എല്‍.പി.ജി ഇറക്കുമതിയില്‍ ഇന്ത്യ-ബംഗ്ലാദേശ് ധാരണാപത്രം
ബംഗ്ലാദേശില്‍ നിന്നും വന്‍തോതില്‍ എല്‍പിജി ഇറക്കുമതിചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായും ഒപ്പുവച്ച ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഒരു നാഴികകല്ലായി മാറി.
ബംഗ്ലാദേശുമായുള്ള ധാരണാപത്രത്തിലൂടെ ത്രിപുരയില്‍ സുഗമമായ എല്‍പിജി വിതരണം ഉറപ്പു വരുത്താനും, ഇരുരാജ്യങ്ങളും അനുഭവിക്കുന്ന വെല്ലുവിളികളെ നേരിടാനും സാധിക്കും.
ഈ സാഹചര്യത്തില്‍, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനത്തേക്കുള്ള എല്‍പിജി ഇറക്കുമതി, വര്‍ഷം മുഴുവനും എല്‍പിജി വിതരണം ഉറപ്പാക്കുകയും ഇതിനുവേണ്ടി ഗതാഗതചെലവും സമയവും ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
നിലവില്‍, ത്രിപുരക്ക് എല്‍പിജി ലഭിക്കുന്നത് ഗുവാഹത്തിയില്‍ നിന്ന് മേഘാലയ വഴിയോ, ബില്‍ചാര്‍ വഴിയോ ആണ്. ഗുവാഹത്തിയില്‍ നിന്നുള്ള എല്‍പിജി ട്രക്കുകള്‍ക്ക് 600 കിലോമീറ്ററോളം മണ്ണിടിച്ചില്‍ സാധ്യതയുള്ള പര്‍വ്വത മേഖലകളിലൂടെ യാത്ര ചെയ്യേണ്ടതായുണ്ട്. മഴക്കാലങ്ങളില്‍ ഇതുമൂലം എല്‍പിജി വിതരണം ദിവസങ്ങളോളം തടസ്സപ്പെടാറുമുണ്ട്.
പുതിയ സംരംഭത്തിലൂടെ ബംഗ്ലാദേശില്‍ നിന്നും എല്‍പിജി അതിവേഗത്തില്‍ ത്രിപുരയില്‍ എത്തിക്കാനകും. ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തില്‍ നിന്ന് പടിഞ്ഞാറന്‍ ത്രിപുരയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ട്‌ലിങ്ങ് പ്ലാന്റിലേക്ക് 120 കി.മീറ്റര്‍ യാത്രാദൂരം മാത്രമാണുള്ളത്. ശ്രീ.നരേന്ദ്രമോദിയും, ശ്രീമതി.ഹസീനയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം ഇതിലൂടെ അടിവരയിട്ട് വ്യക്തമാക്കുന്നതായി കണക്കാക്കാം.
ബംഗ്ലാദേശിലെ രണ്ട് എല്‍പിജി കമ്പനികള്‍ എല്‍പിജി കയറ്റുമതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇവയുടെ ബോട്ട്‌ലിങ്ങും വിപണനവും ഉറപ്പാക്കും. ബംഗ്ലാദേശുമായുള്ള ഈ ധാരണാപത്രം ദീര്‍ഘകാലത്തേക്ക് ഉള്ള എല്‍പിജി ഇറക്കുമതിക്ക് പ്രാധാന്യം നല്‍കുന്നു. നിലവില്‍ ഇന്ത്യക്ക് പടിഞ്ഞാറന്‍ തീരമേഖലയിലാണ് എണ്ണ, വാതക ഇറക്കുമതിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളത്. ഇന്ത്യ ബംഗ്ലാദേശ് കരാറിലൂടെ ഗ്യാസ്, ഇന്ധനം എന്നിവ ഇതുവരെ എത്താത്ത പ്രദേശങ്ങളിലേക്കും വിതരണം ഉറപ്പാക്കാനാകും.
എല്‍പിജിയുടെ കയറ്റുമതി നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും അതുവഴി പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കൈവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സാന്നിധ്യത്തില്‍ ശ്രീ.നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എല്‍പിജി കയറ്റുമതി ചെയ്യാന്‍ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് ധാരണാപത്രം തയ്യാറാക്കിയത്. ചിറ്റഗോംഗ് തുറമുഖത്തിനടുത്ത് ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി ആയിരം ഏക്കര്‍ സ്ഥലം ബംഗ്ലാദേശ് ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അഖൗറ വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ധാരണയായി. ഫെനി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള റോഡ് ഗതാഗതവും വിപുലീകരിക്കപ്പെടും.
പ്രകൃതി വാതക കയറ്റുമതിയിലെ കുതിച്ചുചാട്ടം നല്ല അയല്‍രാജ്യങ്ങള്‍ എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ബംഗ്ലാദേശില്‍ എണ്ണ ശുദ്ധീകരണ ശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ പ്രകൃതി വാതക-പെട്രോളിയം ശേഖരം ബംഗ്ലാദേശ് സമുദ്ര മേഖലയിലാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ ബംഗ്ലാദേശിന് മേഖലയിലെ പ്രധാന പെട്രോളിയം ഉല്‍പാദക രാജ്യമായി മാറാന്‍ സാധിക്കും.
ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം ഉയര്‍ന്ന നിലയിലുള്ള പരസ്പര സഹകരണത്തെയും മാനുഷിക മൂല്യങ്ങളെയും, സാംസ്‌കാരിക പങ്കാളിത്തത്തെയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒന്‍പത് ബില്ല്യണ്‍ യു.എസ്.ഡോളറില്‍ നിന്നും 10.46 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്യാസ് ഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത പദ്ധതികള്‍ക്കും ഇരു രാജ്യങ്ങളും രൂപം നല്‍കി വരികയാണ്.
പ്രകൃതി വാതകം ബംഗ്ലാദേശില്‍ നിന്നും പൈപ്പ് ലൈനിലൂടെ വടക്ക്-കിഴക്കന്‍ ഇന്ത്യയിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2040 ഓടെ ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം ഇരട്ടി ആകുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. പരമാവധി പ്രയോജനപ്പെടുത്തിയാല്‍ പെട്രോളിയം വാതക കയറ്റുമതിയില്‍ കൂടുതല്‍ വിജയം കൈവരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും.
തയ്യാറാക്കിയത് : ദീപന്‍കാര്‍ ചക്രബര്‍ത്തി
സ്റ്റേറ്റ്‌സ്മാന്‍ പ്രത്യേക പ്രതിനിധി
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment