ഇന്ത്യാ-യു.എസ് ഉഭയകക്ഷി യോഗം

നയതന്ത്രപ്രവര്‍ത്തനങ്ങള്‍ വിജയകരമായ രീതിയില്‍ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു നേതാവ് സമകാലിക ലോകത്ത് ഇല്ല. ഏത് രാജ്യം സന്ദര്‍ശിച്ചാലും അവിടെയുളള നേതാക്കളേയും, നിയമ നിര്‍മ്മാതാക്കളേയും, ജനങ്ങളേയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ പെരുമാറാനും അവരെ ഇന്ത്യയുടെ അടുത്ത പങ്കാളിയാക്കി മാറ്റാനും അദ്ദേഹത്തിനു എളുപ്പത്തില്‍ കഴിയുന്നു.
അടുത്തിടെ സമാപിച്ച ഹൂസ്റ്റണ്‍ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ഈ കഴിവ് ലോകം ദര്‍ശിച്ചതാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ആറ് തവണ ശ്രീ മോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ അടയാളപ്പെടുത്തലിനെയാണ് കാണിക്കുന്നത്.
ശ്രീ മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുളള ഏറ്റവും പുതിയതും ശ്രദ്ധേയവുമായ കൂടിക്കാഴ്ച ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്നു. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിനായാണ് ഇരു നേതാക്കളും എത്തിയത്. നയതന്ത്രത്തിന്റെ ഏറ്റവും വലിയ വേദിയില്‍ നടന്ന ഇന്തോ-അമേരിക്കന്‍ ഉഭയകക്ഷിയോഗം ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച താരതമ്യേന ഹ്രസ്വമായിരുന്നെങ്കിലും നിര്‍ണ്ണായകമായ വിവിധ വിഷയങ്ങളെ സംബന്ധിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
ശ്രീ മോദിയും ശ്രീ ട്രംപും തമ്മിലുളള രസതന്ത്രം ഇതിലൂടെ വ്യക്തമാക്കപ്പെട്ടു. ഒരു ദിവസം മുന്‍പ്, ടെക്‌സസിലെ ഹൂസ്റ്റണില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ച എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു യോഗത്തില്‍ ഇരു നേതാക്കളുടേയും സൗഹൃദപരമായ ശരീരഭാഷയും ലോകം ശ്രദ്ധിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുളള പരസ്പര സൗഹൃദവും ആദരവും ധാരണയും ഈ യോഗത്തില്‍ പ്രകടമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ജനസമ്മതിയും ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും തിരിച്ചെറിഞ്ഞ ശ്രീ ട്രംപ് അദ്ദേഹത്തെ സമകാലിക ഭാരതത്തിന്റെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്.
അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഇരു നേതാക്കള്‍ക്ക് ഉളള പങ്കും, അവര്‍ തമ്മിലുളള രസതന്ത്രവും, പരസ്പര ബന്ധവും, രാജ്യങ്ങളുമായുളള സഹകരണം മെച്ചപ്പെടുത്തലും എല്ലാം ഇവരുടെ പരസ്പര ധാരണയുടെ ആഴത്തെയാണ് കാണിക്കുന്നത് അതിനാല്‍ മോദിയും ട്രംപും തമ്മിലുളള വ്യക്തിപരമായ സമവാക്യത്തെ കുറച്ചു കാണാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് കശ്മീര്‍ വിഷയത്തില്‍ താന്‍ ഇടപെടില്ലെന്ന് ശ്രീ ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിഷയങ്ങളില്‍ അമേരിക്ക ഇടപെടു എന്നും ശ്രീ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര അന്തരം ഉടന്‍ പരിഹരിക്കാന്‍ ധാരണയായി. ഒരു പുതിയ വ്യാപാര നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും കരുതപ്പെടുന്നു.
അതിര്‍ത്തിയിലെ തീവ്രവാദത്തെ ഫലപ്രദമായി നേരിടാനുളള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതികളും കഴിവുകളും ശരിവയ്ക്കുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സമീപനം. ഇന്ത്യയില്‍ പാകിസ്ഥാന്റെ അറിവോടെയുളള ഭീകര പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ രീതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിയുമെന്ന് ശ്രീ ട്രംപ് പറഞ്ഞു. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണഘടനാ അനുച്ഛേദം 370-ഉം 35 (എ)യും പിന്‍വലിച്ച ശ്രീ നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ നടപടികളെ ട്രംപ് ഭരണകൂടം എതിര്‍ക്കുന്നില്ല എന്നു വേണം ഇക്കാര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ അതേസമയം നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അനുകൂല സമീപനം ഉണ്ടാകും എന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം, താലിബാന്‍ ആക്രമണങ്ങള്‍ക്ക് എതിരേയുളള പോരാട്ടം, അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പാകിസ്ഥാന്റെ നിര്‍ണ്ണായക സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടായിരുന്നിട്ടും കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇന്ത്യന്‍ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. കശ്മിരില്‍ സമാധാനവും വികസവും കൊണ്ടു വരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത നിലപാടുകളെ ശ്രീ ട്രംപ് പിന്തുണയ്ക്കുകയാണ് ഉണ്ടായിട്ടുളളത്. അതേസമയം പ്രധാന പ്രസംഗങ്ങളിലൊരിടത്തും കശ്മീര്‍ വികസനം സംബന്ധിച്ച്
ശ്രീ ട്രംപ് ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല എന്നുളതും ശ്രദ്ധേയമാണ്.
മോദി-ട്രംപ് സംഭാഷണത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍
ശ്രീ മോദിയുടെ നയതന്ത്രത്തിന്റെ അസാധാരണവും ആകര്‍ഷണീയവുമായ വിജയത്തെയാണ് കാണിക്കുന്നത്. 
തയ്യാറാക്കിയത് : പ്രൊഫ. ചിന്താമണി മഹാപത്ര വൈസ് ചാന്‍സിലര്‍ & ചെയര്‍മാന്‍, അമേരിക്കന്‍ സ്റ്റഡി സെന്റര്‍, ജെ.എന്‍.യു
വിവരണം : സുനീഷ് കുമാര്‍ 

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം