ഇന്ത്യയുടെ ACT EAST നയത്തിന്റെ വ്യാപിപ്പിക്കല്‍
ഇന്ത്യയുടെ 'Act East' നയത്തിലെ പ്രധാന പങ്കാളികളായ ജപ്പാനും, ഫിലിപ്പീന്‍സും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ ആദ്യ പാദത്തില്‍ ഫിലിപ്പീന്‍സിലെത്തിയ രാഷ്ട്രപതി ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു. അതിനുശേഷം ജപ്പാനിലെത്തിയ ശ്രീ രാംനാഥ് കോവിന്ദ് ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുത്തു.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയില്‍ ഫിലിപ്പീന്‍സിന് വളരെ പ്രധാനപ്പെട്ട പങ്കാണുളളത്. രാജ്യങ്ങളുടെ പരമാധികാരവും തുല്യതയും അന്താരാഷ്ട്ര നിയമങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ ഇരു രാജ്യങ്ങളും പങ്കാളികളാണ്. സൗത്ത്-സൗത്ത് സഹകരണത്തിലൂടെയാണ് ഇന്ത്യ ഫിലിപ്പീന്‍സ് ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. ആ ബന്ധം ആക്ട് ഈസ്റ്റ് നയത്തിലൂടെ കൂടുതല്‍ മാനം കൈവരിച്ചു.
സമുദ്രമേഖല, സുരക്ഷ, വിനോദ സഞ്ചാരം, ശാസ്ത്രസാങ്കേതികം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ട നാലു പ്രധാന കരാറുകളിലൂടെയാണ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത്. കൂടാതെ ഭീകരവാദത്തിനെതിരായ സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. രാഷ്ട്രീയ-സുരക്ഷ- സാമ്പത്തിക മേഖലകളുടെ വൈവിധ്യവത്കരണം, ജനങ്ങള്‍ക്കിടയിലെ പരസ്പര സഹകരണം എന്നീ മേഖലകളിലെ നയതന്ത്ര സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ക്യൂസോണ്‍ സിറ്റിയിലെ മിറിയം കോളേജില്‍ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു.
ദ്രുതഗതിയില്‍ വളരുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെന്ന നിലയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക സഹകരണം വ്യാപാര, നിക്ഷേപ മേഖലകളെ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഫിലിപ്പീന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റര്‍ദെയുടെ ബില്‍ഡ് ബില്‍ഡ് ബില്‍ഡ് പദ്ധതിയും വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, സ്മാര്‍ട്‌സിറ്റീസ്, തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡിജിറ്റല്‍ വ്യവസായം, സംരഭകത്വം, ആരോഗ്യം, മരുന്നുല്പാദനം, കാര്‍ഷിക വികസനം തുടങ്ങിയ മേഖലകളില്‍ പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. ഇന്ത്യ-ഫിലിപ്പീന്‍സ് ഉച്ചകോടിയിലും നാലാമത് ആസിയാന്‍ ഇന്ത്യ വ്യാപാര ഉച്ചകോടിയിലും രാഷ്ട്രപതി ഇക്കാര്യം ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള 2.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 17 ശതമാനം വളര്‍ച്ച നേടി. വസ്ത്രം, വിവര സാങ്കേതിക വിദ്യ, ഔഷധ നിര്‍മ്മാണം, അടിസ്ഥാനസൗകര്യ വികസനം, പ്രതിരോധ രംഗത്തെ നവീകരണം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഗംഗ നവീകരണം, സ്വച്ച്ഭാരത്, സ്മാര്‍ട്ട് സിറ്റി, ജലജീവന്‍ മിഷന്‍ തുടങ്ങിയ ഇന്ത്യന്‍ പദ്ധതികളുമായി സഹകരിക്കാന്‍ രാഷ്ട്രപതി ഫിലിപ്പീന്‍സിനോട് അഭ്യര്‍ത്ഥിച്ചു.
ജപ്പാന്‍ സന്ദര്‍ശിക്കവേ നറുഹിതോ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുത്തു. ജപ്പാനിലെ ചില പ്രധാന ആരാധനാലയങ്ങളും രാഷ്ട്രപതി സന്ദര്‍ശിച്ചു. കാകെഗാവയിലെ സിനോ സോട്ടോ ക്ഷേത്രത്തിന്റെ സ്ഥാപകദിനാഘോഷത്തിലും രാഷ്ട്രപതി പങ്കെടുത്തു. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഇന്ത്യ-ജപ്പാന്‍ വിദേശകാര്യ-പ്രതിരോധ ഉച്ചകോടിയ്ക്ക് ആതിഥ്യം അരുളുന്നത് ഇന്ത്യയാണ്.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യയുടെയും, കിഴക്കന്‍ ഏഷ്യയുടെയും വികസനം പ്രധാന ലക്ഷ്യമായതിനാല്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനവും ഇതിന്റെ ഭാഗമായി കണക്കാക്കാം. ഇന്തോ പെസഫിക് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവും തന്ത്രപരവുമായ തലങ്ങളില്‍ ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
തയ്യാറാക്കിയത് : ഡോ.തിതലി ബസു,
കിഴക്കന്‍-തെക്കുകിഴക്കന്‍
ഏഷ്യാകാര്യ വിദഗ്ധ
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment