ഇന്തോ-ഡച്ച് ബന്ധം പുതിയ തലത്തിലേയ്ക്ക്

17-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയും, നെതര്‍ലന്റ്‌സും തമ്മില്‍ ചരിത്രപരമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ഔദ്യോഗിക ബന്ധത്തിനും തുടക്കമായി. 1970-80 കാലയളവില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക ബന്ധം വളര്‍ന്നു വരികയായിരുന്നു. എന്നാല്‍ 1990-ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവത്ക്കരിച്ചതോടെ ഈ ബന്ധത്തിന് അല്പം മങ്ങലേറ്റു. എന്നാല്‍ ഉന്നതതല സന്ദര്‍ശനത്തിലൂടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധം നിലവില്‍ ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. 2006-ല്‍ ഡച്ച് പ്രധാനമന്ത്രി ഴാന്‍ പിറ്റര്‍ ബാല്‍ക്കനന്റ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ നാലു വര്‍ഷമായി ഇരു രാജ്യങ്ങളിലെയും പ്രധാന മന്ത്രിമാര്‍ തമ്മില്‍ മൂന്നു തവണത്തെ സന്ദര്‍ശനമുണ്ടായി. മെയ് 2018 മെയ്മാസം നെതര്‍ലാന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുറ്റേ-യുടെ നേതൃത്വത്തിലുളള വ്യാപാര പ്രതിനിധികള്‍ ഇന്ത്യയിലെത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധം വര്‍ദ്ധിക്കുന്നതിന്റെ അടയാളമായാണ് കണക്കാക്കുന്നത്.

ഡച്ച് രാജാവ് വില്ലം അലക്‌സാണ്ടറും, രാജ്ഞി മാക്‌സിമയും അഞ്ചു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലായിരുന്നു. 2013-ല്‍ അധികാരത്തിലേറിയ ശേഷമുളള വില്ലം അലക്‌സാണ്ടര്‍ രാജാവിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശമായിരുന്നു ഇത്. ഭരണഘടനയുളള ഒരു രാജഭരണ പ്രദേശമാണ് നെതര്‍ലന്റ്‌സ്. 2007 ല്‍ നിലവിലെ രാജാവിന്റെ അമ്മ ബീറ്ററക്‌സ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

സാമ്പത്തിക സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ പ്രധാന തൂണെന്ന് രാജ കുടുംബത്തെ സ്വീകരിക്കുന്ന വേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. നൂറോളം ഡച്ച് കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കണക്ക് തന്നെ രാഷ്ട്രപതിയുടെ പ്രസ്താവനയ്ക്ക് ഉദാഹരണമാണ്. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്കുളള സ്ഥിരാംഗത്വം, കയറ്റുമതി ക്രമീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണയേകുന്ന രാജ്യമാണ് നെതര്‍ലന്റ്‌സ്. ചരിത്രപരമായ ഉറച്ച ബന്ധമുളള നെതര്‍ലന്റ്‌സും ഇന്ത്യയും നവീകരണം, നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിച്ചതായി ശ്രീ കോവിന്ദ് വ്യക്തമാക്കി. സമാര്‍ട്ട് സിറ്റി, ഹരിത ഊര്‍ജ്ജം, സ്റ്റാര്‍ട്ട് അപ്പ് എന്നിവയാണ് ഇരു രാജ്യങ്ങളേയും ഒരുമിച്ച് നിര്‍ത്തുന്നതെന്നും നദി പുനരുജ്ജീവനത്തില്‍ നെതര്‍ലന്റ്‌സ് മാതൃക മനസ്സിലാക്കാനും കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

1957-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി നെതര്‍ലന്റ് സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞ 'നാം ഓരോരുത്തരും മറ്റൊരാളുടെ പടിവാതില്‍ക്കലാണ് ജീവിക്കുന്നത്' എന്ന വാക്കുകള്‍ വില്ലം അലക്‌സാണ്ടര്‍ ഓര്‍മ്മിപ്പിച്ചു. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് അന്താരാഷ്ട്ര നിയമങ്ങളുടെ പരിപാലനത്തിന് ഇന്ത്യ നടത്തുന്ന വിശാലമായ ഇടപെടലുകളെ നെതര്‍ലന്റ്‌സ് രാജാവ് പ്രശംസിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധതയെയും അദ്ദേഹം പരാമര്‍ശിച്ചു. നിക്ഷേപം, വ്യാപാരം എന്നിവയില്‍ യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ നെതര്‍ലാന്റിന് യഥാക്രമം 5,4 എന്നീ സ്ഥാനങ്ങളാണുളളത്. ശാസ്ത്ര സാങ്കേതിക വകുപ്പും, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും സംഘടിപ്പിക്കുന്ന 25-ാമത് സാങ്കേതിക ഉച്ചകോടിയിലെ പങ്കാളിത്ത രാജ്യമാണ് നെതര്‍ലന്റ്. ജലം, കൃഷി ആഹാരം, ആരോഗ്യം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പൊതു സ്വകാര്യ മേഖലകളിലെ 15 പുതു സംരംഭകര്‍ക്ക് തങ്ങളുടെ നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് ഉച്ചകോടി അവസരം ഒരുക്കും. പുതിയ ഉദ്യമങ്ങള്‍ അന്താരാഷ്ട്ര രംഗത്തെ അറിവും പരിചയവും സ്വായത്തമാക്കാനുളള സഹകരണമാണെന്ന് വില്ലം അലക്‌സാണ്ടര്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ അഭിപ്രായപ്പെട്ടു.

നെതര്‍ലന്റിലെ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 2,35,000 മാണ് ഇതിലും കൂടുതല്‍ ഇന്ത്യാക്കാരുളള ഒന്നാമത്തെ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണ്. ഈ മാസം 15-ന് നെതര്‍ലാന്റില്‍ പഠിച്ച ഇന്ത്യാക്കാരായ 50 പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി രാജാവും രാജ്ഞിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളണ്ട് അവസരം നല്‍കുന്നുണ്ട്.

മുംബൈയില്‍ സംഘടിപ്പിച്ച 400 വര്‍ഷത്തെ ഇന്ത്യ-ഡച്ച് സഹകരണത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പ്രദര്‍ശനം രാജാവും പത്‌നിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാര സന്ദര്‍ശനമായിരുന്നു രാജദമ്പതിമാരുടെ അവസാനത്തെ പരിപാടി. ഈ സന്ദര്‍ശനം ഇന്ത്യ-നെതര്‍ലന്റ് ബന്ധത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് പ്രത്യാശിക്കുന്നു.



തയ്യാറാക്കിയത് : പ്രൊഫ.ഉമ്മു സല്‍മാ ബാവ,
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി
സെന്റര്‍ ഫോര്‍ യൂറോപ്യന്‍ സ്റ്റഡീസ്
ചെയര്‍പേഴ്‌സണ്‍.

വിവരണം : ഉദയന്‍ കിളിയന്നൂര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം