പാകിസ്ഥാനിലെ പിന്നാക്ക സമുദായങ്ങളോടുള്ള പീഠനം അമേരിക്കയുടെഉത്കണ്ഠ

പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ എണ്ണം ഭയാനകമാംവിധം കുറയുന്നു. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകൃതമാകുന്ന സമയത്ത്, രാജ്യത്ത് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധിസ്റ്റ് എന്നീ മത ന്യൂനപക്ഷങ്ങള്‍ 28% ഉണ്ടായിരുന്നു. പൂര്‍വ്വ പാകിസ്ഥാനില്‍ അന്നത്തെ ഹിന്ദുക്കള്‍ ഏതാണ്ട് 22% ആയിരുന്നു. പക്ഷെ ഇന്ന് പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ആകെ 4% മാത്രമാണ്.
പാകിസ്ഥാന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന പാകിസ്ഥാനെ ഒരു മതേതര രാജ്യമായാണ് സ്വപ്നം കണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ പാകിസ്ഥാന്‍ മത മൗലികവാദികള്‍ ഒരു മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. 1980 ഓട്കൂടി പ്രസിഡന്റ് സിയ-ഉള്‍-ഹക്കിന്റെ നേതൃത്വത്തില്‍ ഒരു മത രാഷ്ട്രമായി പാകിസ്ഥാന്‍ മാറുകയായിരുന്നു. പഴഞ്ചന്‍ നിയമങ്ങളും ബാലിശമായ ശിക്ഷാരീതികളും മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കി.
പാകിസ്ഥാനില്‍ മത വിശ്വാസത്തിന്റെ പേരിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളിലും വിവേചനങ്ങളിലും അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുംവിധം നിയമവാഴ്ചയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇംമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു. അമേരിക്കയിലെ ദക്ഷിണ-മധ്യേഷ്യന്‍ രാജ്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറിയായ ആലിസ് ജി.വെല്‍സ് ഏഷ്യ പസഫിക് സബ് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പില്‍ അന്തര്‍ദേശീയ നാണയ നിധിയുടെ പദ്ധതി പ്രകാരം പാകിസ്ഥാനില്‍ മെച്ചപ്പെട്ട വികസനവും സാമ്പത്തിക ഉന്നമനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജനാധിപത്യ സംവിധാനത്തോടൊപ്പം മുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തി നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്ത കാലത്തായി പാകിസ്ഥാനില്‍ പൗരസമൂഹത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള ഇടം ചുരുങ്ങി വരുന്നതായാണ് കാണുന്നത്. മുമ്പത്തേക്കാളും മാധ്യമസ്വാതന്ത്ര്യത്തിന് നേരെ ഭീഷണി, അതിക്രമം എന്നിവ വര്‍ദ്ധിക്കുന്നു.
പാകിസ്ഥാന്‍ ഗവണ്‍മെന്റ് നിയമവാഴ്ച ഉയര്‍ത്തിപിടിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആലിസ് ജി. വെല്‍സ് അഭിപ്രായപ്പെടുന്നു. സുരക്ഷാ സംവിധാനങ്ങളേയും നേതൃത്വങ്ങളെയും വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണ് അന്താരാഷ്ട്ര ഗവണ്‍മെന്റിതര സംഘടനകളുടെ രജിസ്‌ട്രേഷന്‍ നയത്തില്‍ രാജ്യാന്തര സമൂഹം ഉത്കണ്ഠ അറിയിച്ചിട്ടുള്ളതാണ്. ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തനം പാക് ജനതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്.
പാകിസ്ഥാനിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ പൗരസമൂഹ സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മതമേധാവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവരുമായി അമേരിക്ക നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ ആക്ടിംഗ് സെക്രട്ടറി പറഞ്ഞു. ലഷ്‌കര്‍-ഇ-ജാങ്ക്‌വി, തെഹ്‌രീക്-ഇ-താലിബാന്‍ എന്നീ സംഘടനകളുടെ ഭീഷണി തടയാനുള്ള നടപടി പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആലിസ് ജി. വെല്‍സ് പറഞ്ഞു.
2018 ഒക്‌ടോബറിലെ പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ സ്വന്തം ഉത്തരവ് 2019 ജനുവരിയില്‍ ശരിവച്ചതോടെ ദൈവനിന്ദയുടെ പേരില്‍ കുറ്റാരോപിതയായ വനിതയ്ക്ക് രാജ്യത്ത് നിന്നും സുരക്ഷിതമായി വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞു. ഈ ഉത്തരവിനെതിരായി മത മൗലികവാദികള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കോടതിയുടെ ഈ ഉത്തരവിനെ ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നു. പാക് ഭരണഘടന അനുസരിച്ചാണ് വിധി എന്നാണ് ഇമ്രാന്‍ഖാന്‍ പറഞ്ഞത്. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഷിയ, അഹമ്മദീയ എന്നിവയിലെ അംഗങ്ങള്‍ക്കെതിരെയുള്ള വിവേചനം പാകിസ്ഥാന്‍ നിയമങ്ങളും ചട്ടങ്ങളും തുടരുകയാണ്.
പാകിസ്ഥാന്‍ ദൈവനിന്ദയുമായി ബന്ധപ്പെട്ട നിയമം ശക്തമാക്കുന്നതിനാല്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് മരണ ശിക്ഷയോ ജീവപര്യന്തം തടവോ ആണ് ലഭിക്കുന്നത്. ദൈവനിന്ദ ആരോപണവുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാണ്.
അമേരിക്കന്‍ അന്തര്‍ ദേശീയ മത സ്വാതന്ത്ര്യ നിയമം 2018 അനുസരിച്ച് പാകിസ്ഥാനിലെ സ്ഥിതി കണക്കിലെടുത്ത് 'പ്രത്യേക ഉത്കണ്ഠ ഉളവാക്കുന്ന രാജ്യം' എന്ന പദവി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

തയ്യാറാക്കിയത് : കൗശിക്‌റോയ്,
ആകാശവാണി, വാര്‍ത്താവിശകലന വിദഗ്ദ്ധന്‍
വിവരണം :സുലൈമാന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം