‍ ഉള്‍പ്പെടെ പരിപാടിയില്‍ സംബന്ധിച്ച പ്രമുഖര്‍, ഇന്ത്യ-. അമേരിക്ക പങ്കാളിത്തത്തിന്റേയും ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യം അടിവരയിട്ടു പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെ പരിചയപ്പെടുത്തുന്നതിനിടെ, 'രണ്ട് വലിയ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഹൃദയത്തുടിപ്പിനെ' പ്രതിനിധീകരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന്
ശ്രീ നരേന്ദ്രമോദി പറഞ്ഞു. ട്രംപിനെ 'എന്റെ സുഹൃത്ത്, ഇന്ത്യയുടെ സുഹൃത്ത്, മികച്ച അമേരിക്കന്‍ പ്രസിഡന്റ്' എന്നു പറഞ്ഞ് അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിന് അമേരിക്കയെ കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുമെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്തു.
പരിപാടിയെ ചരിത്രപരമെന്നും ഇന്ത്യയേയും അമേരിക്കയേയും ഒന്നിപ്പിക്കുന്ന എല്ലാത്തിന്റെയും ആഘോഷമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. 30 കോടി ജനങ്ങളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയ
ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തോട് ട്രംപ് ആദരവ് പ്രകടിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്ത് കഠിനാധ്വാനം ചെയ്യുന്നവരും, വ്യവസായ സംരംഭങ്ങളിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്നവരുമായ, അമേരിക്കയിലെ 40 ലക്ഷം വരുന്ന ഇന്ത്യന്‍ വംശജരെ ട്രംപ് അഭിനന്ദിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം ഇതില്‍ കൂടുതല്‍ ശക്തമായ കാലം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അമേരിക്കന്‍ പ്രസിഡന്റ് ഊര്‍ജ്ജം, സുരക്ഷ, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളില്‍ നിലനില്ക്കുന്ന സഹകരണത്തെ കുറിച്ച് എടുത്തു പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ സദസ്സിലുളവര്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ നടത്തുന്ന നിക്ഷേപങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു.
ആവേശകരമായ പ്രസംഗമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. വികസനത്തെകുറിച്ചുളള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയ അദ്ദേഹം തങ്ങള്‍ വെല്ലുവിളികളെ നേരിടുകയും അതോടൊപ്പം മാറിക്കെണ്ടിരിക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാക്കി. 11 കോടി ശുചിമുറികള്‍ നിര്‍മ്മിച്ചതിലൂടെ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഗ്രാമീണശുചിത്വം 38 ശതമാനത്തില്‍ നിന്ന് 99 ശതമാനമായി മാറിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 15 കോടി പാചകവാതക കണക്ഷനുകള്‍ പുതിയതായി നല്കിയതും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ലഭ്യമാക്കിയതും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ, എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ ഡാറ്റാ ലഭ്യമാക്കാന്‍ സാധിച്ചു. ബിസിനസ്സ് ചെയ്യുന്നത് ആയാസരഹിതമാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ലോകത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ് നിരക്കുളള രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്ന ലക്ഷ്യത്തിലേക്കാണെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ കാലഹരണപ്പെട്ട ഒട്ടേറെ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍ക്കുന്ന 70 വര്‍ഷം പഴക്കമുളള ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭീകരര്‍ക്കും, ഭീകരത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമെതിരെ പോരാടാന്‍ അഹ്വാനം ചെയ്ത ശ്രീ നരേന്ദ്രമോദി 2001 സെപ്റ്റംബര്‍ 11-ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലേയും 2008 നവംബര്‍ 26-ലെ മുംബൈ ആക്രമണത്തിലേയും സൂത്രധാരന്മാരെ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു.
How do you do modi എന്ന് അര്‍ത്ഥം വരുന്ന ഹൗഡി മോദി എന്ന ചോദ്യത്തിന് 'എല്ലാം നല്ലത്' എന്ന് വിവിധ ഇന്ത്യന്‍ ഭാഷകളില്‍
ശ്രീ നരേന്ദ്രമോദി മറുപടി നല്‍കി. ഈ വൈവിധ്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റ കാതലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഇരു നേതാക്കളുടെയും ഉഭയകക്ഷി സമ്മേളനമുള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഹൗഡി മോദി സമ്മേളനം വഴിയൊരുക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുളള ശക്തവും, ഊഷ്മളവുമായ ബന്ധത്തിന്റെ തെളിവ് പ്രകടമാക്കുന്നതായിരുന്നു ഹൂസ്റ്റണിലെ ഹൗഡിമോദി സമ്മേളനം.
നേരത്തേ, ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെ പ്രമുഖ ഊര്‍ജ്ജ കമ്പനി മേധാവികളുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒപ്പം ഇന്ത്യന്‍ വംശജര്‍ നല്കിയ സ്വീകരണങ്ങളിലും അദ്ദേഹം സംബന്ധിച്ചിരുന്നു.
74-ാമത് ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് ന്യൂയോര്‍ക്കില്‍ എത്തിയ പ്രധാനമന്ത്രി വിവിധ ഉഭയകക്ഷി സമ്മേളനങ്ങളിലും സംബന്ധിക്കുന്നുണ്ട്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം
തയ്യാറാക്കിയത് : നവ്‌തേജ് സര്‍ന
മുന്‍ അമേരിക്കന്‍ സ്ഥാനപതി
വിവരണം : എ.അനില്‍കുമാര്‍
Comments
Post a Comment