ഇന്ത്യന്‍ സാങ്കേതിക-സാമ്പത്തിക സഹകരണ പദ്ധതി പുതിയ ഉയരങ്ങളിലേയ്ക്ക്

തുല്യത, പരമാധികാരം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി പങ്കാളിത്ത രാജ്യങ്ങളുമായുളള വികസന സഹകരണം വീണ്ടും ഉറപ്പാക്കി ഇന്ത്യ. 

ഇന്ത്യ അടുത്തിടെ തുടക്കം കുറിച്ച ഇ-വിദ്യാഭാരതി, ഇ-ആരോഗ്യ ഭാരതീ എന്നീ പദ്ധതികള്‍ക്ക് പുറമേ ആഫ്രിക്കയുടെ ക്ഷേമം മുന്‍നിര്‍ത്തി ടെലി-വിദ്യാഭ്യാസം, ടെലി-ആരോഗ്യപദ്ധതി എന്നിവയ്ക്കും തുടക്കം കുറിയ്ക്കുകയുണ്ടായി. 55 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക സഹകരണ പദ്ധതിയുടെ അഥവാ ഐ.റ്റി.ഇ.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. 

ആഫ്രിക്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നാട്ടിലിരുന്നുകൊണ്ടുതന്നെ പ്രശസ്തമായ ഇന്ത്യന്‍ വിദ്യാഭ്യാസ രീതികള്‍ മനസ്സിലാക്കുന്നതിനും അതോടൊപ്പം അവിടത്തെ ഡോക്ടര്‍മാര്‍ക്കും, രോഗികള്‍ക്കും ആരോഗ്യ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും.

ഇന്ത്യയുടെ വിദേശ നയത്തില്‍ വികസന സഹകരണത്തിന് മുഖ്യ പങ്കാണുളളതെന്നും ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ വികസന അനുഭവത്തിന്റെ വെളിച്ചത്തില്‍, സ്ഥിരതയാര്‍ന്നതും വിശ്വസനീയവുമായ വികസന പങ്കാളിയായി തുടരാന്‍ രാജ്യം ആഗ്രഹിക്കുന്നതായും ഐ.റ്റി.ഇ.സിയുടെ 55 വര്‍ഷത്തെ ചരിത്ര വഴികളെക്കുറിച്ച് സംസാരിക്കവേ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പറഞ്ഞു. 

ആഫ്രിക്കയിലെ യുവാക്കളുടെ നേട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം പ്രയോജനപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനനുസരിച്ച് ആഫ്രിക്കയിലെ 54 രാജ്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഐ.റ്റി.ഇ.സിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വികസന സഹകരണത്തിന്റേയും, വിദേശ നയത്തിന്റേയും പ്രധാനഘടകമാണ് മാനവവിഭവ ശേഷി വികസനം. ഐ.റ്റി.ഇ.സി ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു സംഘടനയാണെന്നാണ് ഇന്ത്യയുടെ വിശ്വാസം. ദശകങ്ങളായി ഈ സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെ മികച്ച നേട്ടങ്ങളും സാങ്കേതിക വൈദഗ്ധ്യവും പങ്കുവയ്ക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആഗോള സംരംഭകര്‍ ഇന്ത്യയുടെ പ്രധാന പങ്കാളികളാണെന്ന ഡോ.ജയശങ്കറിന്റെ പ്രസ്താവനയില്‍ പുതിയ സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ലോകത്തെ 6.3 ബില്യണ്‍ ജനതയുടെ അഭിലാഷത്തെ ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്നു.

നമ്മില്‍ പലര്‍ക്കും നൂറ്റാണ്ടുകളായി ചരിത്രപരമായ ബന്ധമാണുളളതെന്നും ആ ബന്ധം വ്യാപാരത്തിലൂടെയോ സംസ്‌കാരത്തിലൂടെയോ നേടിയെടുത്തതാകാമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊളോണിയല്‍ അടിമത്തത്തിനെതിരെ നമ്മുടെ പൂര്‍വ്വികര്‍ ഒരുമിച്ച് പോരാടിയെന്നും ഇന്ന് നമ്മുടെ ഉഭയകക്ഷി വ്യാപാരം 220 ബില്യണ്‍ യു.എസ് ഡോളറിന്റേതാണെന്നും മന്ത്രി പറഞ്ഞു.

ഐ.റ്റി.ഇ.സിയുടെ കഴിഞ്ഞ 55 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍, 161 പങ്കാളിത്ത രാജ്യങ്ങളിലെ രണ്ട് ലക്ഷം ഗവണ്‍മെന്റ് ഉദ്ദ്യോഗസ്ഥര്‍ക്കും തൊഴില്‍ നൈപുണ്യമുളളവര്‍ക്കും അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനം നല്‍കാനും ഇന്ത്യയുടെ സവിശേഷമായ വികസനം പങ്കിടാനും അവസരമൊരുക്കിയിട്ടുണ്ട്. മാത്രമല്ല അയല്‍ രാജ്യങ്ങളേയും ആഫ്രിക്കന്‍ പങ്കാളികളേയും കേന്ദ്രീകരിച്ച് ഐ.ടി, ആരോഗ്യ സംരക്ഷണം, കൃഷി, സംരംഭകത്വം, ഊര്‍ജ്ജം തുടങ്ങിയവയില്‍ വൈദഗ്ധ്യം നേടിയ 12,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും ഇതിലൂടെ കഴിഞ്ഞു. 'വസുധൈവകുടുംബകം' എന്ന തത്ത്വസംഹിതയെ അടിസ്ഥാനമാക്കിയുളളതാണ് ഇന്ത്യയുടെ വികസനമെന്നും മന്ത്രി പറഞ്ഞു.

ബിംസ്റ്റെക്, ആസിയാന്‍, കരീബിയന്‍ കമ്മ്യൂണിറ്റി, എഫ്.ഐ.പി.ഐ.സി തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഐ.റ്റി.ഇ.സിയുടെ പരിശീലന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രഖ്യാപനങ്ങള്‍ അടുത്തിടെ നടന്ന ഉഭയകക്ഷി സന്ദര്‍ശനങ്ങളിലൂടെ മൂന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഐ.റ്റി.ഇ.സിയില്‍ ഉള്‍പ്പെട്ട ഏഷ്യാ, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുളള 161 രാജ്യങ്ങളെ, ഒരു സ്വതന്ത്രരാജ്യമെന്ന നിലയില്‍ നേടിയെടുത്ത വികസന അനുഭവങ്ങളില്‍ പങ്കാളികളാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

ഈ പദ്ധതി അനുവദിച്ചതിനുശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും, വിദഗ്ധര്‍ക്കും പ്രയോജനം ലഭ്യമാക്കുന്നതിനായി രണ്ട് ബില്യണ്‍ യു.എസ് ഡോളറിലധിക തുക ചെലവഴിച്ചിട്ടുണ്ട്. സമീപകാലത്ത് ഐ.റ്റി.ഇ.സിയുടെ വാര്‍ഷിക ചെലവ് പ്രതിവര്‍ഷം 100 മില്യണ്‍ യു.എസ് ഡോളറില്‍ എത്തി നില്‍ക്കുന്നു. 

വികസ്വര രാജ്യങ്ങള്‍ പ്രകൃതി നല്‍കുന്ന സമ്പത്തിനാലും അനുഗ്രഹത്താലും സന്തുഷ്ടരാണെങ്കിലും ജനസംഖ്യയിലുളള അസന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ വിദേശ സഹകരണത്തിലുളള തങ്ങളുടെ പങ്കാളിത്തവും തെരഞ്ഞെടുക്കലുകളും വിപുലീകരിക്കാനും സുസ്ഥിര വികസനലക്ഷ്യം മുന്‍നിര്‍ത്തി നേട്ടങ്ങള്‍ കൊയ്യാനും കൂടുതല്‍ കരുത്തോടെ സഹകരിക്കാന്‍ ഐ.റ്റി.ഇ.സിയിലെ അംഗരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് ഡോ.ജയശങ്കര്‍ പറഞ്ഞു.


തയ്യാറാക്കിയത് : വിനീത് വാഹി, മാധ്യമപ്രവര്‍ത്തകന്‍ 

വിവരണം : തുളസിദാസ് 

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം