ഐക്യരാഷ്ട്രസഭയ്ക്ക് 75 വയസ്സ്

ഒക്‌ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമായി 1948 മുതല്‍ ആചരിച്ചുവരുന്നു. 1945 ജൂണ്‍ 26 ന് ഐക്യരാഷ്ട്രസഭയുടെ സാന്‍ഫ്രാന്‍സിസ്‌ക്കോ സമ്മേളനത്തിലാണ് ഇന്ത്യ യു.എന്‍. ചാര്‍ട്ടറില്‍ ഒപ്പുവച്ചത്. ഐക്യരാഷ്ട്രസഭയിലെ 50 സ്ഥാപക അംഗരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം അംഗരാജ്യങ്ങളുടെയും അംഗീകാരത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് യു.എന്‍. ചാര്‍ട്ടര്‍ നിലവില്‍ വന്നത്.

1947 ഒക്‌ടോബര്‍ 31 ന് ചേര്‍ന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിലാണ് ഒക്‌ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. സംഘടനയുടെ ഉദ്ദേശ്യങ്ങളും നേട്ടങ്ങളും ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ലക്ഷ്യം.
ഇന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വതന്ത്രമായിട്ട് അന്ന് കേവലം രണ്ടുമാസങ്ങള്‍ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയ്ക്ക് കൈവന്നു.
കോളനി വാഴ്ച ഇല്ലാതാക്കല്‍, സുസ്ഥിര വികസനത്തിനായുള്ള സാര്‍വ്വത്രിക അജണ്ട, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ എന്നിവയാണ് കഴിഞ്ഞ 72 വര്‍ഷങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രധാന നേട്ടങ്ങള്‍. ഇതില്‍ ഇന്ത്യ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.
1960 ഡിസംബറില്‍ ഐക്യരാഷ്ട്രസഭ കോളനിവാഴ്ചയ്ക്ക് എതിരായ പ്രമേയം അംഗീകരിച്ചപ്പോള്‍, ഒരുകാലത്ത് ഏറ്റവും വലിയ കൊളോണിയല്‍ രാജ്യമായിരുന്ന ഇന്ത്യ അതിന് നേതൃത്വം നല്‍കി. ഈ പ്രമേയം ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി. ഈ മാറ്റങ്ങള്‍ക്ക് പുതിയതായി സ്വാതന്ത്ര്യം നേടിയ വികസ്വര രാജ്യങ്ങളാണ് പ്രേരണയായത്. ഈ രാജ്യങ്ങളിലധികവും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഭാഗമാണ്.
ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ ഉച്ചകോടി 1961 സെപ്റ്റംബറില്‍ ബല്‍ഗ്രേഡിലാണ് നടന്നത്.
24 രാജ്യങ്ങളുമായി തുടങ്ങിയ പ്രസ്ഥാനം ഇന്ന്
120 അംഗരാജ്യങ്ങളുടെ ബൃഹത് സംഘടനയായി വികാസം പ്രാപിച്ചിട്ടുണ്ട്. ശീതയുദ്ധം ലോകത്തെ രണ്ടു സൈനിക ചേരികളായി വിഭജിച്ചപ്പോള്‍ പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ ഒരു ചേരിയിലും പെടാതെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്വന്തം പരമാധികാരം ഉയര്‍ത്തിപ്പിടിച്ച് മാറിനിന്നു.
ഐക്യരാഷ്ട്രസഭയുടെ സ്ഥാപക ലക്ഷ്യങ്ങളെ പോലും വെല്ലുവിളിച്ച് വന്‍ശക്തികള്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിനിടയില്‍, വികസ്വര രാജ്യങ്ങള്‍ക്ക് ഇന്നും ഒരു ആശ്രയമാണ് ചേരിചേരാ പ്രസ്ഥാനം. ഐക്യരാഷ്ട്രസഭയിലെ 77 വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77 ന്റെ
1964 ലെ ആവിര്‍ഭാവമായിരുന്നു മറ്റൊരു ശ്രദ്ധേയമായ മാറ്റം. ജി-77 ന്റെ ആവിര്‍ഭാവം ' എല്ലാ വിഭാഗം ജനങ്ങളുടേയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എന്‍. ചാര്‍ട്ടറിന്റെ പ്രതിജ്ഞാബദ്ധത' പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ യു.എന്നിനെ നിര്‍ബന്ധിതമാക്കി. അതിന്റെ ഫലമായി 1965 ല്‍ വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കി UNDP സ്ഥാപിതമായി. 1970 ല്‍ UNDP യുടെ പ്രഥമ അധ്യക്ഷ സ്ഥാനവും ഇന്ത്യയ്ക്കായിരുന്നു.
വികസനവും കാലാവസ്ഥാവ്യതിയാനവും സംയോജിപ്പിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമെന്ന 'യു.എന്‍. അജണ്ട 2030', ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ 2015 സെപ്റ്റംബറില്‍ അംഗീകരിച്ചു. സുസ്ഥിര വികസനത്തിനായി സമഗ്ര പങ്കാളിത്തത്തിലൂടെയുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
1948 ലെ ഐക്യരാഷ്ട്രസഭയുടെ വംശഹത്യയ്ക്ക് എതിരായ കണ്‍വെന്‍ഷനില്‍ 'കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും എതിരായി കൂടുതല്‍ ചര്‍ച്ച വേണമെന്ന' പ്രമേയത്തെ പിന്തുണച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു.
1948 ഡിസംബര്‍ 10 ന് യു.എന്‍. അംഗീകരിച്ച സാര്‍വ്വത്രിക മനുഷ്യാവകാശ ഉടമ്പടിയില്‍ 'ലിംഗസമത്വം' എന്ന ആശയം ഉള്‍പ്പെടുത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു.
'ബഹുരാഷ്ട്രവാദത്തോടുള്ള കൂട്ടായ പ്രതിബദ്ധത' എന്നതാണ് അടുത്ത വര്‍ഷം നടക്കുന്ന യു.എന്‍. 75-ാം വാര്‍ഷികത്തില്‍ അംഗരാജ്യങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രമേയം. പ്രധാനശക്തികള്‍ക്കിടയില്‍ കൂട്ടുത്തരവാദത്തോടെയുള്ള അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ബഹുരാഷ്ട്രവാദത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ഈ വര്‍ഷം സെപ്റ്റംബറില്‍ യു.എന്‍. പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ബഹുരാഷ്ട്രവാദത്തിനും ഐക്യരാഷ്ട്രസഭയ്ക്കും പുതിയ ദിശയും ഊര്‍ജ്ജവും നല്‍കണമെന്നാണ് ശ്രീ. നരേന്ദ്രമോദി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. യു.എന്‍. ദിനത്തില്‍, ദേശീയ താല്‍പര്യത്തിനനുസരണമായി ബഹുരാഷ്ട്രവാദം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

തയ്യാറാക്കിയത് : അശോക് മുഖര്‍ജി,

ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇന്ത്യന്‍
പ്രതിനിധി
വിവരണം : അനില്‍കുമാര്‍ എ.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം