ആര്‍.സി.ഇ.പി. ചര്‍ച്ചകളില്‍ കര്‍ശന നിലപാടുമായി ഇന്ത്യ

നവംബര്‍ രണ്ട് മുതല്‍ നാല് വരെ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിക്കും അനുബന്ധ യോഗങ്ങള്‍ക്കും മുമ്പു തന്നെ മേഖലയിലെ സമഗ്ര സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് അഥവാ ആര്‍.സി.ഇ.പി. യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020 ജൂണില്‍ ഔപചാരികമായി ഉടമ്പടി ഒപ്പുവയ്ക്കാന്‍ ഇതു വഴിയൊരുക്കും. ബാങ്കോക്കില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുകയാണ്. ആര്‍.സി.ഇ.പി. കരാറാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. ആസിയാന്‍ അംഗങ്ങളായ 10 രാജ്യങ്ങളും ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ചൈന എന്നീ ആറ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ 2012 നവംബറിലാണ് ആരംഭിച്ചത്. ആസിയാന്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ ഏഴുവര്‍ഷമായി ബഹുമുഖ ചര്‍ച്ചകള്‍ നടന്നുവരികയുമായിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ അവസാനത്തേതായിരുന്നു കഴിഞ്ഞ ആഴ്ച ബാങ്കോക്കില്‍ നടന്നത്. 80 ശതമാനത്തിലധികം കാര്യങ്ങളില്‍ സമവായമായതായാണ് സൂചനകള്‍. ചരക്ക്, സേവന, നിക്ഷേപ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ 225 ല്‍ 185 വിഷയങ്ങളിലുമുള്ള കരാറുകള്‍ക്ക് അന്തിമ രൂപമായിട്ടുണ്ട്.

ആസിയാനും സഖ്യരാഷ്ട്രങ്ങളുമായി നടക്കുന്ന സാമ്പത്തിക സഹകരണ ചര്‍ച്ചകളാല്‍ ആര്‍.സി.ഇ.പി. നാഴികക്കല്ലായി മാറുകയാണ്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലും സുപ്രധാന സ്ഥാനമാണ് ആര്‍.സി.ഇ.പി.ക്കുള്ളത്. മേഖലാ വ്യാപാരത്തിലുള്ള തടസ്സങ്ങള്‍ നീക്കി സുഗമവും തടസ്സമില്ലാത്തതുമായ വ്യാപാരം രാജ്യങ്ങള്‍ തമ്മില്‍ ഉറപ്പാക്കാന്‍ ആര്‍.സി.ഇ.പി. ക്ക് സാധിക്കും.

ഇതുവരെ നടന്ന ചര്‍ച്ചകള്‍ ശുഭപരിസമാപ്തിയിലെത്താതിരിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. വിപണി തുറന്നു കൊടുക്കാനുള്ള വൈമനസ്യവും ചില ഉത്പന്നങ്ങള്‍ക്ക് ഉണ്ടായിരുന്ന സംരക്ഷണവും ആയിരുന്നു പ്രധാന കാരണങ്ങള്‍. ആര്‍.സി.ഇ.പി. ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള മന്ത്രിതല ചര്‍ച്ചകളിലൂടെ പ്രധാനപ്പെട്ട എട്ട് വിഷയങ്ങളില്‍ സമവായമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തര്‍ക്കപരിഹാര സംവിധാനം, ഇ-കൊമേഴ്‌സ്, റൂള്‍സ് ഓഫ് ഒറിജിന്‍ എന്നീ വിഷയങ്ങളിലായിരുന്നു ഇന്ത്യ ആശങ്ക വ്യക്തമാക്കിയിരുന്നത്.

വാണിജ്യമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് ബാങ്കോക്ക് ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഈ ചര്‍ച്ചകളിലൂടെ പ്രധാന തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കണ്ടെത്താനായിട്ടില്ല. സംയുക്ത പ്രസ്താവനയിലും സമവായമുണ്ടാക്കാനായിരുന്നില്ല.

മേഖല വാണിജ്യ സഹകരണത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കാനായി ഇരു ഭാഗത്തിനും യോജിക്കാവുന്ന പരിഹാരത്തിനായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു. ഇന്ത്യന്‍ വിപണി തടസ്സങ്ങളില്ലാത ചൈനയ്ക്ക് തുറന്നു കൊടുക്കേണ്ടിവരുമെന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. അമേരിക്കയുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈന ആര്‍.സി.ഇ.പി. കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഇത് ചൈനയുടെ വ്യാപാര സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ഇന്ത്യ, വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സംരക്ഷിച്ചിരിക്കുന്ന മേഖലകളില്‍ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ചൈനയ്ക്ക് പ്രവേശിക്കാനാകും. ഇപ്പോള്‍ത്തന്നെ 50 ബില്യണ്‍ യു.എസ്. ഡോളര്‍ വ്യാപാരക്കമ്മിയാണ് ചൈനയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കാം എന്നതാണ് ചൈനയുടെ വാഗ്ദാനം. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി പാലുല്പന്ന വ്യവസായങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നു പശുവിനെയും പാലിനെയും ആശ്രയിച്ചു ജീവനോപാധി കണ്ടെത്തുന്ന ഇന്ത്യന്‍ ഗ്രാമീണ ജനതയ്ക്ക് വെല്ലുവിളി ഉയരും. ഡാറ്റാ ലോക്കലൈസേഷന്‍, റൂള്‍സ് ഓഫ് ഒറിജിന്‍ എന്നിവയില്‍ സജീവമായ ചര്‍ച്ചകള്‍ ഇന്ത്യ നടത്തുന്നത് അതുകൊണ്ടാണ്. ഏതെങ്കിലും ഒരു രാജ്യം ഒരു ഉത്പന്നം അമിതമായി മറ്റൊരു രാജ്യത്തിന്റെ വിപണിയില്‍ നിറയ്ക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.

ആശങ്കകള്‍ പരിഹരിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയാല്‍ ആര്‍.സി.ഇ.പി. കരാര്‍ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെയും സമ്പദ്‌വ്യവസ്ഥയിലെയും ദുര്‍ബലരുടെ സംരക്ഷണമാണ് ഇന്ത്യയുടെ ആവശ്യം.

കര്‍ഷകരും, ചെറുകിട കച്ചവടക്കാരും, ചെറുകിട വ്യവസായികളും സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്തതാണ്. സ്വദേശി വ്യവസായവും ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യവും സംരക്ഷിച്ചു കൊണ്ട് മാത്രമാകും കരാറില്‍ ഒപ്പുവയ്ക്കുക എന്ന നിലപാട് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സേവന - നിക്ഷേപ രംഗങ്ങളിലും രാജ്യതാല്പര്യത്തിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ബഹുരാജ്യ മേഖലാ സാമ്പത്തിക സഹകരണത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്.



തയ്യാറാക്കിയത് : ഡോ.രാഹുല്‍ മിശ്ര,

ദക്ഷിണേഷ്യ കാര്യങ്ങളിലെ വിദഗ്ദ്ധന്‍.

വിവരണം : രഞ്ജിത്ത് പി

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം