ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാട് - ഇന്ത്യ-യു.എസ്. സ്ട്രാറ്റജിക് ഫോറത്തിന്റെ സ്ഥിരീകരണം.

ഇന്ത്യ-യു.എസ്. തന്ത്രപരമായ സഖ്യത്തിന്റെ രണ്ടാമത് സമ്മേളനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ യു.എസ്. സന്ദശനവേളയില്‍ വിശദീകരിച്ചിരുന്നു. യു.എസ്സില്‍ നിന്നുള്ള പ്രതിനിധി സംഘം അംഗങ്ങള്‍ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

മികച്ച കോര്‍പ്പറേറ്റ് സി.ഇ.ഒ. മാരും മുന്‍നിര നയതന്ത്ര ഉദ്യോഗസ്ഥരും അടങ്ങുന്ന ഫോറം ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷം ലോകത്തിന്റെ അടുത്ത 25 വര്‍ഷത്തെ നിര്‍വചിക്കുമെന്ന് അഭിപ്രായപ്പട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രതിനിധികള്‍ അനുമോദിച്ചു. ഫോറത്തിന്റെ നേതൃത്വം വഹിക്കുന്നത് ജോണ്‍ ചേമ്പേഴ്‌സാണ്. ശീതയുദ്ധ കാലഘട്ടത്തിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഹെന്റി കിസിംഗര്‍, മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്, മുന്‍നിര കോര്‍പ്പറേറ്റുകളുടെ 300 ഓളം
സി.ഇ.ഒ മാര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് പ്രതിനിധി സംഘം.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യയും യു.എസ്സും തമ്മിലുള്ള ബന്ധം ഗുണപരമായി വികസിച്ചുകൊണ്ടിരിക്കുന്നതായി കാണാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം ഏറ്റവും ആരോഗ്യപരമായ രീതിയിലാണ് വികസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 2025 ഓടെ ഉഭയകക്ഷി വ്യാപാരം 238 ബില്യണ്‍ ഡോളറായി ഉയരുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇരു രാജ്യങ്ങള്‍ക്കും യോജിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്താനും ഇന്ത്യ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യു.എസ്സുമായുള്ള പുതിയ വ്യാപാര ഇടപാടുകള്‍ സംബന്ധിച്ച് മന്ത്രി പീയുഷ് ഗോയല്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.

വ്യാപാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തില്‍ വിശദീകരിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ കോര്‍പ്പറേറ്റ് നികുതി സമയബന്ധിതമായി വെട്ടിക്കുറച്ചു. സംരംഭകര്‍ക്കുള്ള അനുയോജ്യമായ സാഹചര്യത്തെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ജനാധിപത്യ സംവിധാനം, മനുഷ്യവിഭവശേഷി, നിര്‍വ്വഹണബുദ്ധി എന്നിവയിലാണ് ഇന്ത്യയുടെ കരുത്തെന്നും ശ്രീ.മോദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദശകങ്ങളില്‍ ഇന്ത്യ-യു.എസ്. വ്യാപാരബന്ധത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. കരാറടിസ്ഥാനത്തിലുള്ള ഉല്പാദന മേഖലയില്‍ രാജ്യത്ത് നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ചൈനയില്‍ വന്‍തോതില്‍ മുതല്‍മുടക്ക് നടത്തിയിട്ടുള്ള നിര്‍മ്മാണ മേഖലയിലെ വന്‍കിട കമ്പനികള്‍ അനുയോജ്യമായ മറ്റൊരു രാജ്യം തെരയുകയാണ്. ചില കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും നിപുണരായ മനുഷ്യശക്തിയും ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ വ്യവസായികള്‍ക്ക് പ്രചോദനമാണ്.

നയതന്ത്രബന്ധത്തില്‍ വ്യാപാരത്തിന്റെ പ്രാധാന്യം വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കര്‍ എടുത്തു പറഞ്ഞിരുന്നു. ഇന്തോ-അമേരിക്കന്‍ വ്യാപാരബന്ധത്തില്‍ ഗുണമേന്മയുള്ള മനുഷ്യ വിഭവശേഷി മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഊര്‍ജ്ജ മേഖലയിലെ അമേരിക്കന്‍ കമ്പനി മേധാവികളുമായി ഹൂസ്റ്റണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഊര്‍ജ്ജ മേഖലയിലെ ഇന്ത്യന്‍ കാഴ്ചപ്പാട് പെട്രോളിയം പ്രകൃതി വാതക വകുപ്പുമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മുന്നോട്ടു വച്ചു. ഇന്ത്യയ്ക്ക് അമേരിക്കയുമായി ഊര്‍ജ്ജ മേഖലയിലുള്ള വ്യാപാരം ഈ വര്‍ഷം 10 ബില്യണ്‍ ഡോളര്‍ കടക്കും. ഭാവിയില്‍ ഈ മേഖലയില്‍ ഏഷ്യയില്‍ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തെ മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. അമേരിക്കയില്‍ നിന്നുള്ള പ്രകൃതിവാതകം ഇന്ത്യ നേരത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുള്ള ഗവണ്‍മെന്റ് പ്രതിനിധികളുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഒരു വ്യാപാര ബന്ധത്തിന്റെ തുടക്കമാണിത്.



തയ്യാറാക്കിയത് : മനീഷ് ആനന്ദ്,

പ്രത്യേക ലേഖകന്‍, ദ് ന്യൂ ഇന്ത്യന്‍
എക്‌സ്പ്രസ്സ്.

വിവരണം : ഉദയകുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം